കുഞ്ഞുനോറയുടെ അന്ത്യചുംബനമില്ലാതെ മെറിന് അന്ത്യയാത്ര ! യുഎസിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകില്ല ? നോറയ്ക്കുവേണ്ടി ആരംഭിച്ച ക്രൗഡ് ഫണ്ടിലേയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത് പതിനായിരം ഡോളർ ! ഒരു ലക്ഷം ഡോളർ സമാഹരിക്കുക ലക്‌ഷ്യം ! നോറയുടെ ഭാവി സുരക്ഷിതമാക്കാൻ കൈയയച്ച് സഹായിച്ച് മലയാളി സമൂഹം

ജോബി ജോസഫ്, യു എസ്, Ph: 209 531 8489
Saturday, August 1, 2020

ഫ്ലോറിഡ: കുഞ്ഞുമകൾക്ക് വീഡിയോ കോളിൽ ‘അന്ത്യ ചുംബനം’ നൽകി മിനിറ്റുകൾക്കുള്ളിൽ യുഎസിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിൻ ജോയി (27) യെ അവസാനമായി ഒരു നോക്ക് കാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹം നടക്കില്ല.

നാട്ടിലെത്തിച്ച് ഏകമകൾ കുഞ്ഞു നോറയെ ഒരു നോക്ക് അമ്മയെ കാണിക്കാനുള്ള ബന്ധുക്കളുടെ ആഗ്രഹം വിഫലമാകുകയാണ്.

എംബാം ചെയ്യാനാകാത്തതിനാൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ കഴിയാത്തതാണ് കാരണം. ഇതോടെ ശനിയാഴ്‌ച തന്നെ മൃതദേഹം ഏറ്റെടുത്ത് അമേരിക്കയിലുള്ള ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇവിടെത്തന്നെ സംസ്‌കരിക്കാനാണ് തീരുമാനം.

സംസ്‌കാരത്തിന് മുമ്പ് ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ സ്കെരാനോ ഫ്യൂണറൽ ഹോമിൽ നാളെ ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെ പൊതു ദർശനത്തിന് സൗകര്യം ഒരുങ്ങും.

വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇടപെടലുകൾ നടത്തിയെങ്കിലും മൃതദേഹം എംബാം ചെയ്യാൻ കഴിയാതെ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജോസ് കെ മാണി എംപിയും മെറിന്റെ മോനിപ്പള്ളിയിലെ വസതിയിലെത്തിയിരുന്നു.

മയാമി കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്‌സായിരുന്ന മെറിൻ ജോയിയെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശിയായ നെവിൻ  എന്ന ഫിലിപ്പ് മാത്യുവാണ് കുത്തിയും ദേഹത്തുകൂടി വാഹനം കയറ്റിയും കൊല ചെയ്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

അതിനിടെ അമ്മയും അച്ഛനും ഇല്ലാതായതോടെ മെറിന്റെ കുഞ്ഞുമകൾ നോറയ്ക്കുവേണ്ടി വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്രൗഡ് ഫണ്ടിങ്ങിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

1 ലക്ഷം ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്രൗഡ് ഫണ്ടിങ്ങിന്റെ ആദ്യമണിക്കൂറിൽ മാത്രം പതിനായിരം ഡോളറാണ് സമാഹരിച്ചത്.

ഇതിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ പണവും നോറയ്ക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നോറയുടെ ഭാവികാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനുമായാണ് പണം ചിലവഴിക്കുക. അതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ച് ഈ സംരംഭം വഴിയാകും ഫണ്ട് വിനിയോഗിക്കുക.

×