കുടുംബജീവിതത്തിലെ ഇണക്കവും പിണക്കവും സർവ്വസാധാരണം; ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയാത്തവർക്കു പിരിയാനുള്ള സ്വാതന്ത്ര്യം അനുവദനീയമാണെന്നിരിക്കെ ദാരുണമായി കൊലപ്പെടുത്തുക എന്നൊക്കെ പറഞ്ഞാൽ; മെറിന്റെ മരണത്തില്‍ യുവ അധ്യാപിക എഴുതുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, August 2, 2020

യുഎസില്‍ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി യുവ അധ്യാപിക ഡോ. അനുജ ജോസഫ്.

കുറിപ്പ് വായിക്കാം…

അമേരിക്കയിൽ മലയാളി നേഴ്സ് ആയ മെറിൻ ജോയി അതിദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്നു കാണുന്ന ചില വേദനാജനകമായ കാര്യങ്ങളാണ് ഇത്തരത്തിൽ ഒരു കുറിപ്പെഴുതുന്നതിനു പ്രേരിപ്പിച്ചത്. ഈ അടുത്ത ദിവസങ്ങളിൽ എവരുടെയും ചർച്ചാവിഷയം മെറിന്റെ കൊലപാതകവുമായി ബന്ധപെട്ടു വരുന്ന വാർത്തകളാണ് .

ചില വാർത്താകുറിപ്പുകൾക്കടിയിൽ തങ്ങളുടെ കാല്പനികത കുറച്ചു പേർ പങ്കു വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി,”എന്തായിരിക്കും ഇത്രയും ദേഷ്യം ഫിലിപ്പ് മാത്യു എന്ന കൊലപാതകിക്കു മെറിനോട് തോന്നാൻ കാരണം, കാര്യമായ എന്തോ ഒന്നില്ലാതെ ഇത്രയും പക തോന്നില്ല ”

ഈ അഭിപ്രായത്തെ ഏറ്റുപിടിച്ചു സംസാരിക്കുന്ന എല്ലാവരോടുമായി, സ്വന്തം കുഞ്ഞിനെ അല്ലെങ്കിൽ സഹോദരിയെയോ വല്ലവരും ഇതു പോലെയൊക്കെ ചെയ്യുമ്പോഴും നിങ്ങൾ ന്യായീകരണവുമായി, ഇതേ അഭിപ്രായത്തിൽ തുടരണം.

ആർക്കും ആരുടെയും ജീവൻ എടുക്കാനൊന്നും അവകാശമില്ല.അതും സ്വന്തം കുഞ്ഞിനെ പോലും ഓർക്കാണ്ട്, നിർദാക്ഷണ്യം ആ പെങ്കൊച്ചിന്റെ ജീവനെടുത്തവനെ ന്യായീകരിക്കാൻ നിൽക്കുന്നവരെ സമ്മതിക്കണം.

ഇവരുടെയൊക്കെ മനസ്സു ഇരുമ്പു കൊണ്ട് വല്ലോം ഉണ്ടാക്കിയതാണോ, ഇത്രയും കാടത്തമായി ചിന്തിക്കാൻ മാത്രം. കുടുംബജീവിതത്തിലെ ഇണക്കവും പിണക്കവും സർവ്വസാധാരണം, ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയാത്തവർക്കു പിരിയാനുള്ള സ്വാതന്ത്ര്യം അനുവദനീയമാണെന്നിരിക്കെ ദാരുണമായി കൊലപ്പെടുത്തുക എന്നൊക്കെ പറഞ്ഞാൽ, അയാളുടെ മാനസിക നില എന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളു.

ആ നിലയിലുള്ള വ്യക്തിയോടൊപ്പം ജീവിച്ച മെറിനെ ഓർക്കുമ്പോൾ വേദന തോന്നുന്നു. ജീവിക്കാനുള്ള അവളുടെ ആഗ്രഹം പൂവണിയാതെ പോയി. ഒരു പിഞ്ചുകുഞ്ഞിനു അമ്മയുടെ വാത്സല്യം നഷ്‌ടമായി. മാതാപിതാക്കൾക്ക് മകളെയും.

ഫിലിപ്പുമാരെ, സൂരജുമാരെ തിരഞ്ഞെടുത്തതിൽ വന്ന പിഴവാണോ, അടുത്തിടെ മെറിനും ഉത്രക്കുമൊക്കെ ജീവൻ നഷ്‌ടപ്പെടാൻ കാരണമായത്, അല്ലെങ്കിൽ യഥാസമയം പ്രതികരിക്കാഞ്ഞതാണോ പലതും നമ്മുടെ ഒക്കെ ചിന്തകളിൽ വന്നേക്കാം.

ഡിവോഴ്സ് എന്ന് കേട്ടാൽ ഹാലിളകുന്ന സമൂഹത്തെ പ്രതി മൗനം പാലിച്ചാൽ മാനസിക നില തെറ്റിയ പേപ്പട്ടികളിൽ നിന്നും ഇനിയും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷപെടുത്താൻ കഴിയില്ല.
ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയുമൊക്കെ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം ശെരിയായ തീരുമാനങ്ങളെടുക്കാൻ, പ്രതികരിക്കാൻ നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കാൻ ഇനിയും അമാന്തിക്കരുതേ.

അതോടൊപ്പം ജീവനെടുക്കൽ ഒന്നിനും പരിഹാരമല്ല, ഒരു നിമിഷമെങ്കിലും ആത്മാർത്ഥത സ്നേഹ ബന്ധങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ മെറിനോ ഉത്രക്കോ ഒന്നും ഈ ഗതി വരുമായിരുന്നില്ല.

×