ദില്ലി: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാര്‍ലമെന്‍റിൽ ഉന്നയിച്ച് കോൺഗ്രസ് എംപി കെസി വേണുഗോപാൽ.
ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചൈനീസ് നിരീക്ഷണം ഗൗരവകരമാണന്നും തുടര്‍നടപടികൾ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.