Advertisment

പാക്കിസ്ഥാനി (ചെറുകഥ)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-രാംജിത് പെരുങ്ങുഴി

കുറേനാളുകളായി വേട്ടമൃഗത്തെപ്പോലെയാണ് ദു:സ്വപ്നങ്ങൾ... രാത്രിയുടെ അന്ത്യയാമങ്ങളിൽ പതിയിരുന്ന് ആക്രമിക്കുന്നു… തലച്ചോറിൽ ഭാരവും ഞെട്ടലും നിറച്ച് ഉളളിൽ തീയും കോരിയിട്ട് ഉറക്കം കെടുത്തി വിയർപ്പ് പൊടിഞ്ഞ ശരീരത്തെയും മനസിനെയും കാർന്ന് തിന്നുന്നു.

പിന്നൊരു മയക്കത്തിന് ദീർഘനേരം വേണം. ചിന്തകളെ തണുപ്പിച്ച് തണുപ്പിച്ച് മയങ്ങിത്തുടങ്ങുമ്പോൾ എഴുന്നേല്ക്കാൻ തുച്ഛസമയം മാത്രമേ ബാക്കിയുണ്ടാകൂ. ഇപ്പോൾ അവധി ദിവസത്തിൽപ്പോലും ഇതാണവസ്ഥ. മൊബൈൽ ശബ്ദിക്കുകയാണ്. അടുത്ത സമയത്തായി മൊബൈൽ റിംഗ് പോലും പേടിപ്പെടുത്തുന്നുണ്ട്. നാട്ടിൽ നിന്ന് രഘൂത്തമനാണ് ഫോണിൽ. ഒരോർമ്മപ്പെടുത്തലെന്നോണം നിത്യേന രഘൂത്തമൻ്റെ കോളുകൾ വന്നുകൊണ്ടേയിരുന്നു.

" അവൻ പാക്കിസ്ഥാനിയാണ് മറക്കരുത്. ഒരു കാരണവശാലും സന്ധി സംഭാഷണത്തിനോ ചർച്ചകൾക്കോ നിന്ന് കൊടുക്കരുത്. ഏട്ടത്തിയുടെയും കുട്ടികളുടെയും കാര്യം ഞങ്ങള് നോക്കിക്കോളാം. അവർക്ക് പുതിയ വീട് വയ്ക്കാനുള്ള പിരിവ് തുടങ്ങി വച്ചിട്ടുണ്ട് "

രഘൂത്തമൻ്റെ വാക്കുകൾ തിളയ്ക്കുന്നുണ്ടായിരുന്നു.

രഘൂത്തമൻ്റെ സൂചനയിലുള്ള ഈ പാക്കിസ്ഥാനി ആരാണ്? ടാക്സി ഡ്രൈവറാണ് ഇരുപത്തഞ്ച് വയസുകാരൻ കാഷിഫ്ഖാൻ. അതിലൊക്കെ ഉപരിയായി എൻ്റെ പ്രിയപ്പെട്ട കാഷിം ഖാൻ എന്ന ഖാൻ സാബിൻ്റെ ഏക മകൻ.

ലാഹോർ കാരനായ പഠാനാണ് ഖാൻ സാബ്.ഇന്ത്യാ വിഭജന സമയത്ത് പഞ്ചാബിൽ നിന്നും പലായനം ചെയ്യപ്പെട്ട റുഖിയാബീവിയുടെ ചെറുകുട്ടികളിൽ ഒരാൾ.ഇന്നും തങ്ങളുടെ രക്തബന്ധുക്കൾ ഇന്ത്യയിലെവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ടെന്ന് ഖാൻ സാബ് ഉറച്ച് വിശ്വസിക്കുന്നു.

സന്ദർശക വിസയിൽ ഞാനിവിടെ എത്തിയ കാലം മുതൽ ഖാൻ സാബിനെ അടുത്തറിയാം. വെളുത്ത് നരച്ച നീളൻ താടി വെട്ടിയൊതുക്കി നിർത്തിയിരുന്നു.

വിണ്ട് കീറിയ തരിശ് പോലെ വെളുത്ത മുഖത്ത് അങ്ങിങ്ങായി തെളിഞ്ഞിട്ടുള്ള ചുളിവുകൾക്ക് ആക്കം കൂട്ടിയാണ് ഖാൻ സാബ് ചിരിച്ചിരുന്നത്. തിളക്കമാർന്ന കണ്ണുകൾ...

മിക്കപ്പോഴും വെളുപ്പും ചാരവും കലർന്ന കുർത്തയും പൈജാമയുമായിരുന്നു വേഷം. ചിലപ്പോഴൊക്കെ ധരിയ്ക്കാറുള്ള വിസ്താരമുള്ള ചാരനിറത്തിലുള്ള പ്രത്യേകതരം തൊപ്പി ഖാൻ സാബിൻ്റെ പ്രൗഡി കൂട്ടിയിരുന്നു.

ഇടയ്ക്കിടെ പോക്കറ്റിൽ നിന്നും ഒരു ചെറിയ കവറിൽ സൂക്ഷിച്ചിരിക്കുന്ന നസ്വാർ (ഒരിനം പുകയില ഉല്പന്നം) പുറത്തെടുത്ത് കൈകൾ കൊണ്ട് പതം വരുത്തി ഉരുളയാക്കി ചുണ്ടിനിടയിൽ തിരുകും.വല്ലാത്തൊരു ദുർഗന്ധമായിരുന്നു ചാണക നിറമുള്ള ആ ഉരുളകൾക്ക്.

പുതിയ തലമുറയിലെ ചിലരൊഴികെ എല്ലാവരിലുമുണ്ടാകും നസ്വാർ അടങ്ങിയ കവർ. നസ്വാറില്ലാതെ ചെറിയ സമയം കൂടി പഠാണികൾക്ക് തള്ളിനീക്കാൻ കഴിയില്ലെന്ന് എനിയ്ക്ക് തോന്നിയിരുന്നു. ഒരിയ്ക്കൽ രഹസ്യമായി നസ്വാർ ഉപയോഗിയ്ക്കാൻ ശ്രമിച്ച ഞാൻ തലകറക്കവും ശർദ്ദിയുമായി കുഴഞ്ഞ് വീണിട്ടുണ്ട്.

തൊട്ടടുത്ത മുറിയിലായി രുന്നു ഖാൻ സാബും സദ്ദഫ് ഖാനും, ഹൈറുള്ളയും പല്ലുകൾ കറുത്ത അമീറുള്ള എന്ന ബംഗാളിയും താമസിച്ചിരുന്നത്.

അമീറുള്ള ഏതോ ഹോട്ടലിലെ കുശ്നി ക്കാരനായിരുന്നു. ബാക്കിയുള്ളവരിൽ ഏറിയവരും ടാക്സി ഓടിക്കുന്നവരായിരുന്നു. ഖാൻ സാബും സഹോദരനും ചേർന്ന് വലിയൊരു സ്ക്രാപ്പ് നടത്തിയിരുന്നു. സന്തത സഹചാരിയായി വളരെ പഴക്കം ചെന്നൊരു കൊറോള കാറുണ്ടായിരുന്നു ഖാൻ സാബിന്.

നാട്ടിലേക്ക് തിരിക്കും മുമ്പ് അച്ഛൻ മലയാളികളായ സുഹൃത്തുക്കൾക്ക് പുറമെ ഖാൻ സാബിനും എൻ്റെ ചുമതല ഏല്പിച്ചിരുന്നു. ഖാൻ സാബെന്ന് വിളിച്ച് പഠിപ്പിച്ചതും അച്ഛനാണ്.

പണ്ടെങ്ങോ അച്ഛൻ സഹായിച്ച കഥകൾ ഓർത്തെടുത്ത് ഇടയ്ക്കിടെ എന്നോട് പറഞ്ഞിരുന്നു. വളരെ ഉച്ഛത്തിലായിരുന്നു അവരുടെ സാധാര സംസാരം പോലും. എന്നെ ശകാരിയ്ക്കുകയാണോന്ന് പലപ്പോഴും ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്. പഷ്തു കലർന്ന ഉർദുവിൽ ഖാൻ സാബ് കഥകൾ വിവരിക്കുമ്പോൾ അത് മനസ്സിലായിയെന്നോണം ഞാൻ തലകുലുക്കും.

ഞാൻ പലയിടങ്ങളിലും ഇൻറർവ്യൂന് പോയിക്കൊണ്ടി രുന്നത് ഖാൻ സാബിനോടൊപ്പം ആ പഴയ കൊറോള കാറിലാണ്. രാവിലെ നല്ല വിസ്താരമുള്ള പെറോട്ടയും ചണയും (കടലക്കറി) ചായയും വാങ്ങിത്തരും ഖാൻ സാബ്.

നമ്മളുടെ പെറോട്ടയുടെ മൂന്നിരട്ടി വലുപ്പമുണ്ടാകും അവരുടെ പെറോട്ടയ്ക്ക്.ഒരു ദിവസത്തേക്ക് അത് മതിയാകും. എന്നാലും ഉച്ചയ്ക്ക് തന്തൂരി റൊട്ടിയും പായയും നിർബന്ധിപ്പിച്ച് കഴിപ്പിക്കും.

ആട്ടിൻ കാലുകൊണ്ടുണ്ടാക്കിയ അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് പായ. മാംസം കുറഞ്ഞ വലിയ അസ്ഥിക്കഷണം പ്ലേറ്റ് കവിഞ്ഞ് നില്ക്കും. അസ്ഥിക്കുള്ളിലുള്ള രുചിയുള്ള മിശ്രിതം തന്തൂരി റൊട്ടി യോടൊപ്പം വലിച്ചുറുഞ്ചി കഴിയ്ക്കണം.

മടങ്ങുന്ന വഴിയിൽ ചിലപ്പോൾ സ്ക്രാപ്പിലേക്ക് കയറും. തിരക്കിൽ നിന്നും മാറി ഒരൊഴിഞ്ഞ കോണിലാണ് ഖാൻ സാബും അനുജൻ വാജിദ് ഖാനും ചേർന്ന് നടത്തുന്ന സ്ക്രാപ്പ്.

ആകാശം മുട്ടെ കൂമ്പാരമാക്കി കൂട്ടിയിരിയ്ക്കുന്ന ഉപയോഗശൂന്യമായ പഴയ ലോഹക്കഷണങ്ങൾ..വലിയഭാരം ഉയർത്താനായി ക്രെയിനുകൾ. വലിയ ട്രെയിലറുകളിലേക്ക് വാരി നിറച്ച് ഇടിച്ചമർത്താനായി നിരന്ന് കിടക്കുന്ന ജെ സി ബികൾ.

ഇതിനിടയിലൂടെ വലിയ ഇരുമ്പിൻ കഷണങ്ങൾ ചെറുതാക്കി മുറിയ്ക്കാനായി ഗ്യാസ് കട്ടറുമായി നീങ്ങുന്ന വിയർത്ത് പൊടിപിടിച്ച കുറേ മനുഷ്യക്കോലങ്ങൾ. ചെറു പിക്കപ്പുകളിൽ ഉപയോഗശൂന്യമായ ലോഹങ്ങൾ നിറച്ച് വില്പനയ്ക്കായി എത്തിച്ചേർന്നിട്ടുള്ള മറ്റ് ചില മനുഷ്യർ.

വിലപേശലും സൊറപറച്ചിലും പരിചയം പുതുക്കലുമൊക്കെയായി എപ്പോഴും ശബ്ദമുഖരിത മായൊര ന്തരീക്ഷമായിരുന്നു അവിടെ. തിരക്കിനിടയിലും ഖാൻ സാബിൻ്റെ അനുജൻ വാജിദ് ഖാൻ എന്നോട് വിശേഷമന്വേഷി യ്ക്കാനും ഫ്ലാസ്കിൽ നിറച്ച് വച്ചിരിയ്ക്കുന്ന ചായ പകർന്ന് നല്കാനും സമയം കണ്ടെത്തി യിരുന്നു.

രണ്ടാഴ്ച കൂടുമ്പോൾ ഖാൻ സാബ് എന്നെയും കൂട്ടി ദൂരെയൊരു യാത്ര നടത്തും. കൈയ്യിൽ നിറയെ മധുരമുള്ള ഫലവർഗ്ഗങ്ങൾ കരുതിയിട്ടുണ്ടാകും.ഖാൻ സാബിൻ്റെ മകൻ കാഷിഫ്ഖാനെ കാണാനുള്ള യാത്രയാണ്.

കൂട്ടത്തിൽ എനിയ്ക്ക് ഏട്ടനെയും കാണാം. ഫലവർഗ്ഗങ്ങളിൽ പകുതി ഏട്ടനുള്ളതാണ്.കാഷിഫ്ഖാനും ഏട്ടനും തൊട്ടടുത്ത ബിൽഡിംഗുകളിലാണ്താമസം. ഞങ്ങളുടെ സന്ദർശനം അവരെയും ചങ്ങാതിമാരാക്കി ത്തീർത്തിരിയ്ക്കുന്നു.

ഏട്ടന് ക്രിക്കറ്റെന്നു വച്ചാൽ ഭ്രാന്താണ്. കേരളാരഞ്ജി ടീമിൽ വരെ ഇടം പിടിച്ച ആളാണ്.അച്ഛൻ നല്ല പ്രോത്സാഹനം നല്കിയിരുന്നു. അന്യമതസ്ഥയായ ഏട്ടത്തിയെ വിളിച്ചിറക്കിക്കൊണ്ട് വന്നേപ്പിന്നെ കുറച്ച് നാൾ കുടുംബവുമായി അകന്ന് നില്ക്കുകയായിരുന്നു.

കുഞ്ഞുങ്ങളുടെ ജനനത്തോടെ കുടുംബവുമായി പതിയെ അടുത്ത് തുടങ്ങി. ഇരട്ടകളായ പെൺകുട്ടി കളായിരുന്നു ഏട്ടന്.ഏട്ടൻ്റെ പ്രാരാബ്ദവും ബുദ്ധിമുട്ടൊക്കെ മനസിലാക്കിയിട്ട് അച്ഛനാണ് ഇപ്പോഴത്തെ ഈ ജോലി തരപ്പെടുത്തിക്കൊടുത്തത്.ഒരു ബിൽഡിംഗ് മെറ്റീരിയൽ ഷോപ്പിൽ അക്കൗണ്ടൻ്റാണ് ഏട്ടൻ.

എനിക്ക് ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ സർവ്വീസ് അഡ്വൈസറായി ജോലി ലഭിച്ചു. താമസ സ്ഥലം മാറി.അച്ഛൻ മരണപ്പെട്ടു.അങ്ങനെ ജീവിതത്തിൽ വലിയ നഷ്ടങ്ങളും ചെറിയ ചെറിയ നേട്ടങ്ങളും മാറി മാറി വന്നുകൊണ്ടിരുന്നു.

ഇതിനിടയിലാണ് പലരുടെയും ജീവിതത്തെ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. ഏട്ടൻ താമസിക്കുന്ന ബിൽഡിംഗിന് സമീപത്തായുള്ള കഫ്റ്റീരിയയിൽ പുറത്തായി സ്ഥാപിച്ചിട്ടുള്ള ടെലിവിഷനിലാണ് ഏറിയ ആൾക്കാരും ക്രിക്കറ്റ് കാണുക.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ ഏട്ടനും ചില പാക്കിസ്ഥാനികളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് ചെറിയ കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു.

ഇതിനിടയിൽ താഴേക്ക് തലയിടിച്ച് വീണ ഏട്ടൻ രണ്ട് ദിവസം കോമയിൽ ഹോസ്പിറ്റലി ലായിരുന്ന ശേഷം മരണപ്പെട്ടു. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഖാൻ സാബിൻ്റെ മകൻ കാഷിഫ്ഖാനുമുണ്ടായിരുന്നു.

ഈ സംഭവം നടന്ന് കുറച്ച് നാളുകൾക്ക് ശേഷം ഖാൻ സാബും അനുജനും എന്നെ കാണാൻ വന്നു. ഖാൻ സാബ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അനുജൻ വാജിദ് ഖാനാണ് കാര്യങ്ങൾ അവതരി പ്പിച്ചത്.

" കാഷിഫ് നിരപരാദിയാണ്. ഏട്ടനെ മറ്റുള്ളവരിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതി നിടെയാണ് അയാൾ താഴേക്ക് വീണത് . ഒരു പക്ഷെ മരണത്തിന് മുമ്പേ ബോധം വന്നിരുന്നേൽ അയാളത് വെളിപ്പെടുത്തു മായിരുന്നു.

സ്ക്രാപ്പ് വില്പനയ്ക്ക് വച്ചിരിക്കുകയാണ്. എത്ര തുക വേണമെങ്കിലും തരാം ഞങ്ങക്ക് ഞങ്ങടെ മകനെ വേണം. ഞങ്ങൾ ഇരു കുടുംബങ്ങളിലെ ഏക ആൺതരിയാണവൻ. ഏട്ടൻ്റെ ഭാര്യയുടെ സമ്മതപത്രമുണ്ടെങ്കിലേ കോടതി അവന് ശിക്ഷയിളവ് നല്കൂ. നീയത് ശരിയാക്കിത്തരണം".

പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാളുടെ വാക്കുകൾക്ക് പതറിയിരുന്നു... കണ്ണുകൾ നിറഞ്ഞു. ഖാൻ സാബിൻ്റെ കണ്ണുകൾ ദയനീയമായി എന്നോട് അപേക്ഷിയ്ക്കുകയായിരുന്നു.

ഏട്ടത്തിയോട് നേരിട്ട് പറയാനെനിക്ക് കഴിയുമായിരുന്നില്ല. അതിനുള്ള ചങ്കുറപ്പില്ല. അങ്ങനെയാണ് ചെറിയച്ഛൻ്റെ മകനായ രഘൂത്തമനോട് ഞാൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ശരിയായൊരു ഉത്തരം കണ്ട് കിട്ടാതെ മാസങ്ങൾ നീണ്ടുപോയി. അച്ഛനുണ്ടായിരുന്നേൽ നല്ലൊരു തീരുമാനം എന്നേ കൈക്കൊള്ളുമായിരുന്നു.

അടുത്ത സമയത്തായി വാജിദ് ഖാൻ്റെ കോളുകൾ ഞാൻ അറ്റൻഡ് ചെയ്യാറില്ല. എല്ലാവരെ യും എതിർത്ത് കൊണ്ട് ഏട്ടത്തിക്ക് സ്വന്തമായി ഒരു തീരുമാനം കൈക്കൊത്ത് ള്ളാൻ കഴിയില്ല.നാട്ടിലെത്തി ഏട്ടത്തിയോടും മറ്റുള്ളവരോടും നേരിട്ട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം. ദുസ്വപ്നങ്ങളാൽ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന എൻ്റെ ഉറക്കം വീണ്ടെടുക്കണം.

നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. പോകാൻ രണ്ട് നാൾ ബാക്കിയുള്ളപ്പോൾ ഖാൻ സാബ് എന്നെ കാണാൻ വന്നു. പഴയ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട് കൂടുതൽ അവശനായിത്തോന്നി. ഒരു പരിഭവവും കാട്ടാതെ എന്നെ ക്കെട്ടിപ്പിടിച്ച് സുഖവിവരമന്വേഷി ച്ചു. പതിഞ്ഞ ശബ്ദത്തിൽപ്പറഞ്ഞു

"ഞാൻ നാട്ടിലേക്ക് പോകുകയാണ്. സ്ക്രാപ്പ് വിറ്റു "

കൈയ്യിൽ കരുതിയിരുന്ന ഒരു ചെക്ക് എൻ്റെ നേരേ നീട്ടി.

" ആവശ്യമുള്ള തുക എഴുതിയെടുക്കണം. ഏട്ടൻ്റെ കുടുംബത്തിന് ഇനിയങ്ങോട്ട് ജീവിയ്ക്കാൻ വേണ്ടത് എത്രയെന്ന് വച്ചാൽ... "

" ഖാൻ സാബ് എന്നോട് ക്ഷമിയ്ക്കണം. ഏട്ടത്തിയുടെ തീരുമാനം ഇതുവരെ ആയിട്ടില്ല. ഞാൻ നാട്ടിൽപ്പോയി കാര്യങ്ങൾ ശരിയാക്കി വരാം. അതിന് ശേഷം മാത്രമേ ഞാനിത് സ്വീകരിയ്ക്കു കയുള്ളൂ. അതുവരെയുള്ള സമയം എനിക്ക് തരണം"

എന്നെ ഒന്ന് കൂടി ചേർന്ന് പിടിച്ച് ഖാൻ സാബ് വിങ്ങിപ്പൊട്ടി. നിറഞ്ഞ കണ്ണുകളോടെ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.

"ൻ്റെ മോൻ ഇന്നലെ ഉച്ചയ്ക്ക് പടച്ചോൻ്റടുത്തേക്ക് മടങ്ങി. അറ്റാക്കായിരുന്നു "

ഒരു നിമിഷം എൻ്റെ കൈകൾ അമർത്തിപ്പിടിച്ചു.. പിന്നെ പതുക്കെ പുറത്തേക്ക് നടന്നു തുടങ്ങി..

 

cultural
Advertisment