(കഥ) മീനുക്കുട്ടി പറഞ്ഞ കഥ 

സത്യം ഡെസ്ക്
Thursday, September 24, 2020

-അമ്മു സൗമ്യ

പതിവിലുമേറെ വൈകിയാണ് മരിയ അന്ന് ഉറക്കമുണർന്നത്.
എന്നിട്ടും കണ്ണുകൾ ഉറക്കം തോരാതെ വീണ്ടും അടഞ്ഞുപോകുകയാണ്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഉറങ്ങാനേ പറ്റുന്നില്ല.
എന്താണ് തനിക്ക് പറ്റിയത്?
മറ്റാരും കാണാത്തതൊക്കെ താൻ കാണുന്നു.
ആരും കേൾക്കാത്ത ചിലതൊക്കെ കേൾക്കുന്നു.
ഒന്നും മനസിലാകുന്നില്ല ..
പക്ഷെ ഒന്നുറപ്പാണ്, എല്ലാം ഈ വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയി താമസിക്കാൻ വന്നതിനു ശേഷമാണ്.
എപ്പോഴും കൂടെ മറ്റാരോ ഉള്ളതുപോലെ..
ഓരോന്ന് ചിന്തിച്ച് അവൾ കട്ടിലിൽ തന്നെ ഇരുന്നു.

പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്.
മരിയ ചെന്നു വാതിൽ തുറന്നു.
സുഭദ്ര ചേച്ചി !

“ആ ഇപ്പോൾ ഉണർന്നതേയുള്ളോ കുട്ടീ?
ഇത്രയും നേരമായിട്ടും താഴേക്കു കാണാത്തതുകൊണ്ട് ഞാൻ അന്വേഷിച്ചു വന്നതാണ്.. ”

“അത്.. ചേച്ചി .. രാത്രി നല്ല തലവേദന ആയിരുന്നു.. ഉറങ്ങിപ്പോയി.. ”

“ഉം. ശരി ശരി. വേഗം കുളിച്ചു താഴേക്ക് വാ. ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടേ..
കാവ്യയും അഞ്ജലിയും നേരത്തെ കഴിച്ചിട്ട് പുറത്തേക്ക് പോയി. ഷോപ്പിംഗ് നോ മറ്റോ.. ”

“ഉം. ദേ ഞാൻ കുളിച്ചിട്ട് ഇപ്പോൾ വരാം.. ”

അവൾ ചിരിച്ചു.

സുഭദ്ര അടുത്തേക്ക് വന്ന് അവളുടെ കവിളിൽ സ്നേഹത്തോടെയൊന്നു തലോടി.
“മോളെ.. ”

“എന്താ ചേച്ചി..? ”

“നിനക്ക്.. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.. കാവ്യയും അഞ്ജലിയും ചിലതൊക്കെ പറഞ്ഞു. നീ തനിയെ സംസാരിക്കുന്നെന്നോ.. മുറിയിൽ ആരെയോ കണ്ടെന്നോ ഒക്കെ .. ”

“അത്… ”

“ഞാൻ ഒന്നും വിശ്വസിച്ചിട്ടില്ല.. മോള് ടെൻഷൻ ആവണ്ട.. ചോദിച്ചന്നെ ഉള്ളു.. “.

“അല്ല ചേച്ചി.. സത്യമാണ്. ഞങ്ങളുടെ മുറിയിൽ ആരോ ഉണ്ട്.. എനിക്ക് ഉറപ്പാ.. പക്ഷെ എനിക്ക് മാത്രമേ ആ സാന്നിധ്യം തിരിച്ചറിയാൻ പറ്റുന്നുള്ളു. എനിക്ക് പേടിയാ ചേച്ചി.. രാത്രി ഒന്നും ഉറങ്ങാൻ പറ്റുന്നില്ല.. ”

“ഒക്കെ മോൾക്ക്‌ വെറുതെ തോന്നുന്നതാ..
ഇവിടെ ഇപ്പോൾ വേറെ ആരാ..?
ഞാൻ ചെറുപ്പം മുതൽ വളർന്ന വീടാ ഇത്.
സ്വത്തുക്കൾ ഭാഗം വച്ചപ്പോൾ എനിക്ക്
ഈ വീടു കിട്ടി.
അന്ന് മുതൽ ഞാനും മഹിയെട്ടനും
ഇവിടെയാ താമസം.
ദൈവം ഞങ്ങൾക്കായിട്ട് ഒരു കുഞ്ഞിനെ തരാത്തതുകൊണ്ട് നിങ്ങളെപ്പോലെ കുറെ മക്കൾക്ക് ഞങ്ങൾ ഇവിടെ താമസസൗകര്യം ഒരുക്കുന്നു.
മോള് രാത്രി കിടക്കുമ്പോൾ നന്നായിട്ട് പ്രാർത്ഥിച്ചിട്ട് കിടക്കണം ട്ടോ..
വല്ല ദുസ്വപ്നവും കാണുന്നതാവും .. ”

“ഉം.. ശരി ചേച്ചി.. ഞാൻ കുളിച്ചിട്ട് താഴേക്ക് വന്നേക്കാം.. ”

“ശരി മോളെ.. ”

സുഭദ്ര താഴേക്ക് പോയി.

മരിയ വേഗം പോയി കുളിച്ചു വസ്ത്രം മാറി കണ്ണാടിയുടെ മുന്നിൽ പോയി നിന്നു മുടി
ചീകാൻ തുടങ്ങി.
പെട്ടെന്ന് എന്തോ..
വീണ്ടും കഴിഞ്ഞ ദിവസങ്ങളിലെ പോലെ..
ആരുടെയോ സാമീപ്യം അവൾക്ക് അനുഭവപ്പെട്ടു.
ഒപ്പം വല്ലാത്തൊരു സുഗന്ധം മുറിയിൽ നിറഞ്ഞു .
അവൾ വിറങ്ങലിച്ചു നിന്നു.

കണ്ണാടിയിലേക്ക് നോക്കിയ അവൾ വിറച്ചുപോയി.
കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിനരികിൽ ഒരു പെൺകുട്ടി!!
ഏകദേശം ഇരുപതു വയസോളം പ്രായം വരും. ഒരു ചുവന്ന പട്ടുപാവാടയും ബ്ലൗസുമാണ് അവളുടെ വേഷം. മുടി അഴിച്ചിട്ടിരിക്കുന്നു.
ഭംഗിയായി വാലിട്ടെഴുതിയ വിടർന്ന കണ്ണുകൾ..
ചുണ്ടിൽ നേർത്ത പുഞ്ചിരി.
മരിയ ഞെട്ടി തിരിഞ്ഞു നോക്കി.
ഇല്ല.. തന്റെ അടുത്ത് ആരുമില്ല..
അവൾ ഒന്നുകൂടി കണ്ണാടിയിലേക്ക് നോക്കി..
അവിടെ അതെ ചിരിയോടെ ആ പെൺകുട്ടി.. !
മരിയയ്ക്ക് അലറിവിളിക്കണമെന്നു തോന്നി.
പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.

“താൻ പേടിക്കണ്ടടൊ.. ഞാൻ ഉപദ്രവിക്കില്ല.. ”

അവളുടെ പരിഭ്രമം കണ്ട് കണ്ണാടിയിലെ പെൺകുട്ടി സംസാരിച്ചു തുടങ്ങി.

“താൻ എനിക്ക് ഒരു സഹായം ചെയ്തു തരണം. അതിനുവേണ്ടിയാ ഞാൻ തന്റെ അടുത്ത് വന്നത് . ”

മരിയ കണ്ണുമിഴിച്ചു നിന്നു.

“ഞാൻ.. എന്റെ പേര് മീനാക്ഷി. മീനു .. എല്ലാവരും മീനുക്കുട്ടി ന്നാ വിളിച്ചിരുന്നത്. ”

ആ പെൺകുട്ടി സംസാരിച്ചു തുടങ്ങി.

“ന്റെ വീട് ഇവിടെ അടുത്തു തന്നെയാ.
അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ
മോളായിരുന്നു.
അവരുടെ ചെല്ലക്കുട്ടി.
എല്ലാ ക്ലാസ്സിലും ഒന്നാമതായിരുന്നു ഞാൻ.
അങ്ങനെ താൻ ഇപ്പോൾ പഠിക്കുന്ന കോളേജിൽ എനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി.
അന്ന്..
കോളേജിൽ എന്റെ ഒരു സ്കോളർഷിപ്പിന് വേണ്ടി പ്രിൻസിപ്പൽ സർ ന്റെ ഒരു ഒപ്പ് മേടിക്കാൻ വന്നതായിരുന്നു ഞാൻ.. ”

അവളുടെ കണ്ണുകൾ നിറയുന്നത് മരിയ കണ്ടു.

“പ്രിൻസിപ്പൽ നെ കണ്ടതിനു ശേഷം ഞാൻ കോളേജിൽ ന്ന് പുറത്തെ റോഡിലേക്ക്
ഇറങ്ങി.
പെട്ടന്ന് ഒരു ഓമ്നി വാൻ പാഞ്ഞുവന്ന് എന്നേ ഇടിച്ചിട്ടു.
ഞാൻ രക്തത്തിൽ കുളിച്ചു റോഡിൽ കിടന്നു .. ”

മരിയ ഒന്ന് ഞെട്ടി.

” ആ വാൻ ഓടിച്ചിരുന്ന ആൾ എന്നേ കോരിയെടുത്തു സീറ്റിലേക്ക് കിടത്തി..
വണ്ടി വേഗത്തിൽ ഓടിച്ചുപോയി..
അപ്പോഴേക്കും ന്റെ ബോധം പോയി… !
ബോധം തെളിഞ്ഞപ്പോൾ ഞാൻ ഒരു മുറിയിൽ കിടക്കുകയായിരുന്നു..
എന്റെ ശരീരമാകെ നീറിപ്പുകയുന്നുണ്ടായിരുന്നു.. ഒപ്പം ദേഹം നിറയെ രക്തവും.
അടുത്ത് ഒരു കസേരയിൽ കുടിച്ചു മത്തനായി അയാളും..
ആ ഓമ്നി വാനിന്റെ ഡ്രൈവർ..
മുറിവേറ്റു രക്തത്തിൽ കുളിച്ചു കിടന്ന എന്നേ എന്റെ അച്ഛന്റെ പ്രായമുള്ള അയാൾ… ”

ആ പെൺകുട്ടി പൊട്ടിക്കരഞ്ഞു.

“അയ്യോ… ”

മരിയയിൽ നിന്ന് ഒരു നിലവിളിയുയർന്നു.

“അതേടോ… എന്നേ അയാൾ പിച്ചിച്ചീന്തി..
എന്റെ ശരീരം മാത്രമല്ല… എന്റെ സ്വപ്നങ്ങൾ.. ജീവിതം ..
എനിക്ക് ജീവനുണ്ടെന്നു കണ്ടപ്പോൾ അയാൾ ബെഡിൽ കിടന്ന തലയിണ എടുത്ത് എന്റെ മുഖത്തമർത്തി പിടിച്ചു .
ന്റെ പ്രാണൻ എന്നേ വിട്ടു പോകുംവരെ.. ”

മരിയ തളർന്നു നിന്നു .

“അതെ.. ഞാൻ.. ഞാൻ ഇന്നൊരു ആത്മാവാണ്..
പാവം ന്റെ അച്ഛനും അമ്മയും എനിക്ക് എന്തുപറ്റിയെന്നു പോലും അറിയാതെ..
ഒരുപാട് എന്നേ അന്വേഷിച് അലഞ്ഞു നടന്നു..
കേസ് കൊടുത്തു..
പക്ഷെ.. ഒന്നും ഫലം കണ്ടില്ല.
അവസാനം ഒരു കയറിന്റെ രണ്ടുതുമ്പിൽ.. ”

ആ പെൺകുട്ടി ഏങ്ങലടിച്ചു കരഞ്ഞു.

മരിയ ശ്വാസമെടുക്കാൻ പോലുമാവാതെ
നിന്നു.
തന്റെ മുന്നിൽ നിൽക്കുന്നത് ഒരു
ആത്മാവാണ് എന്ന തിരിച്ചറിവ് അവളെ ഭയപ്പെടുത്തുകയും തളർത്തിക്കളയുകയും ചെയ്തു.

“തന്റെ പേടി മാറിയില്ലേ ഇതുവരെ..
ഞാൻ തന്നെ ഒന്നും ചെയ്യാൻ വന്നതല്ലടോ ”

ആ പെൺകുട്ടി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

“പിന്നെ.. പിന്നെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്..
ഞാൻ എന്ത് ചെയ്തിട്ടാ..? ”

” താൻ ഒന്നും ചെയ്തിട്ടല്ല.. പക്ഷെ എനിക്ക് തന്റെ സഹായം വേണം..
എന്നെ ഇല്ലാതാക്കിയ ആ ദുഷ്ടനോട് എനിക്ക് പകരം ചോദിക്കണം..
അവനെ ഇല്ലാതാക്കണം.”

“ഞാൻ.. എങ്ങനെ?
ആരാ.. ആരാ തന്നെ..? ”

” അയാൾ .. ആ ദുഷ്ടൻ.. മഹേഷ്‌ നമ്പ്യാർ..
ഈ വീടിന്റെ ഉടമ.. തന്റെ സുഭദ്രേച്ചിയുടെ ഭർത്താവ്.. ”

“അയ്യോ… മഹേഷ്‌ സാറോ.. ”

മരിയ ശക്തമായി നടുങ്ങി.

” അതെ… അവൻ തന്നെ..
ഇവിടെ.. ഈ വീട്ടിൽ..
ഈ മുറിയിൽ വച്ചാണ് അയാൾ എന്നേ.. ”

“പക്ഷെ….”

“വേണ്ട.. താൻ ഒന്നും പറയണ്ട..
എന്റെ ജീവിതം തകർത്ത ആ ദുഷ്ടനെ
ഞാൻ വെറുതെ വിടില്ല. അവൻ പിടഞ്ഞു മരിക്കുന്നത് എനിക്ക് കാണണം.. താൻ എന്നെ സഹായിക്കില്ലേ.. ”

“ഞാൻ.. എനിക്ക്.. ”

“എടൊ. തന്നെപോലെ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന പെൺകുട്ടി ആയിരുന്നു ഞാനും ..
ജീവിച്ചു കൊതി തീരാത്തവൾ..
ആ എന്നെയാണ് അയാൾ.. ”

മരിയയ്ക്ക് എന്തു പറയണം എന്നറിയില്ലായിരുന്നു.
പക്ഷെ മീനുക്കുട്ടിയോടുള്ള പേടി അവളെ വിട്ടകന്നിരുന്നു.
മീനുക്കുട്ടി കരയുകയായിരുന്നു. അതുകണ്ടപ്പോൾ അവൾക്കു പാവം തോന്നി..
ആ സ്ഥാനത്തു താൻ ആയിരുന്നെങ്കിലോ..?

“ഞാൻ .. ഞാൻ എന്താ ചെയ്യേണ്ടത്..?

മീനുക്കുട്ടിയിൽ പെട്ടെന്ന് ഭാവമാറ്റമുണ്ടായി.

“വേറെയൊന്നും വേണ്ട.. ഞാൻ പറയുന്ന സ്ഥലത്ത് അയാളെ കൊണ്ടുവന്നാൽ മതി.. ”

“ഉം. ”

മരിയ താഴേക്കു ചെന്നപ്പോൾ മഹേഷ്‌ സോഫയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു.
അവളെക്കണ്ട് അയാൾ ചിരിച്ചു.

” ആ ഇപ്പോഴാണോ എണീറ്റത്.. സുഭദ്ര അത്യാവശ്യമായി ഓഫീസിലേക്ക് ഒന്ന് പോയി. തനിക്കുള്ള ഭക്ഷണം മേശപ്പുറത്തുണ്ട്.
പോയി കഴിക്ക്. ”

“അത് എനിക്ക് അത്യാവശ്യമായി
കോളേജിൽ എത്തണം.. വിരോധമില്ലെങ്കിൽ സർ ഒന്ന്
ഡ്രോപ്പ് ചെയ്യാമോ?
വളരെ അത്യാവശ്യമാണ്.. അതാ ”

“ഓ.. അതിനെന്താ വാ.. ”

അവർ
കോളജിലേക്ക് പുറപ്പെട്ടു. അതെ ഓമ്നി വാനിൽ.

കോളേജ് പടിക്കൽ ആളും തിരക്കും കുറവാണ്. കടകൾ ഒന്നുമില്ല.
കോളേജ് ഗേറ്റിൽ നിന്നല്പം ഉള്ളിലേക്ക് ആയതിനാൽ ആരും പുറത്തു നടക്കുന്നതൊന്നും അറിയുകയുമില്ല.

വാൻ വളവു തിരിഞ്ഞ് ചെന്നതും എവിടെനിന്നെന്നറിയില്ല ഒരു ലോറി പാഞ്ഞു വന്നു.
മഹേഷിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുന്നേ ഓമ്നി വാനിലേക്ക് ലോറി ഇടിച്ചു കയറി.
മരിയ കണ്ണുകൾ ഇറുക്കിയടച്ചു.
അവൾക്ക് അറിയാമായിരുന്നു താൻ സുരക്ഷിതയായിരിക്കുമെന്ന്.

മഹേഷിന്റെ ശരീരം പിടഞ്ഞു നിശ്ചലമാകുന്നത് മരിയ കണ്ടു.
മീനുക്കുട്ടിയും.
അവളുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു.
പെട്ടെന്ന് മരിയ ബോധരഹിതയായി കുഴഞ്ഞു വീണു.

കണ്ണുതുറക്കുമ്പോൾ മരിയ ആശുപത്രി കിടക്കയിലാണ്.
അരികെ മീനുക്കുട്ടിയുമുണ്ട്.

“ആ.. താൻ ഉണരാൻ കാത്തുനിൽക്കുകയായിരുന്നു ഞാൻ ..
അത്രയും വല്യ അപകടം സംഭവിച്ചിട്ട് തനിക്കു ഒന്നും പറ്റിയില്ലെന്നു വന്നാൽ ആളുകൾ സംശയിക്കില്ലേ..
അതാട്ടോ ഈ ചെറിയ മുറിവുകൾ ഞാൻ തന്നത്..
അയാൾ പോയി..
ഞാൻ അവസാനിപ്പിച്ചു .
ഒത്തിരി നന്ദിയുണ്ടെടോ എനിക്ക് തന്നോട്.. ”

മരിയ ഒന്നും സംസാരിക്കാതെ കിടന്നു.

“പിന്നെ.. വേറെ ഒരു കാര്യം..
തന്നെ ആദ്യം കണ്ടപ്പോഴേ ആ ദുഷ്ടൻ നോട്ടമിട്ടിരുന്നു .
താനറിയാതെ..
അതുകൊണ്ടാണ് അയാളെ അവസാനിപ്പിക്കാൻ ഞാൻ തന്നെ തിരഞ്ഞെടുത്തത്.
എന്റെ അവസ്ഥ ഇനി ഒരു പെണ്ണിനും വരരുത് എന്ന് ഞാൻ ഉറപ്പിച്ചു..
ഇനി തന്നെ ഞാൻ ശല്യപെടുത്തില്ല..
ഞാൻ പോവ്വാണ്..
എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.. ”

ഒരു നേർത്ത പുകച്ചുരുളായി മീനുക്കുട്ടി അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നത് മരിയ നോക്കിക്കിടന്നു.
ഒരു ചെറു പുഞ്ചിരിയോടെ… !

 

×