കസ്റ്റഡിയില്‍ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് കർശന ഉപാധികളോടെ വിട്ടയച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, September 24, 2020

കൊച്ചി: കസ്റ്റഡിയില്‍ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് കർശന ഉപാധികളോടെ വിട്ടയച്ചു. കസ്റ്റംസ് തീരുവയായി വെട്ടിച്ച 30 കോടി രൂപ അടക്കുന്നത് സംബന്ധിച്ച് വരുന്ന ബുധനാഴ്‍ച്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന ഉപാധിയിലാണ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്.

വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 25 കോടി രൂപ തിരിച്ചടയ്ക്കുന്നതിലും തീരുമാനം അറിയിക്കണം. ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടിലേയ്ക്കായി വിദേശത്ത് നിന്ന് 14 കോടി രൂപയുടെ സാധനങ്ങൾ കസ്റ്റംസ് തീരുവ വെട്ടിച്ച് ഇറക്കിയതിലാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമ്മാണമെന്ന് കണ്ടെത്തിയതോടെ 2013 ൽ കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതിയും ഇത് ശരിവെച്ചു. ആലപ്പുഴ ചേർത്തലയിലെ നെടിയംതുരുത്തിൽ മുത്തൂറ്റ് മിനി ഗ്രൂപ്പും കാപ്പിക്കോ കുവൈറ്റ് കമ്പനിയും ചേർന്ന് കെട്ടിപ്പൊക്കിയ റിസോർട്ടിലേക്കായി വിദേശത്ത് നിന്ന് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ആഡംബര വസ്തുക്കളാണ്. 2009 മുതൽ തുടങ്ങിയ ഇറക്കുമതിയിൽ 14 കോടി രൂപ കസ്റ്റംസ് തീരുവ വെട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.

×