ഫ്രാൻസില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; രണ്ടാം ഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ഫ്രാൻസില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫ്രെ‍ഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ ഒന്ന് വരെയാണ് ഫ്രാൻസില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ അതിവേഗ കോവിഡ് വ്യാപനം തടയാൻ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് മാക്രോണ്‍ പറഞ്ഞു.

പാരീസ് ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ നേരത്തെ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചിട്ടും രാജ്യത്തെ കോവിഡ് മരണങ്ങള്‍ 3500 ആയി ഉയര്‍ന്നിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ മാരകവും നിയന്ത്രിക്കാൻ പ്രയാസമേറിയതുമാണെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച മുതല്‍ ബാറുകള്‍, ഭക്ഷണശാലകള്‍, മറ്റു വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കും. ഹൈസ്ക്കൂള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.

എന്നാല്‍ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല. ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ കഴിഞ്ഞുകൂടണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തു പോകുന്നവര്‍ കയ്യില്‍ സത്യവാങ്മൂലം കരുതണം.

×