ആരോഗ്യസേതു ആപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയത്തിന്‍റെ നിർദേശം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 29, 2020

ദില്ലി: ആരോഗ്യസേതു ആപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയത്തിന്‍റെ നിർദേശം. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ നാഷ്ണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനുമാണ് നിർദേശം നൽകിയത്.

നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്നാണ് വെബ് സൈറ്റിൽ പറയുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആരോഗ്യസേതു ആപ്പ് ആര് നിര്‍മ്മിച്ചെന്ന് ചോദ്യത്തിന് രണ്ട് വകുപ്പുകളും കൈമലര്‍ത്തി.

ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വന്നപ്പോൾ വിവരാവകാശ കമ്മീഷൻ തന്നെ കേന്ദ്ര സര്‍ക്കാരിനോട് വിശദാംശങ്ങൾ തേടി. അതിനും മറുപടിയില്ല. ഒടുവിൽ കേന്ദ്ര സര്‍ക്കാരിന്‍റേത് നിരുത്തരവാദപരമായ സമീപനമെന്ന് കമ്മീഷൻ വിമര്‍ശിച്ചു. ചീഫ് പബ്ളിക് ഇൻഫര്‍മേഷൻ ഓഫീസര്‍ക്കും ഇ ഗവേണ്‍സ് ഡിവിഷനും കമ്മീഷൻ വിശദീകരണം തേടി നോട്ടീസും അയച്ചു.

×