“മാണി സാറിനുള്ള ” സ്നേഹ സ്മരണാ സമർപ്പണമായി ഛായാ ചിത്രം: കെ.എം.മാണിയുടെ ഛായാചിത്രം പെൻസിൽ കൊണ്ടുവരച്ച് കാർത്തിക

ന്യൂസ് ബ്യൂറോ, പാലാ
Saturday, August 1, 2020

കാർത്തിക വരച്ച കെ. എം. മാണിയുടെ ഛായാ ചിത്രം ഏറ്റുവാങ്ങുന്ന ജോസ്. കെ. മാണി എം.പി. യും കുടുംബവും. കാർത്തികയുടെ ബന്ധുക്കൾ സമീപം.

പാലാ: കെ.എം.മാണിയുടെ ഛായാചിത്രം പെൻസിൽ കൊണ്ടുവരച്ച പെൺകുട്ടി ഇത് ഇന്നലെ പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി ജോസ്. കെ.മാണി എം.പി.യ്ക്കും കുടുംബത്തിനും സമർപ്പിച്ചു. ആർപ്പൂക്കര വല്യവീട്ടിൽ കാർത്തിക ജയപ്രകാശാണ് (20) “മാണി സാറിനുള്ള ” സ്നേഹ സ്മരണാ സമർപ്പണമായി ഛായാ ചിത്രം സമർപ്പിച്ചത്.

കാർത്തികയ്ക്ക് കെ.എം. മാണിയെന്നു വെച്ചാൽ പണ്ടേ ജീവനാണ്. ” പോസ്റ്ററിലും പത്രങ്ങളിലുമൊക്കെ വന്നിരുന്ന മാണി സാറിൻ്റെ പടങ്ങൾ ഞാൻ വെട്ടിയെടുത്ത് സൂക്ഷിക്കുമായിരുന്നു. ഇങ്ങനെ നിരവധി ചിത്രങ്ങൾ ഇപ്പോഴും എൻ്റെ ശേഖരത്തിലുണ്ട്. മാണി സാറിൻ്റെ മരണവാർത്ത അറിഞ്ഞപ്പോഴേ ഞാൻ കരഞ്ഞുപോയി. അന്നു മുതലുള്ള ഒരു വലിയ ആഗ്രഹമായിരുന്നു പ്രിയ നേതാവിൻ്റെ ഒരു ഛായാചിത്രം വരയ്ക്കുക എന്നുള്ളത്. എന്തായാലും ചിത്രം പൂർത്തിയാക്കി ജോസ്. കെ. മാണി സാറിനും കുടുംബത്തിനും നേരിട്ട് സമർപ്പിക്കാനായത് ഭാഗ്യമായി. ” കാർത്തിക പറഞ്ഞു.

തൃപ്പൂണിത്തുറ ചിന്മയാ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ കാർത്തിക ചിത്രരചന ഗുരുമുഖത്തു നിന്നു പഠിച്ചിട്ടേയില്ല. യു. ട്യൂബിൽ നോക്കിയും മറ്റുമായിരുന്നൂ ചിത്രകലാ പഠനം. കഴിഞ്ഞ 5 വർഷത്തിനിടെ നൂറോളം വ്യത്യസ്ത ചിത്രങ്ങൾ വരച്ച കാർത്തിക നൃത്ത കലാകാരി കൂടിയാണ്. അച്ഛൻ ജയപ്രകാശ്, അമ്മ അശ്വതി, സഹോദരൻ കാർത്തികേയൻ എന്നിവരുടെ പൂർണ്ണ പിന്തുണയോടെയാണ് കലാസപര്യ .
അടുത്ത ബന്ധുക്കളായ ശാന്തകുമാരി, വിജയൻ മുണ്ടയ്ക്കൽ എന്നിവരോടൊപ്പമാണ് കെ. എം. മാണിയുടെ ഛായാ ചിത്രവുമായി കാർത്തിക കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത്.

ജോസ്. കെ. മാണി എം.പി, ഭാര്യ നിഷ ജോസ്. കെ. മാണി, കെ. എം. മാണിയുടെ സഹധർമ്മിണി കുട്ടിയമ്മ എന്നിവർ ചേർന്ന് കാർത്തികയേയും കുടുംബാംഗങ്ങളെയും സ്വീകരിച്ചു. ഏറെ ആഹ്ലാദത്തോടെ ചിത്രം ഏറ്റുവാങ്ങിയ ജോസ്. കെ. മാണി ഇത് ” അച്ചാച്ചൻ്റെ ” (കെ. എം. മാണി ) മ്യൂസിയത്തിൽ സ്ഥാപിക്കുമെന്നു പറഞ്ഞു. കാർത്തികയ്ക്ക് ജോസ്. കെ. മാണി എം.പി. പ്രത്യേകം പുരസ്ക്കാരവും നൽകി.

 

 

×