കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നാളെ അടിയന്തരയോഗം

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, September 24, 2020

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ജില്ലയില്‍ നാളെ അടിയന്തരയോഗം. മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് തിരുവനന്തപുരത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് കോഴിക്കോടാണ്.

കോഴിക്കോട് 883 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം 875 ആണ്. സംസ്ഥാനത്താകെ ഇന്ന് രോഗികളുടെ എണ്ണം ആറായിരം കടന്നു. 6324 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ഇന്ന് ഒന്നര ലക്ഷം കവിഞ്ഞു.

ഇതുവരെയുളളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന സാമ്പിള്‍ പരിശോധനയാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഉണ്ടായത്. 54,989 . ഇതിലെ 6324ഉം പോസിറ്റീവ് ആയതോടെ പ്രതിദിന രോഗീനിരക്കും ഏറ്റവും ഉയര്‍ന്ന സംഖ്യയിലെത്തി. 21 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 613 ല്‍ എത്തി.

×