Advertisment

22 വര്‍ഷം കൊണ്ട് ഒരു മല തുരന്ന് 110 മീറ്റര്‍ റോഡ് വെട്ടിയ ബിഹാറുകാരന്‍ ദശരഥ് മാഞ്ചി ! 30 വര്‍ഷം കൊണ്ട് 3 കിലോമീറ്റര്‍ നീളമുള്ള കനാല്‍ ഒറ്റയ്ക്ക് നിര്‍മ്മിച്ച ബീഹാറിലെ ലോങ്കി; ചിലര്‍ അങ്ങനെയാണ്…കാഴ്ചയില്‍ വെറും സാധാരണക്കാരന്‍, പക്ഷെ ചെയ്യുന്നത് അസാധാരണ പ്രവൃത്തികളും !

author-image
സത്യം ഡെസ്ക്
Updated On
New Update

22 വര്‍ഷം കൊണ്ട് ഒരു മല തുരന്ന് 110 മീറ്റര്‍ റോഡ് വെട്ടിയ ബിഹാറുകാരന്‍ ദശരഥ് മാഞ്ചിയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. രാജ്യം മുഴുവന്‍ വാഴ്ത്തിയ പ്രവൃത്തിയായിരുന്നു അത്. ഭാര്യയുടെ ജീവനും മരണത്തിനുമിടെ വിലങ്ങുതടിയായി നിന്ന മലയെ കൈക്കോട്ടും പിക്കാസുംകൊണ്ട് കീഴടക്കാൻ ദശരഥിന് വേണ്ടിവന്നത് 22 വർഷം.

Advertisment

publive-image

ഇപ്പോള്‍ സമാനമായ മറ്റൊരു വാര്‍ത്തയാണ് ബിഹാറില്‍ നിന്ന് കേള്‍ക്കുന്നത്. കോതില്‍വാ ഗ്രാമത്തിലെ ലോങ്കി ഭുയാന്‍ ആണ് പുതുതായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.ചുറ്റും മലനിരകളും കാടും തിങ്ങിനിറഞ്ഞ പ്രദേശമാണ് കോതില്‍വാ ഗ്രാമം. മലനിരകളില്‍ മഴപെയ്യുമ്പോള്‍ കുത്തിയൊലിച്ചു പോകുന്ന വെള്ളം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ലോങ്കി ചിന്തിച്ചത്.

കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് കോതില്‍വാ ഗ്രാമത്തിലെ കര്‍ഷകരുടെ പ്രധാന ജീവിതമാര്‍ഗം. എന്നാല്‍ വെള്ളത്തിന്റെ അപര്യാപ്തത കാരണം ഗ്രാമവാസികളില്‍ പലരും കൃഷി ഉപേക്ഷിച്ചു. ഗ്രാമീണര്‍ തൊഴില്‍ തേടി നഗരങ്ങളിലേക്കു പോയപ്പോള്‍ ലോങ്കി ഭുയാന്‍ തന്റെ കാലികളുമായി കാട്ടിലേക്കാണു പോയത്.

പശുക്കളെ മേയാന്‍ വിട്ടിട്ട് ലോങ്കി മലഞ്ചെരുവുകളില്‍ നിന്ന് കനാല്‍ വെട്ടിയൊരുക്കാന്‍ തുടങ്ങി. 30 വര്‍ഷം കൊണ്ടാണ് ലോങ്കി മൂന്നു കിലോമീറ്റര്‍ നീളമുള്ള കനാല്‍ മലഞ്ചെരിവിലൂടെ താഴ്വരയിലേക്ക് വെട്ടിത്തെളിച്ചത്.

മഴക്കാലത്തു മലനിരകളില്‍ നിന്നു കുത്തിയൊലിച്ചു പോകാറുള്ള വെള്ളം ഇപ്പോള്‍ ഈ കനാലിലൂടെ താഴ്വരയിലുള്ള കുളത്തില്‍ സംഭരിക്കപ്പെടുന്നു. ഇക്കാലമത്രയും ഒറ്റയ്ക്കായിരുന്നു ഈ മനുഷ്യന്‍ കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനായി പ്രയത്‌നിച്ചത്. നാടിനും നാട്ടുകാര്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും തെളിനീര്‍ച്ചോലയാണ് ഇന്ന് ലോങ്കിയുടെ കനാല്‍. വേനലില്‍ ജലസമൃദ്ധിയുള്ള കുളവും.

viral news
Advertisment