ചൊവ്വയിൽ നിന്ന് പ്രാചീനമായ പാറക്കഷ്ണങ്ങളിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ നാസ; ചരിത്രത്തിലാദ്യം !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, November 16, 2020

ചൊവ്വയിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ നാസ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നീക്കത്തിന് നാസയുടെ ശ്രമം. നിർണായക പഠനങ്ങൾക്ക് ഇത് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് നാസ.

ചൊവ്വയിലെ പ്രാചീനമായ പാറക്കഷ്ണങ്ങളിലെ സാമ്പിളുകളാണ് ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കുക. ഇക്കാര്യം നവംബർ പത്തിന് പുറത്തിറക്കിയ റിവ്യൂ റിപ്പോർട്ടിൽ നാസ ഭരണസമിതി വിശദമാക്കിയിട്ടുണ്ട്. യൂറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്നാണ് നാസ ഈ വലിയ പദ്ധതി പൂർത്തീകരിക്കുക. റോബോട്ടുകളെ ഉപയോഗിച്ചുള്ള പര്യവേഷണമാണ് ചൊവ്വയിൽ നാസ നടത്തുക.

നാസയുടെ മാർസ് 2020 പെർസീവറൻസ് റോവർ ഉപയോഗിച്ചാവും സാമ്പിളുകൾ സേഖരിക്കുക. ചൊവ്വയിലെ പാറകഷ്ണങ്ങളിൽ നിന്നും മണ്ണിൽ നിന്നുമാണ് സാമ്പിളെടുക്കുന്നത്. ട്യൂബുകളിൽ ഈ സാമ്പിളുകൾ നിറയ്ക്കും. അതിനാണ് റോവറിന്റെ സഹായം. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റോവറും സാമ്പിൾ ശേഖരണത്തിൽ പങ്കാളികളാകും.

തുടർന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഈ സാമ്പിളുകളുമായി എത്തും. ശേഷം ഭൂമിയിലേക്ക് മടങ്ങാനുള്ള ഓർബിറ്ററിൽ ഇത് ഭൂമിയിലെത്തിക്കും. ജീവന്റെ സാന്നിധ്യം എപ്പോഴെങ്കിലും ചൊവ്വയിൽ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ ഈ സാമ്ബിളുകൾ കൊണ്ട് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ചൊവ്വയുടെ ജൈവിക മണ്ഡലത്തെ കുറിച്ചും ഇതിലൂടെ അറിയാം.

ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനും പുതിയ ഗവേഷണ പദ്ധതി സഹായകരമാകുമെന്നാണ് നാസയുടെ വിലയിരുത്തൽ. എന്നാൽ ഇതിന് ഇനിയും വർഷങ്ങൾ എടുത്തേക്കും. ചൊവ്വാ പര്യവേഷണത്തിൽ വലിയ പുരോഗതി നേടുകയും, സാങ്കേതിക മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യുന്ന കാര്യമാണിതെന്നും നാസ വിലയിരുത്തുന്നു.

×