‘‘എനിക്കു മരിക്കാൻ പേടിയാണ്; തിരികെ പോകാം, എലിവിഷം കഴിക്കുന്നതിനു മുൻപും പാലത്തിൽ നിന്നു ചാടുന്നതിനു മുൻപും പലവട്ടം പറഞ്ഞതാണ്; മരിക്കാൻ പേടിയാണെന്നു പറഞ്ഞതോടെ ഷാൾ കയ്യിൽ കെട്ടിയ ശേഷം ആറ്റിലേക്കു ചാടി; ഒരു നിമിഷത്തെ അവിവേകം എല്ലാം ഇങ്ങനെയാക്കി; മുണ്ടക്കയത്ത് വിഷം കഴിച്ച് ആറ്റില്‍ച്ചാടിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, June 29, 2020

മുണ്ടക്കയം : വര്‍ഷങ്ങളായുള്ള പീഡനം പുറത്തറിയുമെന്ന ഭയത്തില്‍ കഴിഞ്ഞയാഴ്ച്ചയാണ് രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച ശേഷം കൈകള്‍ കൂട്ടിക്കെട്ടി മണിമലയാറ്റില്‍ ചാടിയത്. നാട്ടുകാര്‍ സംഭവം കണ്ടതിനെ തുടര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പീഡനത്തിനിരയായ 15കാരിയുടെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.

‘‘എനിക്കു മരിക്കാൻ പേടിയാണ്. തിരികെ പോകാം. എലിവിഷം കഴിക്കുന്നതിനു മുൻപും പാലത്തിൽ നിന്നു ചാടുന്നതിനു മുൻപും പലവട്ടം പറഞ്ഞതാണ്. പക്ഷേ, ഒരു നിമിഷത്തെ അവിവേകം എല്ലാം ഇങ്ങനെയാക്കി.’’– കൂട്ടുകാരിയെ ഇന്നലെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോൾ പൊലീസിനു ലഭിച്ച മറുപടി ഇങ്ങനെ. കൂട്ടുകാരിയുടെ നിർബന്ധത്തെത്തുടർന്നാണ് ആറ്റിൽ ചാടിയതെന്നാണു വിദ്യാർഥിനി പൊലീസിനു നൽകിയ മൊഴി.

കേസിൽ പ്രതിയായ അജിത്തിനെ കാണാൻ പോകണമെന്നും വീട്ടിൽ നിന്നു വിടാനായി എന്തെങ്കിലും കാരണം വല്യമ്മയോടു പറയണമെന്നും കൂട്ടുകാരി സംഭവദിവസം പറഞ്ഞു. ‘എനിക്കു കലശലായ വയറുവേദനയാണെന്നും ആശുപത്രിയിലേക്കു അവളെയും ഒപ്പം വിടണമെന്നും’ വല്യമ്മയോടു ഫോണിൽ വിളിച്ചുപറഞ്ഞ് അനുവാദം വാങ്ങി. റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണണമെന്നു നുണ പറഞ്ഞു വീട്ടിൽനിന്നിറങ്ങി കോരുത്തോട്ടിലെത്തി.

അവിടെ നിന്നു കണ്ടങ്കയത്തു വനത്തിനു സമീപം കൂട്ടുകാരിക്കൊപ്പം എത്തി. അജിത്തും മറ്റൊരു സുഹൃത്തും ഈ സമയം സ്ഥലത്തെത്തി. കൂട്ടുകാരി അജിത്തുമായി വനത്തിലൂടെ നടന്നു. ഇൗ സമയം പഞ്ചായത്തിലെ ഒരു ആരോഗ്യപ്രവർത്തക ഇതുവഴി എത്തി. ഇരുവരെയും സംശയാസ്പദമായി കണ്ടതു ചോദ്യം ചെയ്ത ഇവർ സംഭവം വീട്ടിൽ അറിയിച്ചേക്കുമെന്നു ഭയന്ന കൂട്ടുകാരി ജീവനൊടുക്കാമെന്നു പറഞ്ഞു.

പിന്നീടു മുണ്ടക്കയത്ത് എത്തി എലിവിഷം വാങ്ങി ബൈപാസ് റോഡിലൂടെ നടന്ന് വെള്ളനാടിയിൽ എത്തി വിഷം കഴിച്ചു. തിരികെ പോകാമെന്നു പലവട്ടം പറഞ്ഞിട്ടും അവൾ കേട്ടില്ല. മരിക്കാൻ പേടിയാണെന്നു പറഞ്ഞതോടെ ഷാൾ കയ്യിൽ കെട്ടിയ ശേഷം ആറ്റിലേക്കു ചാടി.

കേസിൽ അറസ്റ്റിലായ എരുമേലി ചെറുവള്ളി ചീരൻപടവിൽ രാഹുൽരാജ് (20), കോരുത്തോട് സ്വദേശികളായ കണ്ണങ്കേരിൽ മഹേഷ് (20), ഏന്തംപടിക്കൽ അനന്തു (20) എന്നിവർ റിമാൻഡിലാണ്. ആത്മഹത്യയ്ക്കു ശ്രമിച്ച ദിവസം ഉൾപ്പെടെ പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കോരുത്തോട് സ്വദേശി അജിത്ത് (20) ഒളിവിലാണ്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ ഇന്നലെ കോട്ടയത്തെ മഹിളാ മന്ദിരത്തിലേക്കു മാറ്റി.

×