സംസാരം സംസ്‌കാരമാണ് നാവ് വേലി ചാടുമ്പോള്‍: അഡ്വ. ചാര്‍ളി പോള്‍

സത്യം ഡെസ്ക്
Monday, July 27, 2020

‘കള്ള റാസ്‌കല്‍’, ഇരിക്കടാ അവിടെ, വിടുവായന്മാര്‍, വിടുവായിത്തം, പോക്രിത്തരം കാണിക്കരുത്”
കഴിഞ്ഞദിവസം കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ട വാക്കുകളാണിവ. മൂല്യശോഷണത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ സ്വയം മത്സരിക്കുകയാണ് നമ്മുടെ നിയമസഭ. പൊതുരംഗത്ത് അവരവരുടെ സ്ഥാനവലിപ്പവും സമൂഹം പ്രതീക്ഷിക്കുന്ന അന്തസും ജീവിതത്തിന്റെ പക്വതയും വെടിഞ്ഞ് ചിലര്‍ സ്വന്തം നാവിന്റെ വേലി ചാടുമ്പോള്‍ അതിലെ മാലിന്യം ഈ നാടിന്റെ സംസ്‌കാരത്തെയാകെ മലിനമാക്കുന്നു. സഭ്യതയുടെയും സാമാന്യമര്യാദയുടെയുമെക്കെ അതിരുകള്‍ ലംഘിക്കുന്ന പരാമര്‍ശങ്ങള്‍ ജനപ്രതിനിധിക ളില്‍ നിന്നുണ്ടാകുന്നത് ആര്‍ക്കും ഭൂഷണമല്ല.

നികൃഷ്ടജീവി, നാറി, പരനാറി, പരമനാറി ഇവയെല്ലാം എതിരായ നിലപാടുള്ളവരോട് ഒരു ഭരണാധി
കാരിയുടെ പ്രയോഗഭാഷയായിരുന്നു. പിതൃശൂന്യന്‍ (തന്തയില്ലാത്തവന്‍), ശുംഭന്‍ എന്നിവ മറ്റൊരു
പ്രയോഗമായിരുന്നു. ചെറ്റ, ചെറ്റത്തരം, കോന്തന്‍, തെമ്മാടി, കഴിവുകെട്ടവന്‍, കോപ്പന്‍, ഏഭ്യന്‍, മറ്റെപ്പണി, തെണ്ടിത്തരം, ഒലത്തി, പുളുത്തി, പുണ്ണാക്ക്, ഊളമ്പാറക്കു വിടണം, കൈവെട്ടും, കാല്‍തല്ലിയൊടിക്കും, … ഈ പ്രയോഗങ്ങള്‍ മറ്റൊരു ഭരണാധികാരിയുടെ നാവില്‍ നിന്ന് പലഘട്ടങ്ങളില്‍ പുറത്തുവന്നവയാണ്. അമാന്യവും അശ്ലീലദ്യോതകവും ഭീഷണി നിറഞ്ഞതുമാണീ പ്രയോഗങ്ങള്‍. വൈയക്തിക ശുദ്ധിയെയും മനുഷ്യാന്തസിനേയും അവഹേളിക്കുന്ന ഈ ഭാഷാപ്രയോഗങ്ങളും കൈമുദ്രകളും (ആംഗ്യാഷ) അഹങ്കാരവും അഹന്തയും അശ്ലീലവും നിറഞ്ഞവയാണ്.

വാക്കുകളിലൂടെ വിസര്‍ജ്യം വര്‍ഷിക്കുകയാണിവിടെ. നില മറന്നുള്ള അധികാര ഉന്മാദത്തിന്റെയും
അഹംബോധത്തിന്റെയും ഈ ആഘോഷത്തില്‍ നിന്ദിക്കപ്പെടുകയാണ് പാവം കേരളീയ ജനത.
പറയുന്ന വാക്കിനോടൊപ്പം സ്വഭാവംകൂടി പ്രകടമാകുമെന്നാണ് കമ്മ്യൂണിക്കേഷന്‍ തിയറി. അതുകൊണ്ട്
ഓരോ വാക്കും സൂക്ഷിച്ചുവേണം പ്രയോഗിക്കാന്‍. നാവിന്റെ വിലയും നിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകള്‍ സ്വന്തം മൂല്യം കുറയ്ക്കും. ആരായാലും എന്തിന്റെ പേരിലായാലും ഓരോരുത്ത രുടേയും നാവില്‍ നിന്ന് വരേണ്ട വാക്കുകള്‍ക്ക് മൂല്യമുണ്ടാവണം. ഈ അടിസ്ഥാനപാഠം മറക്കുമ്പോള്‍ നാടിന് അത് നാണക്കേടായി മാറുകയാണ്.

വിവരവും വിവേകവും കുലീന പെരുമാറ്റവും ജനപ്രതിനിധികളില്‍ ഉണ്ടാകണമെന്നാണ് കേരളീയ ജനത
ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആദരവും അംഗീകാരവും നിലനിര്‍ത്ത ണമെങ്കില്‍ വിദ്വേഷത്തിന്റെയും അവഹേളനത്തിന്റെയും നിന്ദയുടെയും അഹങ്കാരത്തിന്റെയും വാക്കുകള്‍ നേതാക്കള്‍ ശൈലിയായി സ്വീകരിക്കരുത്.

എത്ര പ്രകോപനപരമായ സാഹചര്യത്തിലും സമചിത്തത കൈവെടിയാത്തയാളാകണം നേതാവ്. ആത്മനിയന്ത്രണവും സംസ്‌കാരമുള്ളഭാഷയും നേതാവിന്റെ മുഖമുദ്രയാകണം. ‘വായില്‍ തോന്നിയതു കോതയ്ക്കു പാട്ട്’ എന്ന ശൈലി ഗുണം ചെയ്യില്ല. ആദര്‍ശങ്ങളും ആശയങ്ങളുമാണ് ജനപ്രതിനിധികള്‍ ആയുധമാക്കേണ്ടത്. കയ്യൂക്കുകൊണ്ടല്ല, കതിര്‍ക്കനമുള്ള വാദമുഖങ്ങള്‍
കൊണ്ടാണ് ഏറ്റുമുട്ടേണ്ടത്. അതാണ് നേതാക്കളുടെ ‘മാറ്റ്’ നിശ്ചയിക്കുന്നത്. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയെന്ന തിരിച്ചറിവ് ഭരണാധികാരികള്‍ക്കുണ്ടാകണം. പരസ്പരം അന്തസോടെ പെരുമാറുകയും ഗൗരവത്തോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത കാലഘട്ടം നമുക്കുണ്ടായിരുന്നു. ആ പാരമ്പര്യത്തിനും പ്രബുദ്ധകേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതയ്ക്കും നിരക്കാത്ത പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

ധിക്കാരിയുടെ കാതല്‍ എന്ന പുസ്തകത്തിലെ ”രാഷ്ട്രീയപ്രവര്‍ത്തനവും ആഭാസ സാഹിത്യവും” എന്ന
പ്രബന്ധത്തില്‍ സി.ജെ.തോമസ് എഴുതി ”അശക്തിബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ് തെറി പറയല്‍”. തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും. കേട്ട് നില്‍ക്കുന്നവരില്‍ ഒരു നല്ല വിഭാഗം തെറി പറയുന്നവനെ നോക്കി പുച്ഛമായി ചിരിക്കുകയായിരിക്കും. തല്‍ക്കാലത്തേക്ക് ജയം നേടാന്‍ തെറി സഹായിച്ചേക്കും. ഭാഷാ പ്രയോഗങ്ങള്‍ തെറിയായി മാറുന്നത് അശക്തി ബോധത്തില്‍ നിന്നാണെന്ന് ആറ ്പതിറ്റാണ്ടുമുന്‍പ് സി.ജെ.തോമസ് എഴുതിയതിന് ഇന്നും പ്രസക്തിയുണ്ട്.

ഒരാളുടെ സംസാരത്തിലൂടെ പുറത്തുവരുന്നത് അയാളുടെ സംസ്‌കാരമാണ്. സംസാരം, പെരുമാറ്റം,
മനോഭാവം എന്നിവയാണ് ഒരു വ്യക്തിയെ ശ്രേഷ്ഠവ്യക്തിത്വത്തിന് ഉടമയാക്കുന്നത്. വ്യക്തിത്വ സവിശേഷത,
വ്യക്തിത്വത്തില്‍ പുലര്‍ത്തുന്ന മര്യാദകളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഭരണാധികാരി മാന്യവും ഹിതകരവും കുലീനവുമായ ഭാഷ പ്രയോഗിക്കണം. മര്യാദയും ആദരവുമില്ലാത്ത ഈ ാഷ വിഷലിപ്തവും
മനുഷ്യവിരുദ്ധവുമാണ്. കേരളീയ സംസ്‌കാരത്തിന്റെ മരണമണിയാണിവിടെ മുഴങ്ങുന്നത്. ‘നല്ലവാക്കോതു വാന്‍ ത്രാണിയുണ്ടാകണം’ എന്ന പ്രാര്‍ത്ഥന ചൊല്ലി പഠിച്ചുവന്ന പഴയതലമുറയിലെ സാമാന്യവിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്‍പോലും അന്തസുറ്റരീതിയില്‍ മാത്രം എതിരാളികളെ വമര്‍ശിച്ചിട്ടുള്ളതാണ് മലയാളിയുടെ രാഷ്ട്രീയ ചരിത്രം. സഭേതരവാക്കുകളും വാമൊഴി വിളയാട്ടങ്ങളും തെരുവുശൈലിയും കയ്യാങ്ക ളിയും ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കുന്ന നിയമസഭയുടെ അന്തസിന് ചേരുന്നവയല്ല. വാക്കുകള്‍ വഴിവിട്ട് പോകാതിരിക്കട്ടെ; നാവ് വേലികള്‍ ചാടാതിരിക്കട്ടെ.

×