Advertisment

തൃപ്തിയുടെ കണ്ണുകളിൽ ഇന്നും മിന്നിമറയുന്ന മേജർ ശശിനായരുടെ പുഞ്ചിരിക്കുന്ന മുഖം !

New Update

തൻ്റെ സർവ്വസ്വവുമായിരുന്ന പ്രിയതമൻ ഈ ലോകത്തുനിന്ന് വിട്ടുപിരിഞ്ഞിട്ട് ഒരു വർഷത്തിലേറെ പിന്നിടു മ്പോഴും ആ സാന്നിദ്ധ്യവും സ്നേഹവായ്പ്പും കരുതലും നിലച്ചുപോയി എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയും തൃപ്തിക്കാകുന്നില്ല.

Advertisment

publive-image

ഇന്നലെ മേജർ ശശിധരൻ നായരുടെ 34 മത് ജന്മദിനമായിരുന്നു. എറണാകുളത്തിനടുത്തുള്ള ചെങ്ങമനാട് സ്വദേശികളായ വിജയൻ നായരുടെയും ലതയുടെയും മകനായിരുന്ന ശശി, പഠിച്ചതും വളർന്നതുമെല്ലാം പൂണെയിലാണ്. അച്ഛൻ വിജയൻ നായർക്ക് പൂണെക്കടുത്തുള്ള Central Water & Power Research Station - Khadakwasla എന്ന സ്ഥലത്തായിരുന്നു ജോലി. പുണെയിലെ പ്രസിദ്ധമായ ഫർഗൂസൻ കോളേജിലാണ് ശശി പഠിച്ചത്.ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോൾ അച്ഛൻ മരിച്ചു.

കോളേജ് പഠനകാലത്താണ് സഹപാഠിയായിരുന്ന ഉത്തരേന്ത്യൻ സ്വദേശിനി തൃപ്തിയെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ആ പരിചയം പിന്നീട് പ്രണയമായി മാറി. തൃപ്തി കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ഡിഗ്രിക്കാരിയാണ്.

publive-image

ആർമിയിൽ ജോയിൻ ചെയ്ത ശശി 27 മത്തെ വയസ്സിൽ ക്യാപ്റ്റനായി. ആറുമാസത്തിനുശേഷം അമ്മയുടെ സമ്മതത്തോടെ തൃപ്തിയുമായുള്ള വിവാഹനിശ്ചയം നടന്നു.ഭാവിയെപ്പറ്റി ഏറെ സ്വപ്‍നങ്ങളായിരുന്നു ഇരുവരും നെയ്തുകൂട്ടിയത്‌. രണ്ടുദിവസത്തേക്ക് അവധി ലഭിച്ചാൽപ്പോലും ശശി, ആർമി ക്യാംപിൽനിന്ന് പൂണെയിലെക്കോടിയെത്തുമായിരുന്നു തൃപ്‍തിക്കൊപ്പം സമയം ചിലവിടുക എന്നതായിരുന്നു ലക്‌ഷ്യം.

എന്നാൽ വിധി അവർക്കിരുവർക്കുമായി കരുതിവച്ചത് മറ്റൊന്നായിരുന്നു. ഒരു പക്ഷേ അവരുടെ നിർമ്മലമായ പ്രണയത്തിൽ അസൂയപൂണ്ടാകുമോ എന്തോ ? വിവാഹനിശ്ചയം കഴിഞ്ഞ് നാളുകൾക്കുശേഷം തൃപ്തിക്കുണ്ടായ കാലുവേദന ഗുരുതരമായ multiple arteriosclerosis എന്ന ധമനികൾ ചുരുങ്ങുന്ന അപൂർവ്വ രോഗത്തിൻറെ ആരംഭമായി മാറി. തുടർചികിത്സകൾ ഫലം കണ്ടില്ല.എല്ലാവരെയും നിരാശയിലാഴ്ത്തി ഒടുവിൽ കാലുകൾ രണ്ടും മരവിച്ചുപോയ തൃപ്തി പൂർണ്ണമായും വീൽ ചെയറിൽ ബന്ധനസ്ഥയായി.

ജീവിതത്തിലൊരിക്കലും തൃപതിക്ക്‌ എഴുന്നേറ്റു നടക്കാൻ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോൾ തൃപ്തിയുമാ യുള്ള വിവാഹത്തിൽ നിന്നും പിന്മാറാൻ സുഹൃത്തുക്കളുൾപ്പെടെ പലരും ശശിയെ നിർബന്ധിച്ചു. എന്നാൽ ശശി വഴങ്ങിയില്ല. തീരുമാനം മാറ്റിയില്ല.

publive-image

ജീവിതത്തിൽ എല്ലാ അർത്ഥത്തിലും ഒരു പൂർണ്ണ പരാജയമായ തന്നെ മറക്കണമെന്നും ഒരിക്കലും ഒരു ഭാര്യയുടെ കടമ നിർവഹിക്കാൻ തനിക്കു കഴിയില്ലെന്നും മറ്റൊരു വിവാഹത്തിന് തയ്യറാകണെമെന്നും തൃപ്‍തി പലതവണ പറഞ്ഞിട്ടും കേൾക്കാൻ ശശി തയ്യാറായിരുന്നില്ല. ആ ദൃഢനിശ്ചയത്തിനുമുന്നിൽ എതിർപ്പുകളൊന്നും വിലപ്പോയില്ല.

2014 ൽ അവർ വിവാഹിതരായി. കതിർമണ്ഡപത്തിൽ നവവധുവായി വീൽ ചെയറിൽ ഇരുന്ന തൃപ്തിയുടെ കഴുത്തിൽ അദ്ദേഹം മാലചാർത്തവേ അവൾക്കൊപ്പം അവിടെ സന്നിഹിതരായിരുന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. തൻ്റെ പ്രണയിനിയെ ആപത്തിലും കൈവിടാതെ നെഞ്ചോടുചേർത്ത ആ ഹൃദയവിശാലതയ്ക്കുമിന്നൽ എല്ലാവരും നമ്രശിരസ്കരാകുകയായിരുന്നു.

വിവാഹശേഷം മറ്റൊരാഘാതം കൂടി സംഭവിച്ചു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവം മൂലം തൃപ്തിയുടെ അരയ്ക്ക് താഴെ പൂർണ്ണമായും പാരലൈസ് ആയി. കണ്ണുനീരിന്റെ ദിനങ്ങളായിരുന്നു വിവാഹശേഷം ഒന്നൊന്നായി കടന്നുപോയത്.അപ്പോഴും നിഴൽപോലെ ഊണിലും ഉറക്കത്തിലും സാന്ത്വനവും ധൈര്യവും പകർന്ന് ശശി ഒപ്പമുണ്ടായിരുന്നു.

publive-image

ആശുപത്രിവാസവും ചികിത്സയും കഴിഞ്ഞശേഷം തൃപ്‍തിയേയും കൊണ്ട് ശശി തൻ്റെ ജോലിസ്ഥലമായ ചണ്ഡീഗഡിലേക്ക് പോകുകയായിരുന്നു. അവിടെ സേനയുടെ പരിപാടികളിലും പാർട്ടികളിലും ചാരിറ്റി പ്രോഗ്രാമുകളിലുമൊക്കെ തൃപ്തിയുമായി അവളുടെ വീൽ ചെയർ ഉന്തിവരുന്ന മേജർ ശശിധരൻ നായരെ കരഘോഷത്തോടെയായിരുന്നു സേനാംഗങ്ങളും അധികാരികളും സ്വീകരിച്ചിരുന്നത്. മിക്ക പരിപാടിക ളിലും ഇവരിരുവരുമായിരുന്ന ശ്രദ്ധാകേന്ദ്രങ്ങൾ. തൃപ്തിയോട് എല്ലാവരും അളവറ്റ സ്നേഹം കാണിച്ചിരുന്നു.

" ദൈവമുണ്ടോ എന്നെനിക്കറിയില്ല , പക്ഷേ ഒന്നെനിക്കറിയാം എൻ്റെ ഭർത്താവ് മേജർ ശശിധരൻ നായർ, എനിക്ക് ദൈവത്തെക്കാൾ കുറഞ്ഞ മറ്റൊന്നുമല്ല " ഒരു സൈനിക ചടങ്ങിൽ പങ്കെടുത്ത തൃപ്തി പറഞ്ഞ ഈ വാക്കുകൾ കേട്ട് ഉന്നതസൈനികാധികാരികളുൾപ്പെടെയുള്ളവർ എഴുന്നേറ്റുനിന്നാണ് കരഘോഷം മുഴക്കിയത്.

മേജർ ശശി പുണെയ്ക്ക് സ്ഥലം മാറിവന്നപ്പോഴും അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും തൃപതിയെയും ഒപ്പം കൂട്ടുമായിരുന്നു. ശശിയുടെയും തൃപ്തിയുടെയും അതുല്യപ്രണയകഥ അധികാരികളുൾപ്പെടെ സൈനി കവൃത്തങ്ങളിൽ മിക്കവർക്കും അറിയാമായിരുന്നു.

publive-image

ശശിക്ക് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ ഏറ്റവും കൂടുതൽ വേവലാതിപ്പെട്ടത് തൃപ്തിയായിരുന്നു. സംഘർഷഭരിതമായ കാശ്മീരിലെ സുരക്ഷാഭീഷണിയായിരുന്നു അതിനു കാരണം. തൃപ്തിയുടെ ആശങ്കകൾ കണക്കിലെടുത്ത് ഒരു മാസത്തെ ലീവെടുത്ത അദ്ദേഹം ആ നാളുകളിൽ പൂർണ്ണമായും തൃപ്തിയുടേതായി മാറുകയായിരുന്നു.

ലീവിനുശേഷം 2019 ജനുവരി 2 ന് കാശ്മീരിലേക്ക് മടങ്ങുമ്പോൾ തൃപ്തിയെ ചേർത്തുപിടിച്ച് ആ നെറുകയിൽ ചുംബിച്ചുകൊണ്ട് അദ്ദേഹം അവൾക്ക് വാക്കുനൽകി .." ഞാൻ വേഗം വരും,ധൈര്യം കൈവിടരുത് ,തൊട്ടു വിളിപ്പാടകലെ എപ്പോഴും ഞാനുണ്ടാകും "

മേജർ ശശി നായർ തൻ്റെ പ്രിയതമ തൃപ്തിക്ക് നൽകിയ ആ വാക്കുപാലിച്ചു. അദ്ദേഹം കാശ്മീരിലേക്ക് പോയി 12 മത്തെ ദിവസം അവൾക്കരുകിലെത്തി. പക്ഷേ വരുമ്പോഴൊക്കെ ഓടിവന്ന് തന്നെ ആശ്ലേഷിച്ചിരുന്ന ആ കരങ്ങൾ അന്ന് നിശ്ചലമായിരുന്നു. ദേശീയപതാകയിൽ പുതച്ചുകിടന്ന അദ്ദേഹത്തിൻ്റെ ശരീരത്തിൽ മുഖമമർത്തി അവൾ ജീവന്റെ തുടിപ്പുകൾക്കായി പരതി.

" എന്നെവിട്ടുപോകാൻ ശശിക്കൊരിക്കലുമാകില്ല,എനിക്ക് വാക്കുതന്നതാണ്, ദൈവമേ എന്നെ പരീക്ഷിച്ചു മതിയായില്ലേ? എൻ്റെ ജീവനെത്തിന് ബാക്കിയാക്കി , ആർക്കായി ഞാനിനി കാത്തിരിക്കണം ? " തൃപ്തിയുടെ കരൾപിളർക്കുന്ന തേങ്ങലുകൾ കടുത്ത ദുഃഖഭാരത്തോടെയാണ് അവിടെ കൂടിയ ആളുകളും സൈനികരും ശ്രവിച്ചത്.

2019 ജനുവരി 11 ന് ജമ്മുകാശ്മീരിലെ LOC യോട് ചേർന്ന നഷേര സെക്ടറിൽ ഇന്ത്യൻ സേനയിലെ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറും രണ്ടു സൈനികരും പാക്ക് തീവ്രവാദികൾ ഒളിപ്പിച്ചുവച്ചിരുന്ന IED ബ്‌ളാസ്റ്റിൽ പരുക്കേറ്റതുമായി ബന്ധപ്പെട്ട നടത്തിയ സേർച്ച് ഓപ്പറേഷന് മേജർ ശശിധരൻ നായർ നേതൃത്വം നൽകവേ അപ്രതീക്ഷിതമായ മറ്റൊരു പൊട്ടിത്തെറിയിൽ മേജറും അദ്ദേഹത്തിൻ്റെ റൈഫിൾമാനും സംഭവസ്ഥലത്തു വച്ചുതന്നെ മരണമടയുകയായിരുന്നു.

ശശിയില്ലാത്ത ഒരു ലോകം ചിന്തിക്കാൻ പോലും കഴിയാത്ത തൃപ്തിയുടെ മനസ്സ് ഇനിയും ആ സത്യം ഉൾക്കൊള്ളാൻ തയ്യറായിട്ടില്ല.കാതിൽ ഇപ്പോഴും മുഴങ്ങുന്നത് ആ ശബ്ദമാണ് .. " ഞാൻ വേഗം വരും,ധൈര്യം കൈവിടരുത് ,തൊട്ടു വിളിപ്പാടകലെ എപ്പോഴും ഞാനുണ്ടാകും " .. പൂണെയിൽ തൃപ്തിയുടെ അനന്തമായ ആ കാത്തിരിപ്പ് ഇന്നും തുടരുന്നു.........!

major sasi
Advertisment