‘ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍’ ; പുതിയ ചിത്രവുമായി മേജര്‍ രവി,നായകന്‍ മോഹന്‍ലാല്‍?

ഫിലിം ഡസ്ക്
Sunday, June 28, 2020

പുതിയ ചിത്രം പ്രഖ്യാപിച്ച് മേജര്‍ രവി. ‘ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൊറോണ ഭീതിയൊഴിഞ്ഞാല്‍ 2021 ജനുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.

ഇന്ത്യാ-ചൈന സംഘര്‍ഷവും ഗാല്‍വന്‍ പാലത്തിന്റെ നിര്‍മ്മാണവുമാണ് സിനിമയുടെ ഫോക്കസ്. കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച തന്ത്രപ്രധാനമായ പാലവും, ചൈനയുടെ ഭാഗത്തെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രമണവും കേന്ദ്രീകരിച്ചുള്ള സിനിമയിലേക്ക് കടന്നതായി മേജര്‍ രവി പറഞ്ഞു.

ഇന്ത്യാ ചൈന സംഘര്‍ഷം പ്രമേയമാകുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ ആയിരിക്കുമോ നായകനെന്ന് തുടര്‍ദിവസങ്ങളില്‍ അറിയാം. താരനിര്‍ണയത്തിലേക്ക് കടന്നിട്ടില്ലെന്നാണ് മേജര്‍ രവിയുടെ വിശദീകരണം. മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.

‘ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍’ പ്രാരംഭദശയിലാണെന്നും പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സിനിമയായിരിക്കുമെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് കീര്‍ത്തിചക്ര ഉള്‍പ്പെടെ ചിത്രീകരിച്ചത്. ലേ-ലഡാക്ക് പ്രവിശ്യയിലാണ് ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍ ഷൂട്ടിംഗ് ആലോചിക്കുന്നത്.

മുന്‍സിനിമകളിലെല്ലാം ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ അതിര്‍ത്തിയിലുള്ള പ്രശ്‌നങ്ങളാണ് പ്രമേയമാക്കിയത്. ബ്രിഡ്ജ് ഓണ്‍ ഗാല്‍വനില്‍ ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലേക്ക് ഇരുരാജ്യങ്ങളെയും നയിച്ച സാഹചര്യമായിരിക്കും അന്വേഷിക്കുകയെന്ന് മേജര്‍ രവി വ്യക്തമാക്കി.

×