മഹാരാഷ്ട്രയില്‍ 5257 പേര്‍ക്ക് കൂടി കൊവിഡ്; 181 മരണവും !

ന്യൂസ് ബ്യൂറോ, മുംബൈ
Monday, June 29, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 169883 ആയി. പുതുതായി 5257 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 181 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 7610 ആയി വര്‍ധിച്ചു.

മുംബൈയില്‍ മാത്രം 1226 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 76765 ആയി. 92 മരണം കൂടി മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 4463 ആയി.

ധാരാവിയില്‍ 17 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാള്‍ മരിക്കുകയും ചെയ്തു. നിലവില്‍ 598 പേരാണ് ധാരാവിയില്‍ ചികിത്സയിലുള്ളതെന്നും ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലായ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം, മഹാരാഷ്ട്രയില്‍ 2385 പേര്‍ കൂടി കൊവിഡ് മുക്തരായി. 88960 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 73298 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×