ഒന്നരമാസം മുമ്പ് ഉപേക്ഷിച്ചു പോയ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍; സങ്കടം താങ്ങാനാകാതെ മൂന്നു മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി; സംഭവം മുംബൈയില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Monday, June 29, 2020

മുംബൈ : ഒന്നരമാസം മുമ്പ് ഉപേക്ഷിച്ചു പോയ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ കണ്ട സങ്കടത്തില്‍ മൂന്നുമക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
. മൂന്നു മക്കളുടെ കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ കുടുംബ പ്രശ്നങ്ങളായിരിക്കാമെന്ന് പൊലീസ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസൊപര ബാബുൽപാഡ സ്വദേശി കൈലാഷ് പാമറാണ്(35) ശനിയാഴ്ച മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

ഇയാളുടെ ഭാര്യ ഒന്നര മാസം മുൻപ് വീട് ഉപേക്ഷിച്ചു പോയിരുന്നു. പച്ചക്കറി വിൽപനക്കാരനായ കൈലാഷിന് ലോക്‌ഡൗൺ സമയത്ത് ജോലിയില്ലാതായതിനെത്തുടർന്നാണ് ഭാര്യ ഇറങ്ങിപ്പോയത്. തുടർന്ന് മാനസിക വിഷമത്തിലായിരുന്നു ഇയാളെന്ന് പിതാവ് വിജു പാമർ പൊലീസിനോടു പറഞ്ഞു.

ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടതിന് പിന്നാലെയാണ് മക്കളെ കൊലപ്പെടുത്തി ഇയാളും ആത്മഹത്യ ചെയ്യുന്നത്. ശനിയാഴ്ച രാവിലെയാണ് ഫോട്ടോ ഫേസ്ബുക്കില്‍ കാണുന്നത്. ഇതോടെ കൈലാഷ് അസ്വസ്ഥനായി കാണപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്.

പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൈലാഷ് കഴിഞ്ഞിരുന്ന വാടകവീട്ടില്‍ വെച്ച്‌ ശനിയാഴ്ചയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. 12 വയസ്സുകള്ള മകനും എട്ടും മൂന്നും വയസ്സുള്ള പെണ്‍മക്കള്‍ക്കുമൊപ്പമാണ് കൈലാഷ് താമസിച്ചിരുന്നത്.

വൈകിട്ട് പിതാവെത്തി വിളിച്ചെങ്കിലും ചായ കുടിക്കാന്‍ കൈലാഷ് പോയിരുന്നില്ല. വീടിനുള്ളില്‍ നിന്ന് ആരെയും പുറത്തേക്ക് കാണാതായതോടെ വീണ്ടും പിതാവ് വന്ന് അന്വേഷിച്ചപ്പോള്‍ വീട് പൂട്ടിയ നിലയില്‍ ആയിരുന്നു. ഇതോടെ സമീപവാസികളുമായെത്തി വാതില്‍ തല്ലിപ്പൊളിച്ചപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുടെയും കഴുത്തറുത്ത നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

×