ജസ്റ്റിസ് എന്‍വി രമണ്ണ – വിവാദങ്ങളിൽ സുപ്രീം കോടതി സീനിയർ ജഡ്‌ജി !

പ്രകാശ് നായര്‍ മേലില
Wednesday, October 14, 2020

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ശ്രീ വൈഎസ് ജഗൻ മോഹൻ റെഡ്ഢി, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്തിൽ സുപ്രീം കോടതി സീനിയർ ജഡ്‌ജിയും അടുത്ത ചീഫ് ജസ്റ്റിസുമാകേണ്ട ജസ്റ്റിസ് എന്‍വി രമണ്ണക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

8 പേജുകളുള്ള കത്തിൽ അദ്ദേഹം പറയുന്നത് “ഞാൻ പൂർണ്ണ ഉത്തരവാദിത്വത്തോടുകൂടിയാണ് ഈ പ്രസ്താവ്യങ്ങൾ നടത്തുന്നതെന്നാണ്”. ജസ്റ്റിസ് രമണ്ണയ്ക്കെതിരേ അദ്ദേഹമുയർത്തുന്ന പ്രധാന ആരോപണങ്ങൾ ഇവയാണ്:

” റ്റിഡിപി നേതാവും മുൻമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ജസ്റ്റിസ് എന്‍വി രമണ്ണയും തമ്മിലുള്ള അടുപ്പം വളരെ പ്രസിദ്ധമാണ്”.

” ജസ്റ്റിസ് എന്‍വി രമണ്ണ ഹൈക്കോടതിയിലെ സിറ്റിങ്ങുകളിൽ ഇടപെടുന്നു. ഇതിൽ ചില ജസ്റ്റിസുമാരുടെ റോസ്റ്ററും ഉൾപ്പെടുന്നു. തെലുങ്കുദേശം പാർട്ടിയുമായി ബന്ധപ്പെട്ട കേസുകൾ ചില പ്രത്യേക ജസ്റ്റിസുമാരുടെ ബഞ്ചിൽ നൽകപ്പെടുന്നു. ഇതിൽനിന്നും ജസ്റ്റിസ് എന്‍വി രമണ്ണ, തെലുങ്കുദേശം പാർട്ടി, ഏതാനും ജഡ്ജിമാർ ഉൾപ്പെടെയുള്ളവരുടെ ദുരൂഹ കൂട്ടുകെട്ട് നിലനിൽക്കുന്നതായി തെളിയുന്നു”.

തൻ്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട നിരവധി രേഖകളും കോടതി ഉത്തരവുകളും ശ്രീ ജഗൻ മോഹൻ റെഡ്ഢി കത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.

മുൻപും ജസ്റ്റിസ് എന്‍വി രമണ്ണയെപ്പറ്റി പല ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. 2017 ൽ അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചെലമേശ്വർ, ചീഫ് ജസ്റ്റിസിനെഴുതിയിരുന്ന കത്തിലും ജസ്റ്റിസ് എന്‍വി രമണ്ണയും ചന്ദ്ര ബാബു നായിഡുവുമായുള്ള സൗഹൃദത്തെപ്പറ്റിയും എക്സിക്യൂട്ടീവും ജ്യുഡീഷ്യറിയും തമ്മിൽ ഉരുത്തിരിയുന്ന നിയമവിരുദ്ധമായ ഈ കൂട്ടുകെട്ടിനെപ്പറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന്റെ ഫലമായി അന്ന് ചന്ദ്രബാബു നായിഡുവിന്റെ ആഗ്രഹപ്രകാരം ജസ്റ്റിസ് രമണ്ണ നിർദ്ദേശിച്ച ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലെ 6 ജഡ്ജിമാരുടെ നിയമന ശുപാർശകളും സുപ്രീം കോടതി കൊളീജിയം തള്ളിക്കളയുകയും പകരം പുതിയ ജഡ്‌ജിമാരെ നിയമിക്കുകയുമായിരുന്നു.

കേരളത്തിലെ ലാവ്ലിൻ കേസ് അപ്പീൽ കേൾക്കുന്നത് നീട്ടിവയ്ക്കുന്നതിൽ ചന്ദ്രബാബു നായിഡു മുഖാന്തിരം ജസ്റ്റിസ് രമണ്ണയിൽ ചെലുത്തപ്പെട്ട സമ്മർദ്ദമാണെന്നും ഇതിൽ 100 കോടിയുടെ കൈക്കൂലി നൽകപ്പെട്ടിട്ടുണ്ടെന്നും ക്രൈം പത്രാധിപർ നന്ദകുമാർ അടുത്തിടെ ആരോപിച്ചിരുന്നു.

1957 ആഗസ്റ്റ് 27 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ച ജസ്റ്റിസ് നാഥുലാപതി വെങ്കട്ട രമണ്ണ 1983 ഫെബ്രുവരി 10 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുന്നത്. അക്കാലത്ത് ചന്ദ്രബാബുനായിഡു മുഖ്യമന്ത്രിയായതോടെ അദ്ദേഹം ആന്ധ്രാ പ്രദേശ് സംസ്ഥാന അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിതനാക്കപ്പെട്ടു.

2000 ജൂൺ 27 ന് അദ്ദേഹം ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടു. 2013 ൽ മൂന്നു മാസക്കാലം ആന്ധ്രാ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജുസ്റ്റിസായി പ്രവർത്തിച്ചു.

2013 സെപ്റ്റംബറിൽ അദ്ദേഹം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായശേഷം 2017 ഫെബ്രുവരി 17 ന് സുപ്രീം കോടതി ജഡ്ജിയുമായി. ഇപ്പോൾ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയറായ ജഡ്ജി, ജസ്റ്റിസ് എന്‍വി രമണ്ണയാണ്.

രണ്ടുവർഷത്തെ സർവീസ് അദ്ദേഹത്തിന് ബാക്കിയുണ്ട് അതായത് 2022 ആഗസ്റ്റ് 26 ന് അദ്ദേഹം റിട്ടയർ ചെയ്യപ്പെടും. 2021 ഏപ്രിൽ 23 ന് നിലവിലെ ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സ്ഥാനമൊഴിയുമ്പോൾ മറ്റത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ സീനിയറായ ജസ്റ്റിസ് എന്‍വി രമണ്ണയാകും അടുത്ത ചീഫ് ജസ്റ്റിസ്.

×