യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയം

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, September 24, 2020

തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെ(30)യാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിത്തില്‍ ഭര്‍ത്താവ് ഷഹന്‍സാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം.

വടക്കേക്കരയിലുള്ള ഷഹന്‍സാദിന്റെ  പിതാവ് അറിയിച്ചത് അനുസരിച്ച് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലുള്ളില്‍ മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പതും മൂന്നും വയസ്സുള്ള കുട്ടികളെ ഇയാള്‍ വടക്കേക്കരയിലെ സ്വന്തം വീട്ടിലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു.

ഷഹന്‍സാദ് മക്കളുമായി ഇവിടെയെത്തിയിട്ടുണ്ടെന്നും മരുമകള്‍ ഇല്ലെന്നും എന്താണ് സംഭവമെന്ന് അന്വേഷിക്കാനും പിതാവ് സമീപവാസിയായ ഒരാളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമീപവാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രവാസിയായ ഷഹന്‍സാദ് നാട്ടിലെത്തി മത്സ്യക്കച്ചവടം നടത്തുകയായിരുന്നു.

×