ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ഐഎസ്‌ഐയ്ക്കു ചോര്‍ത്തി നല്‍കി; വിശാഖപട്ടണം ചാരവൃത്തി കേസില്‍ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 15, 2020

ഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയ്ക്കു ചോര്‍ത്തി നല്‍കിയ വിശാഖപട്ടണം ചാരവൃത്തി കേസില്‍ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. രഹസ്യം ചോര്‍ത്തിയ നാവിക ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കിയ ഗിറ്റേലി ഇമ്രാന്‍ ആണ് പിടിയിലായത്.

ഗുജറാത്തിലെ ഗോധ്ര സ്വദേശിയായ ഇമ്രാന്‍ ഐഎസ്‌ഐയുമായി നിരന്തര ബന്ധം പുലര്‍ത്തിയതായി എന്‍ഐഎ കണ്ടെത്തി. ഇന്ത്യയിലും പാകിസ്ഥാനിലുമായി വസ്ത്രവ്യാപാരം നടത്തിയിരുന്ന ഇയാളാണ്, ഐഎസ്‌ഐക്കു വേണ്ടി ഇവിടെ പണമിടപാടു നടത്തിയിരുന്നത്.

രഹസ്യം ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച് ഇയാള്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയുടെ നാവിക രഹസ്യങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ ഐഎസ്‌ഐയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം, യുഎപിഎ, ഔദ്യോഗിക രഹസ്യ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നാവിക ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങള്‍ മുഖേന പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടതായി നേരത്തെ വ്യക്തമായിരുന്നു.

 

×