ഇരുപത് ദേശീയ ഹോക്കി താരങ്ങളുടെയും പേരുകള്‍ പെന്‍സിലുകളില്‍ കൊത്തിയെടുത്തു; മലയാളി വനിതയെ തേടിയെത്തിയത് റെക്കോഡുകളുടെ ഇരട്ടി മധുരം; അഭിമാനമായി നിത

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, August 27, 2020

കൊച്ചി: ഇന്ത്യന്‍ ഹോക്കി ടീമിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ആര്‍ട്ട്‌വര്‍ക്കുകള്‍ ചെയ്ത മലയാളി മൈക്രോ ആര്‍ട്ടിസ്റ്റിനെ തേടിയെത്തിയത് റെക്കോഡുകളുടെ ഇരട്ടിമധുരം. കൊച്ചി സ്വദേശിനിയായ നിത അസ്ലമാണ് (34) ‘പ്രെസ്റ്റീജ്യസ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സ് (ഐബിആര്‍), ‘ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് (എബിആര്‍) എന്നിവയില്‍ ഇടം നേടിയത്.

ദേശീയ ഹോക്കി ടീമിലുള്ള 20 താരങ്ങളുടെയും പേരുകള്‍ ഇരുപത് പെന്‍സിലുകളുടെ അഗ്രഭാഗത്ത് കൊത്തിയെടുത്താണ് നിത റെക്കോഡുകള്‍ സ്വന്തമാക്കിയത്.

ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ ‘ഗ്രാന്‍ഡ് മാസ്റ്റര്‍’ പദവി ഇവര്‍ സ്വന്തമാക്കി. എബിആറിന്റെ വരാനിരിക്കുന്ന 2021 പതിപ്പില്‍ നിതയുടെ പേരുമുണ്ടാകും. ഓഗസ്റ്റ് അഞ്ചിനാണ് എബിആറിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് നിതയുടെ നേട്ടം അംഗീകരിച്ചത്.

ഐബിആര്‍ ജൂണ്‍ 26ന് നിതയുടെ വൈദഗ്ധ്യത്തെ തിരിച്ചറിഞ്ഞിരുന്നു. മൈക്രോ ആര്‍ട്ടില്‍ തന്റേതായ ഇടം നേടിയെടുത്ത ഈ മലയാളി വനിതയ്ക്ക് ചെറുപ്പം മുതലേ കലയിലും കരകൗശലത്തിലും താത്പര്യമുണ്ടായിരുന്നു.

പെന്‍സിലിലെ കൊത്തുപ്പണികള്‍ക്ക് പുറമേ പേപ്പര്‍ കൊത്തുപ്പണികള്‍, വയര്‍ (wire) ആര്‍ട്ട്, സോഫ്റ്റ് ടോയിസ് നിര്‍മ്മാണം, ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി എന്നിവയിലും നിത കഴിവു തെളിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ കഴിവുകള്‍ക്ക് കൂടുതല്‍ അംഗീകാരം കിട്ടിയതെന്ന് ഇവര്‍ പറയുന്നു. പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ ഇത് പ്രചോദനമാവുകയും അങ്ങനെ പെന്‍സില്‍ കൊത്തുപ്പണിയിലേക്ക് എത്തുകയുയമായിരുന്നുവെന്നും നിത പറയുന്നു.

ഷബീറാണ് നിതയുടെ ഭര്‍ത്താവ്. തൃശൂര്‍ സ്വദേശികളായ അസ്ലം, വഹീദ എന്നിവരുടെ മകളാണ് നിത. കൊച്ചിയില്‍ കരിനേരിയ എന്ന ഓണ്‍ലൈന്‍ ഗിഫ്റ്റ് സ്റ്റോര്‍ നടത്തുകയാണ് നിത.

×