Advertisment

രാജ്യസഭാ തെരഞ്ഞെടുപ്പുണ്ടായാൽ വെട്ടിലാകുന്നത് പി ജെ ജോസഫ് ! ഇലക്ഷൻ കമ്മീഷൻ നിയമവും നിയമസഭാ രേഖകളും ജോസഫിനെതിര് ? റോഷി അഗസ്റ്റിൻ വിപ്പ് നൽകിയാൽ വെട്ടിലാകുന്നത് ജോസഫും സിഎഫും മോൻസും ! 

New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പുണ്ടായാൽ കേരളാ കോൺഗ്രസ് എംഎൽഎമാർക്ക് വിപ്പ് നൽകാനുള്ള അധികാരം തനിക്കായിരിക്കുമെന്ന പി ജെ ജോസഫിന്റെ അവകാശവാദം നിലനിൽക്കില്ലെന്ന് നിയമ വൃത്തങ്ങൾ.

നിലവിൽ നിയമസഭാ രേഖകളിലും വെബ്‌സൈറ്റിലും കേരളാ കോൺഗ്രസ് വിപ്പ് റോഷി അഗസ്റ്റിൻ എന്ന് രേഖപെടുത്തിയിരിക്കുന്നതിനാൽ വിപ്പ് അധികാരം റോഷിക്കുതന്നെയായിരിക്കുമെന്നാണ് നിയമ വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്.

ഒരു രാഷ്ട്രീയ പാർട്ടിയിൽ പിളർപ്പ് സംഭവിച്ചാൽ ആ പിളർപ്പിന് കാരണമാകുന്ന അവിചാരിത സംഭവം ഏതാണോ, അതെന്ന് സംഭവിച്ചോ, അന്നത്തെ തൽസ്ഥിതി ആയിരിക്കും ഇലക്ഷൻ കമ്മീഷന്റെ ഭാഗത്തുനിന്നും അന്തിമ തീർപ്പ് ഉണ്ടാകുന്നതു വരെ പാലിക്കേണ്ടത് എന്നതാണ് ഇലക്ഷൺ കമ്മീഷൻ നിയമം.

ഏറ്റവും ഒടുവിൽ ജയലളിതയുടെ മരണത്തെ തുടർന്ന് അണ്ണാ ഡിഎംകെയിൽ പിളർപ്പുണ്ടാകുകയും 18 എംഎൽഎമാരെ പുറത്താക്കുകയും ചെയ്ത വിവാദ സാഹചര്യം ഉണ്ടായപ്പോഴും ജയലളിത മരിച്ച ദിവസത്തെ തൽസ്ഥിതി എന്താണോ അത് തുടരട്ടെ എന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ തീരുമാനം.

കേരളാ കോൺഗ്രസുകളുടെ കാര്യത്തിലും ഇതുതന്നെ ബാധകമായിരിക്കും. കെ എം മാണി മരിച്ച ദിവസത്തെ തൽസ്ഥിതി എന്താണോ അത് തുടരാനാണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനം.

ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കെ എം മാണിയുടെ മരണശേഷം പാർട്ടി വിപ്പിനെ മാറ്റി പുതിയ വിപ്പായി മോൻസ് ജോസഫിനെ നിയമിച്ചതായി കാണിച്ച് പി ജെ ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയെങ്കിലും ആ കത്ത് സ്പീക്കർ ഇതുവരെ പരിഗണിക്കാതിരുന്നത്.

പകരം നിയമസഭയുടെ വെബ്‌സൈറ്റിൽ റോഷി അഗസ്റ്റിൻ തന്നെയാണ് ഇപ്പോഴും പാർട്ടി വിപ്പ്.

അതിനാൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഉണ്ടായാൽ പി ജെ ജോസഫും സി എഫ് തോമസും മോൻസ് ജോസഫും അടക്കമുള്ളവർക്ക് റോഷി അഗസ്റ്റിൻ തന്നെ വിപ്പ് നൽകും. ഈ വിപ്പായിരിക്കും സ്പീക്കർ അംഗീകരിക്കുക.

അത് ഇടതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണെങ്കിൽപോലും ജോസഫ് വിഭാഗത്തിന് അംഗീകരിക്കേണ്ടി വരും.

വിപ്പ് ലംഘിച്ചാൽ നിയമനടപടികളും നേരിടേണ്ടിവരും. ഇതുമറച്ചുവച്ചുകൊണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പുണ്ടായാൽ എംഎൽഎമാർക്ക് താൻ വിപ്പ് നൽകുമെന്ന് പി ജെ ജോസഫ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ജോസഫിന്റെ വാദം യുഡിഎഫും മുഖവിലയ്‌ക്കെടുക്കുന്നില്ല. പകരം അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനായിരിക്കും യുഡിഎഫ് ശ്രദ്ധിക്കുക. കേരളാ കോൺഗ്രസുകളിൽ വീണ്ടും ഒരു വിവാദം ഇപ്പോൾ യുഡിഎഫ് ആഗ്രഹിക്കുന്നില്ല.

roshi agastine
Advertisment