‘സുന്ദരിമാരായ നായികമാരെ പൊക്കാന്‍ പോലും പറ്റില്ല, പത്ത് വർഷമായുള്ള വേദന’; രണ്ട് മാസം കൊണ്ട് ചാക്കോച്ചനുണ്ടായ മാറ്റം

ഫിലിം ഡസ്ക്
Monday, September 14, 2020

പത്ത് വര്‍ഷമായി തന്നെ ബുദ്ധിമുട്ടിച്ച തോള് വേദനയില്‍ നിന്ന് മുക്തനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. പുഷ് അപ്പ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്. കൃത്യമായ വര്‍ക്കൗട്ടിലൂടെയാണ് ചാക്കോച്ചന്‍ തന്റെ വേദനയ്ക്ക് പരിഹാരം കണ്ടത്.

തോള്‍ വേദനയെത്തുടര്‍ന്ന് ബാഡ്മിന്റണും ക്രിക്കറ്റുമെല്ലാം കളിക്കാന്‍ സാധിക്കാതെയായെന്നും സിനിമയില്‍ തന്റെ നായികമാരെ പൊക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും താരം പറയുന്നു.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് വായിക്കാം

നീണ്ട നാളത്തെ എന്റെ സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. ഏകദേശം പത്ത് വര്‍ഷത്തോളമായി എന്റെ രണ്ട് തോളുകളിലും കാര്യമായി പ്രശ്‌നമുണ്ടായിരുന്നു. പ്രത്യേകിച്ച് വലതു തോളില്‍. ലിഗ്മെന്റിലുണ്ടാകുന്ന പ്രശ്‌നം എന്നെ ഒരു പതിറ്റാണ്ട് ബുദ്ധിമുട്ടിച്ചു. വലതു കൈ ഉയര്‍ത്താന്‍ എനിക്ക് ചില ദിവസങ്ങളില്‍ ഇടതു കൈ വേണ്ടിവന്നു.

ബാഡ്മിന്റണും ക്രിക്കറ്റും കളിക്കാതെ ദിവസങ്ങളോളും ഇരുന്നു. ഏറ്റവും മോശം കാര്യം എന്തെന്നാല്‍ എന്റെ സുന്ദരിമാരായ നായികമാരെ പാട്ടിനിടയില്‍ ഉയര്‍ത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. തമാശ എല്ലാം മാറ്റിവെച്ചാല്‍, ഈ വര്‍ഷങ്ങളില്‍ എനിക്ക് കൃത്യമായ പുഷ്അപ്പ് ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം കൂടെ നിന്ന എന്റെ ഓര്‍ത്തോ ഡോക്ടര്‍ മാമന്‍ അലക്‌സാണ്ടറിന് നന്ദി പറയുന്നു. അനാവശ്യമായി അദ്ദേഹം എനിക്ക് മരുന്നു നല്‍കിയില്ല. അദ്ദേഹമാണ് എനിക്ക് രോഗമുക്തിയുടെ മാന്ത്രിക സ്പര്‍ശം നല്‍കിയത്.

എന്റെ പേഴ്‌സണല്‍ ട്രെയിനര്‍ ഷൈജു അഗസ്റ്റിനും പ്രത്യേക നന്ദി. എന്നില്‍ വിശ്വസിക്കാനും എന്റെ സ്വപ്‌നം മനസിലാക്കാനും സഹായിച്ചതിന്. ഞാന്‍ ഒരിക്കലും ഒരു ജിം ടൈപ്പ് ഗയ് അല്ല. ദിവസവും ജിമ്മില്‍ പോകുന്നത് മടുപ്പുമാണ്. എന്നാല്‍ എന്നെ പ്രോത്സാഹിപ്പിക്കാനും എന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ശ്രദ്ധ നല്‍കാനും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹമുണ്ടായിരുന്നു.

ഇങ്ങനെ എന്നെ മാറ്റിയെടുക്കാന്‍ രണ്ട് മാസം മാത്രമാണ് അവന് എടുത്തത്. ഈ വിഡിയോ പലര്‍ക്കും വളരെ എളുപ്പമായി തോന്നാം. പക്ഷേ ഞാന്‍ അനുഭവിക്കുന്ന കുട്ടികളെപ്പോലുള്ള സന്തോഷം വിലമതിക്കാനാവാത്തതാണ്. ഇത് മറ്റാര്‍ക്കെങ്കിലും ഉപയോഗപ്പെടുമെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാണ്.

×