ലോക്ഡൗണ്‍ കാലത്ത് തമാശയ്ക്ക് വേണ്ടി ഓട്ടന്‍തുള്ളലിന്റെ കിരീടം നിര്‍മ്മിച്ചു! ആദ്യകിരീടം തന്നെ ജോറായെന്ന് കമന്റ്… കിരീട നിര്‍മ്മാണത്തിന്റെ തിരക്കിലാണ് ഫാര്‍മസിസ്റ്റ് നാരായണൻ

സുനില്‍ പാലാ
Thursday, October 1, 2020

പാലാ:  പയപ്പാര്‍ സ്വദേശിയും പാലായിലെ ഒരു സഹകരണ മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുമായ സി.ഡി. നാരായണനാണിപ്പോൾ ഓട്ടന്‍തുള്ളലിന്റെ കിരീടനിര്‍മ്മാണത്തിന് തുടരെ ഓര്‍ഡര്‍ കിട്ടുന്നത്.

ലക്ഷണമൊത്ത കിരീടം ആദ്യമായി നാരായണന്‍ നിര്‍മ്മിച്ചത് പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ പാലാ കെ.ആര്‍. മണിയുടെ ഉപദേശ നിര്‍ദ്ദേശങ്ങളോടെയാണ്.

ആദ്യകിരീടം തന്നെ ജോറായെന്ന് മണി അഭിപ്രായപ്പെട്ടതോടെ മറ്റ് തുള്ളല്‍ കലാകാരന്‍മാരും കിരീടത്തിനായി നാരായണനെ തേടിയെത്തി തുടങ്ങി.

ഈ ലോക്ഡൗണ്‍ കാലത്ത് മൂന്ന് മാസം മുമ്പാണ് നാരായണന്‍ ആദ്യ കിരീടം നിര്‍മ്മിച്ചത്. ഇപ്പോള്‍ 7 കിരീടങ്ങള്‍ക്ക് ഓര്‍ഡര്‍ ആയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. തുള്ളലുമായി പഴയൊരു ബന്ധവും നാരായണനുണ്ട്. ഇളയമകള്‍ ശ്രീജയ സ്‌കൂള്‍ കലോത്സവങ്ങളില്‍ ഓട്ടന്‍തുള്ളലില്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

കഴിഞ്ഞവര്‍ഷം നാരായണന്‍ സ്വന്തമായി എഴുതി പരിശീലിച്ച ഓട്ടന്‍തുള്ളല്‍ പയപ്പാര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രോത്സവത്തില്‍ അവതരിപ്പിച്ചിരുന്നു. പണ്ട് സ്‌കൂള്‍ കലോത്സങ്ങളില്‍ മകളുടെ തുള്ളലിന് പാട്ട് പാടിയിരുന്നതും ഇദ്ദേഹമാണ്. ഇക്കാര്യത്തിലും മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല.

പയപ്പാര്‍ ചെറുവള്ളില്‍ ഇല്ലം കുടുംബാംഗമാണ് നാരായണന്‍. ഭാര്യ രാജമ്മയും കോട്ടയത്ത് സ്‌കൂള്‍ അധ്യാപികയായ മൂത്തമകള്‍ കലയും ഗള്‍ഫില്‍ സര്‍ക്കാര്‍ നേഴ്‌സായ ഇളയമകള്‍ ശ്രീജയയും നാരായണന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു.

നേരത്തെ പഠിച്ചിട്ടില്ലെങ്കിലും ചിത്രകലയിലും കഥകളി പ്രതിമകള്‍ നിര്‍മ്മിക്കുന്നതിലും വിദഗ്ധനാണീ 68-കാരന്‍.

×