നൂര്‍ മഹലിലെ ഒരു ക്വാറന്റൈന്‍ മാതൃക

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, June 23, 2020

നിസാര്‍ അലങ്കാര്‍-കുവൈത്ത്

ചില ശുഭ വാര്‍ത്തകള്‍ അങ്ങിനെയാണ്…
പ്രതിസന്ധികളുടെ കനല്‍ വഴികളിലും അത് മനസ്സിനെ വല്ലാതെയങ്ങ് സന്തോഷഭരിതമാക്കും. ഈ ലോക്ഡൗണ്‍ കാലത്ത് അറിയാനിടയായ നന്മനിറഞ്ഞ അത്തരം ഒരു പ്രവൃത്തിയെ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്.

നാട്ടു വിശേഷങ്ങളും മറ്റുമൊക്കെ സംസാരിക്കുന്നതിനിടയിലാണ് ബഹുമാന്യനായ കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ തന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ചെയ്ത വിവരം അറിയാനിടയായത്. മാത്രവുമല്ല അദ്ദേഹം താഴത്തെ നിലയില്‍ താമസിക്കുന്നുമുണ്ട്.

പ്രവാസികള്‍ നാട്ടിലേക്ക് വരുന്നുണ്ടെന്നറിയുമ്പോള്‍ കൂടെപ്പിറപ്പുകള്‍ പോലും ഓടിയൊളിക്കുന്ന ഈ കോവിഡ് കാലത്ത് …ക്വാറന്റൈന്‍ കാലം കഴിഞ്ഞ പ്രവാസിയുടെ വീട്ടുകാര്‍ക്ക് പോലും അയിത്തം കല്‍പ്പിക്കപ്പെടുന്ന നിലവിലെ സാഹചര്യങ്ങളില്‍ …അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം പരസ്നേഹത്തിന്റെയും ഹൃദയ വിശാലതയുടെയും ഉദാത്തമായൊരു മാതൃകയാണ്.

കൊറോണ വ്യാപനത്തെ കുറിച്ചുള്ള ശരിയായ അവബോധമില്ലാത്തതാണ് നാടണയുന്ന പ്രവാസികളോടുള്ള നാട്ടുകാരുടെ ക്രൂരമായ സമീപനങ്ങള്‍ക്ക് കാരണമാകുന്നത്.

ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് പ്രവാസികള്‍ ക്വാറന്റൈന് വിധേയരാവുന്നത്. അതില്‍ തന്നെ ബഹുഭൂരിഭാഗം പേരും രോഗലക്ഷണമൊന്നുമില്ലാതെ ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കുന്നവരുമാണ്.

നൂര്‍മഹലിലെ നന്മയുടെ പ്രകാശം പരത്തുന്ന ഈ സദ്പ്രവര്‍ത്തനം , കോവിഡ് ഭീതി മൂലം ഹൃദയാന്തരങ്ങളില്‍ അന്ധത ബാധിച്ചവര്‍ക്ക് തെറ്റുകള്‍ തിരുത്തി നന്മകളെ വീണ്ടെടുക്കാനുളള ഒരു പ്രചോദനമാവട്ടെ എന്ന് പ്രത്യാശിക്കാം.

ആദരണീയരായ ബാഫഖി കുടുംബത്തിന്റെ മഹത്തായ പൈതൃകം കാത്തുസൂക്ഷിച്ചു കൊണ്ട് ,കൊയിലാണ്ടിയിലെ സാമൂഹിക രാഷ്ട്രീയ സേവന പ്രവര്‍ത്തനങ്ങള്‍ക്കും, മറ്റു പ്രശ്ന പരിഹാരങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ക്ക് പ്രവാസ ലോകത്ത് നിന്നും ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്.

എല്ലാ GCC രാജ്യങ്ങളിലുമുളള തന്റെ നാട്ടുകാരായ പ്രവാസികളുടെ വിഷയങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്ന അദ്ദേഹം, അവര്‍ക്കാവശ്യമായ മരുന്നുകളെത്തിക്കുന്നതിലും, ഫ്ലൈറ്റുകള്‍ ലഭ്യമാക്കുന്നതിലും, അവരുമായി ബന്ധപ്പെട്ട മറ്റെല്ലാ വിഷയങ്ങളിലും നിസ്തുലമായ സേവനങ്ങളാണ് ചെയ്തു വരുന്നത്. നാഥന്‍ സ്വീകരിക്കട്ടെ!

സാന്ദര്‍ഭികമായി ഒരു കാര്യം കൂടി സൂചിപ്പിക്കുകയാണ്.

ഗള്‍ഫിലെ ബാച്ചിലര്‍ അക്കമഡേഷനുകളില്‍ കൂട്ടമായി താമസിക്കുന്ന ഒരാള്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ കൂടെയുളളവര്‍ താങ്ങായി നില്‍ക്കുകയാണ്. അവര്‍ക്കാവശ്യമായ മരുന്നെത്തിച്ചും, ഭക്ഷണം പാകം ചെയ്തു കൊടുത്തും സമാശ്വാസത്തിന്റെ തണല്‍ വിരിക്കുകയാണ്… അതിന്നവരെ പ്രേരിപ്പിക്കുന്നത് ജാതിയോ,മതമോ മറ്റു ബന്ധങ്ങളോ ഒന്നുമല്ല…കളങ്കമില്ലാത്ത പര സ്നേഹമാണ്….മനുഷ്യത്വമാണ്.

ഇടുങ്ങിയ റൂമുകളില്‍ അസൗകര്യങ്ങളുടെ നടുവില്‍ താമസിക്കുന്നവരുടെ ഈ വിശാല മനസ്കതയിലും, നന്മയുടെ കാവലാളുകളായി കാരുണ്യത്തിന്റെ വാഹകരായി, അവര്‍ക്കു വേണ്ട മരുന്നും ഭക്ഷണവും മറ്റു മാനസിക പിന്തുണയുമെല്ലാം നല്‍കുന്ന, KMCC യുടെയും മറ്റു സന്നദ്ധ സേവന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലും, മനസ്സിന് മാരക വൈറസ് ബാധിച്ച ചില നാട്ടുകാര്‍ക്കും മഹത്തായൊരു മാതൃകയുണ്ട്.

×