സ്വാർത്ഥതയുള്ളതും സ്വയ കേന്ദ്രീകൃതവുമായ ജീവിതത്തെ ഉപേക്ഷിച്ച് അർത്ഥവത്തായ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കാലം – റവ. ചാർളി ജോൺസ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, October 17, 2020

കുവൈറ്റ്  : സ്വാർത്ഥതയുള്ളതും സ്വയ കേന്ദ്രീകൃതവുമായ ജീവിതത്തെ ഉപേക്ഷിച്ച് അർത്ഥവത്തായ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കാലഘട്ടമാണിതെന്ന് മാർത്തോമ്മാ യുവജനസഖ്യം മുൻ ജനറൽ സെക്രട്ടറിയും, ബാംഗ്ലൂർ സിറ്റി മാർത്തോമ്മാ ഇടവക വികാരിയുമായ റവ. ചാർളി ജോൺസ് പ്രസ്താവിച്ചു.

കോവിഡ് -19 രോഗവ്യാപനത്തിന്റെ പ്രതികൂല സാഹചര്യങ്ങളിലും, പ്രവർത്തനങ്ങളും പ്രയത്നങ്ങളും പൂർണ്ണതയുള്ളതാവാണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുവൈറ്റ് സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവകയുടെ പത്താമത് വാർഷിക കൺവൻഷനോടനുബന്ധിച്ചുള്ള യുവവേദിയിൽ സൂം ആപ്ലിക്കേഷൻ മുഖേനെ സംസാരിക്കുകയായിരുന്നു റവ. ചാർളി ജോൺസ്.

ജീവിതയാഥാർഥ്യങ്ങളിലേക്ക് തിരിഞ്ഞ് അവസരങ്ങളെ തക്കത്തിൽ വിനിയോഗിക്കാൻ യുവ തലമുറയ്ക്ക് സാധിക്കണം. കോട്ടങ്ങൾ സൃഷ്ടിക്കുന്ന ആഡംബരങ്ങൾക്ക് പിന്നാലെ പോകാതെ പങ്ക് വെയ്ക്കലിന്റെ സംസ്ക്കാരത്തിന് മുൻഗണന നൽകണമെന്ന് റവ. ചാർളി ജോൺസ് പറഞ്ഞു.

ഇടവകയിലെ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന യുവവേദി മീറ്റിംഗിൽ ഇടവക വികാരിയും, യുവജനസഖ്യം പ്രസിഡന്റുമായ റവ. ഷിബു കെ. അധ്യക്ഷത വഹിച്ചു. യുവജനസഖ്യം സെക്രട്ടറി റിലിൻ വർഗീസ് സ്വാഗതവും, ട്രഷറർ എബിൻ തോമസ് കൃതജ്ഞതയും പറഞ്ഞു.

കുവൈറ്റ്‌ സെന്റർ യുവജനസഖ്യം മുൻ സെക്രട്ടറി സിറിൽ ബി. മാത്യു അവതാരകനായിരുന്നു. യുവജനസഖ്യത്തിന്റെ വെർച്ച്വൽ ഗായകസംഘവും, ഫെബാ മാർത്താ എബ്രഹാമും ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. യുവജനസഖ്യം മുൻ വൈസ് പ്രസിഡന്റ്‌ ഷൈനി റോണി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

റവ. ഷിബു കെ. (പ്രസിഡന്റ്‌), ബെൻസൺ ബാബു (വൈസ് പ്രസിഡന്റ്‌), റിലിൻ വർഗീസ് (സെക്രട്ടറി), ഫേബാ അലക്സ്‌ (വനിത സെക്രട്ടറി), എബിൻ തോമസ് (ട്രഷറർ), നിഷാന്ത് കെ. മാത്യു (കൈസ്ഥാന സമിതി അംഗം),  സിറിൽ ബി. മാത്യു, ബിബിൻ ബെഞ്ചമിൻ, ജോയൽ ബൈജു ജോസഫ് (സെന്റർ പ്രതിനിധികൾ) എന്നിവരടങ്ങിയ കമ്മിറ്റി വിവിധ ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി.

×