ഗണ്‍മാന്റെ ഫോണിലുള്ളത് ജലീലിനുള്ള കുരുക്കോ ? മന്ത്രി കെടി ജലീലിനെ കസ്റ്റംസും ഇഡിയും അടുത്തയാഴ്ച ചോദ്യം ചെയ്യും; ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യളേറെ!  മന്ത്രിയുടെ ഗണ്‍മാന്‍ പ്രതീഷിന്റെ ഫോണ്‍ വിശദമായി പരിശോധിച്ച് കസ്റ്റംസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 18, 2020

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്ച കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ജലീലിനെ ചോദ്യം ചെയ്യുക. ജലീലിനെതിരെ ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

നേരത്തെ ചോദ്യം ചെയ്യലിനിടെ കെ ടി ജലീല്‍ നല്‍കിയ വിശദീകരണത്തില്‍ പല പൊരുത്തക്കേടുകളും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യാനുള്ള നീക്കം. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രി നല്‍കിയ വിവരങ്ങളിലും വൈരുധ്യമുണ്ടെന്ന് ഇ.ഡി കണ്ടെത്തി. പുതിയ ഘട്ടത്തില്‍ ഇഡിക്ക് പുറമെ കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യും.

സ്വപ്നയുമായും യുഎഇ കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ആശയവിനിമയം ഗണ്‍മാന്റെ ഫോണ്‍ വഴിയാണ് നടത്തിയതെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണില്‍ വിവിധ സിംകാര്‍ഡുകള്‍ ഇക്കാലത്ത് മാറിമാറി ഉപയോഗിച്ചിട്ടുണ്ട്.

ഈ സിം ഉപയോഗിച്ച് ചില സന്ദേശങ്ങള്‍ കൈമാറിയതിനും നീണ്ട ഫോണ്‍വിളികള്‍ നടന്നതായും കണ്ടെത്തി. മന്ത്രി ഗണ്‍മാന്റെ ഫോണ്‍ ഉപയോഗിച്ചതാണെന്നാണ് ലഭിക്കുന്ന സൂചന. മന്ത്രിയുടെ ഔദ്യോഗിക ഫോണിനുപുറമേ അനൗദ്യോഗിക കാര്യങ്ങള്‍ക്ക് ഗണ്‍മാന്റെ ഫോണായിരുന്നു മന്ത്രി ഉപയോഗിച്ചത്.

ഗണ്‍മാന്റെ ഫോണില്‍ നിന്നും ചില സംശയ നിഴലിലുള്ള വ്യവസായികളിലേക്കും കോളുകള്‍ പോയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതീഷിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവും സ്വപ്നയെ വിളിച്ചിരുന്നതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.

×