നെട്ടൂരിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പക: യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി ഉൾപ്പടെ രണ്ടു പേർ കൂടി അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, September 24, 2020

കൊച്ചി: നെട്ടൂരിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പക പറഞ്ഞു തീർക്കാമെന്നു പറഞ്ഞ് വിളിച്ചു‌വരുത്തി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി ഉൾപ്പടെ രണ്ടു പേർ കൂടി അറസ്റ്റിൽ.

മുഖ്യപ്രതി ജോമോന്റെ കാമുകി കോഴിക്കോട് വടകര കാവിലംപാറ അനില മാത്യു (25), പനങ്ങാട് മാടവന അപ്പനേത്തു വീട്ടിൽ എ.എസ്.അതുൽ (29) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി.

കൊല്ലപ്പെട്ട ഫഹദിനെ കുത്തിയ കത്തിയും കഞ്ചാവും അനിലയുടെ സ്കൂട്ടറില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനു പുറമേ കത്തിയും സ്കൂട്ടറും ഒളിപ്പിക്കാൻ കൂട്ടു നിന്നതിനും കൊലപാതകത്തിന് ഒത്താശ ചെയ്തതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണ് അനിലയുടെ അറസ്റ്റ്.

പ്രതികളായ നിതിൻ, ജയ്സൺ, ജോമോൻ എന്നിവരോടൊപ്പം കളമശ്ശേരിയിലെ ഫ്ലാറ്റിൽ അനില താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.

കേസിലെ പ്രതിയും കഞ്ചാവ് ഇടപാട് കേസിൽ നേരത്തെ അറസ്റ്റിലായി പുറത്തു വന്നതുമായ ശ്രുതിക്കു വേണ്ടി പ്രതികളിലൊരാളായ റോഷനുമായി സംസാരിച്ചത് അനിലയുടെ ഫോണിൽ നിന്നായിരുന്നു എന്നും കണ്ടെത്തി. അതുലിനെ തെളിവെടുപ്പിനായി രണ്ടു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

×