ജലീൽ നിയമ ലംഘനം സ്വഭാവമാക്കുന്നു ! നുണ പറയാനും മടിയില്ലാത്ത ഈ മന്ത്രി മതത്തെ മറയാക്കി അഴിമതി നടത്തുന്നു – ഡോ. കെഎസ് രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്…

സത്യം ഡെസ്ക്
Tuesday, November 10, 2020

നിയമ ലംഘനം മന്ത്രി ജലീലിൻറെ സ്വഭാവമാണ്. അദ്ദേഹത്തിന് അല്ലാഹുവിന്റെ നിയമത്തിലേ വിശ്വാസമുള്ളൂ. ഇന്ത്യൻ ഭരണഘടനയിൽ അദ്ദേഹത്തിന് തീരെ വിശ്വാസമില്ല. അതുകൊണ്ടു തന്നെ അദ്ദേഹം നമ്മുടെ രാജ്യത്തെ നിയമവും ചട്ടവും അനുസരിക്കാറുമില്ല. താൻ ആ നിയമങ്ങൾക്കെല്ലാം അതീതനാണ് എന്നാണ് അദ്ദേഹത്തിൻറെ വിശ്വാസം.

സിമിയിൽ നിന്നും മുസ്ലീംലീഗിൽ എത്തിയ ജലീൽ, ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലാണ് നില ഉറപ്പിച്ചത്. കെ. എം. ഷാജിയും ടി. ടി. ഇസ്മായിലും ജലീലും ഉറ്റ ചങ്ങാതിമാരായിരുന്നു എന്ന് മാത്രമല്ല മൂന്ന് പേർക്കും പങ്കു കച്ചവടവും ഉണ്ടായിരുന്നു.

ഇപ്പോൾ മൂന്ന് പേരും, വിധി വൈപരീത്യം കൊണ്ടാകാം, ഇ ഡി യുടെ മുന്നിൽ തെളിവ് നൽകിക്കൊണ്ടിരിക്കുന്നു. പക്ഷേ, കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയുടെ നേതാവ് മുനീർ സഹിബായിരുന്നു.

ആത്‌മീയ നേതൃത്വം നൽകിയത് ഇ ടി മുഹമ്മദ് ബഷീറും. കുറ്റിപ്പുറത്തു കുഞ്ഞാലിക്കുട്ടിയെ കമഴ്ത്തിയടിച്ചുകൊണ്ടാണ് ജലീൽ ഇടതിന് ഇഷ്ടക്കാരനായി മാറിയത്. പിണറായിയുടെ ഇഷ്ടക്കാരനായതോടെ മന്ത്രി സ്ഥാനവും കിട്ടി.

മന്ത്രിയായതിനു ശേഷം നിയമ ലംഘനത്തിനാണ് മന്ത്രി പ്രാമുഖ്യം നൽകിയത്. വെറുതെ പറയുന്നതല്ല, ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു. സർവകലാശാലകളുടെ ഭരണാധിപൻ വൈസ് ചാൻസലർ ആണ്. മേൽനോട്ടം ചാൻസലർകും. വകുപ്പ് മന്ത്രി പ്രൊ ചാൻസലറാണ്.

സർവകലാശല ഭരണത്തിൽ മന്ത്രിക്കു ഒരുപങ്കുമില്ല. സ്വയം ഭരണാധികാരമുള്ള കലാശാലയിൽ ഒരു അലങ്കാര പദവി മാത്രമാണ് മന്ത്രിക്കുള്ളത്. പരീക്ഷാ കോൺട്രോളറാണ് പരീക്ഷയുടെ ഉത്തരവാദി.

ഉത്തരക്കടലാസ് നോക്കി മാർക്കുനൽകാൻ പരീക്ഷകർക്കു ‌ മാത്രമാണ് അധികാരം. പരീക്ഷകർ എന്നാൽ ഉത്തരക്കടലാസ് പരിശോധകൻ, മുഖ്യപരിശോധകൻ, പരീക്ഷാ ബോർഡ് അധ്യക്ഷൻ എന്നാണ് അർഥം. ഇവർക്കു മാത്രമേ മാർക്കു നല്കാൻ അധികാരമുള്ളൂ.

എന്നാൽ മന്ത്രി ജലീൽ സ്വന്തം നിലയിൽ അദാലത്തു വിളിച്ചു ചേർത്ത് തന്റെ ഇഷ്ടക്കാരായ വിദ്യാർത്ഥികൾക്ക് മാർക്കു നല്കാൻ ഉത്തരവിട്ടു. പാദസേവകരായ കലാശാല അധികാരികൾ മന്ത്രിയുടെ ആജ്ഞ അനുസരിക്കുകയും ചെയ്തു.

സംഗതി വിവാദമാകുകയും ഗവർണർ ഇടപെടുകയും ചെയ്തപ്പോൾ ഉത്തരവ് പിൻവലിച്ചു മന്ത്രി തടി തപ്പി. മാർക്കു കുറഞ്ഞതിന്റെ പേരിൽ മനോ ദുഃഖം അനുഭവിച്ചിരുന്ന വിദ്യാർത്ഥികളെ സഹായിക്കുകയായിരുന്നു ഈ ഹീനകൃത്യം എന്നുപറഞ്ഞാണ് ഈ തണ്ടു തപ്പി, ഈ പാപവൃത്തിക്ക് ന്യായീകരണം കണ്ടെത്തിയത്.

കോളേജ് അധ്യാപകൻ ആയിരുന്ന മന്ത്രിയാണ് ഈ മഹാപാപം ചെയ്തത് എന്നും ഓർക്കണം. മാർക്കു പവിത്രമായ ഒന്നായിട്ടാണ് പരീക്ഷകർ കരുതുന്നത്. അത് അർഹിക്കുന്നവന് കൊടുക്കാതിരിക്കുകയും അനർഹർക്ക് കൊടുക്കുകയും ചെയ്യുന്നത് ദൈവത്തോട് ചെയ്യുന്ന തെറ്റായിട്ടാണ് വിവരവും വിവേകവും ഉള്ളവർ കരുതുന്നത്. ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം ഗവർണർ നൽകിയില്ല എന്നത് ഖേദകരമാണ്.

ഒരു വിദേശ രാജ്യവുമായി ഒരു സംസ്ഥന സർക്കാരിന് ബന്ധപ്പെടണമെങ്കിൽ നമ്മുടെ രാജ്യത്തു ചില നിയമങ്ങൾ ഉണ്ട്. യു എ ഇ മുസ്ലിം രാജ്യമായതു കൊണ്ടും അല്ലാഹുവിൻറെ നിയമത്തിനു പ്രാമുഖ്യം നൽകുന്നത് കൊണ്ടുമാകാം ആ നിയമം അനുസരിക്കാൻ ജലീൽ കൂട്ടാക്കിയില്ല.

ചട്ടം ലംഘിച്ചുകൊണ്ട് പലവട്ടം മന്ത്രി യു എ ഇ കോൺസലിൽ എത്തി. പലതും അവിടെ നിന്നും ഇരന്നു വാങ്ങി. അക്കൂട്ടത്തിൽ ഈന്ത പഴവും ഖുർ-ആനും ഉൾപെടും. മന്ത്രിയുടെ വാദം രണ്ടും സക്കാത്തു ആണെന്നാണ്.

സത്യം തൻ്റെ ജനതക്കും തനിക്കും എതിരാണ് എങ്കിലും സത്യത്തിനു വേണ്ടി നിൽക്കണം എന്നാണ് ഖുർ-ആൻ പറയുന്നത്. ഇരന്നു വാങ്ങി നൽകേണ്ടതല്ല സക്കാത്ത്. അവനവൻ അധ്വാനിച്ചുണ്ടാക്കുന്നതിൽ നിന്നും നൽകേണ്ടതാണ് സക്കാത്ത്. ഇത് അറിയാത്ത ആളല്ല മന്ത്രി. കളവാണ് മന്ത്രി പറഞ്ഞത്. സ്വർണ/ഹവാല കടത്തിന് മറയായി ഖുർ-ആനെ പോലും ഉപയോഗിക്കാൻ ഈ മാന്യൻ മടിക്കുന്നില്ല.

സർക്കാർ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കോ മത പ്രചാരണത്തിനോ ഉപയോഗിക്കാൻ പാടില്ല എന്നത് നിയമമാണ്. ആ നിയമം ലംഘിച്ചു കൊണ്ടാണ് ഖുർ-ആൻ കടത്തുന്നതിനായി സി ആപ്റ്റിൻറെ വാഹനം ഉപയോഗിച്ചത്.

എന്തിനാണ് മന്ത്രി അങ്ങ് കോഴിക്കോടുള്ള ഒരു മത സ്ഥാപനത്തിൽ ഖുർ-ആൻ വണ്ടി എത്തിച്ചത്? അവിടെ നൽകിയത് ഖുർ-ആൻ ആയിരുന്നോ അതോ ഹവാലപ്പണമോ, സ്വർണമോ ആയിരുന്നോ?

മതം മറയാക്കി രാജ്യദ്രോഹം ചെയ്യാനാണ് അങ്ങ് ശ്രമിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ അങ്ങ് നിഷേധിക്കുമോ? നുണ പറയാനും മടിയില്ലാത്ത ഈ മന്ത്രി മതത്തെ മറയാക്കി അഴിമതി നടത്തുന്നു.

×