Advertisment

സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് മുഖ്യമന്ത്രി കരുതണ്ട: മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സമാധാനപരമായി നടത്തുന്ന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് മുഖ്യമന്ത്രി കരുതണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത്‌കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ നരനായാട്ടാണ് പോലീസ് നടത്തിയത്. യുവതികളെ മൃഗീയമായിട്ടാണ് തല്ലിച്ചത്തച്ചത്. പോലീസ് രാജാണോ സംസ്ഥാനത്ത് നടക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാത്തരം അഴിമതിയുടേയും ക്രമക്കേടുകളുടേയും പ്രഭവ കേന്ദ്രമായി മാറിയപ്പോള്‍ കള്ളക്കടത്തുകാര്‍ക്കും മയക്കുമരുന്നു ലോബിക്കും സഹായമെത്തിക്കുന്ന കാള്‍ സെന്ററായി എ.കെ.ജി സെന്റര്‍മാറിയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കുത്തഴിഞ്ഞ സാമ്പത്തിക രംഗമാണ് ഇപ്പോള്‍ സംസ്ഥാനത്ത്. ആഡംബരം, ധൂര്‍ത്ത്, സ്വജനപക്ഷപാതം, പിന്‍വാതില്‍ നിയമനം, അഴിമതി, കള്ളക്കടത്ത് ഇതൊക്കെയാണ് സര്‍ക്കാരിന് താല്‍പ്പര്യം.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കുപ്രസിദ്ധകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ്. ഇത് കേരളത്തിന് അപമാനമാണ്. സി.പി.എം നേതാക്കളുടെ മക്കളും മന്ത്രിമാരും ഉള്‍പ്പെടെ നടത്തുന്ന ക്രമക്കേടുകളെ കുറിച്ചൊന്നും മുഖ്യമന്ത്രി അറിഞ്ഞഭാവം നടിക്കുന്നില്ല. പകരം അവര്‍ നടത്തുന്ന ക്രമക്കേടുകളെ വെള്ളപൂശാനാണ് മുഖ്യമന്ത്രി തുടരെത്തുടരെ ശ്രമിക്കുന്നത്.

അധികാരവികേന്ദ്രീകരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചായത്ത് രാജ് ബില്ലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് സി.പി.എം നേതാക്കള്‍. ഈ സംവിധാനവുമായി ഒരു വൈകാരിക ബന്ധവുമില്ലാത്തവരാണ് ഇവര്‍.

സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കേരള സര്‍ക്കാര്‍ തകര്‍ത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍, പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ആനാട് ജയന്‍, ജിവി ഹരി, ജോണ്‍ വിനേഷ്യസ്, അന്‍സജിത റസല്‍, വിനോദ്കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

mullappally ramachandran
Advertisment