കുവൈറ്റ്‌ ഒ.ഐ.സി.സി പ്രിയദർശ്ശിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി അക്കിത്തം അനുസ്‌ മരണം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, October 17, 2020

കുവൈറ്റ്‌: കുവൈറ്റ്‌ ഒ.ഐ.സി.സി പ്രിയദർശ്ശിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി അക്കിത്തം അനുസ്‌ മരണം സംഘടിപ്പിച്ചു. വെളളിയാഴ്ച വൈകീട്ട്‌ നടന്ന ഓൺ ലൈൻ അനുസ്‌മരണ പരിപാടി ഒ.ഐ.സി.സി കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്‌ കൃഷ്‌ണൻ കടലുണ്ടിയുടെ അദ്ധ്യക്ഷതയിൽ ഒ.ഐ.സി.സി.നാഷണൽ പ്രസിഡണ്ട്‌ വർഗ്ഗീസ്‌ പുതുക്കുളങ്ങര ഉൽഘാടനം ചെയ്യ്‌തു.

കാൽപ്പനിക വിഷയങ്ങളിൽ ഒതുങ്ങിനിന്ന മലയാള സാഹിത്യത്തിന്‌ മനുഷ്യസ്നേഹത്തിന്റെ സാർവ്വദേശിയമുഖം നൽകിയ കവിയാണ്‌ മഹാകവി അക്കിത്തം എന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു . സ്നേഹമില്ലാത്ത വിപ്ലവവും സ്നേഹമില്ലാത്തരാഷ്ട്രീയവും ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് പറഞ്ഞ അക്കിത്തം കേരളത്തിലെ മറ്റ്‌ സാഹിത്യരചയിതാക്കളിൽ നിന്നും വേറിട്ടവ്യക്തിത്വമാണെന്നും ശ്രീവർഗ്ഗീസ്‌ പുതുക്കുളങ്ങര ഉൽഘാടന പ്രസംഗത്തിൽ കൂട്ടിചേർത്തു.

ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റും സാഹിത്യകാരനുമായ ധർമ്മരാജ്‌ മടപ്പളളി അക്കിത്തം അനുസ്‌ മരണ പ്രഭാഷണം നടത്തി . മലയാള ഭാഷയിൽ കാസറ്റ്‌ കവിതകൾ സജീവമാകുന്നതിനുമുൻപ്‌ ഓരോ മലയാളിയും ആസ്വദിച്ച്‌ പാടിനടന്നവയാണ്‌ അക്കിത്തത്തിന്റെ കവിതകൾ എന്നും ഏതൊരു സാഹിത്യകാരനും വിലയിരുത്തപ്പെടേണ്ടത്‌ അദ്ദേഹത്തിന്റെ സാഹിത്യകൃതികളിലൂടെയാണെന്നും ശ്രീ ധർമ്മരാജ്‌ മടപ്പളളി അനുസ്‌ മരണ പ്രഭാഷണത്തിൽ ചൂണ്ടികാട്ടി .

ചടങ്ങിൽ മാണിചാക്കൊ വയനാട്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു . എ.രാജേഷ്‌ ബാബു , ഹരീഷ്‌ തൃപ്പൂണിത്തുറ , സുലേഖ അജി ,സിദ്ധിഖ്‌ അപ്പക്കൻ ,ലിബിൻ മുഴക്കുന്ന് , ലിബിൻ മാത്യു , ആൻ എലിസബത്ത്‌ മാണി തുടങ്ങിയവർ സംസാരിച്ചു .

×