പാലാ കാപ്പനല്ല, ജോസ് കെ മാണിക്കുതന്നെ ! യുഡിഎഫില്‍ കാപ്പന്‍ മുതല്‍ ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, എംപി ജോസഫ് വരെ പരിഗണനയില്‍. മത്സരിക്കാന്‍ മാണി സാറിന്‍റെ പെണ്‍മക്കള്‍ക്കുമേല്‍ സ്വാധീനം ചെലുത്തി യുഡിഎഫ് ഉന്നതന്‍ !  തെരഞ്ഞെടുപ്പിനും മുമ്പേ ചര്‍ച്ചകളില്‍ താരമായി ‘പാലാ’ !  

ന്യൂസ് ബ്യൂറോ, പാലാ
Saturday, October 17, 2020

പാലാ: കേരളാ കോണ്‍ഗ്രസ്-എമ്മിന്‍റെ ഇടതുമുന്നണി പ്രവേശനത്തോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി മാറുകയാണ് പാലാ. ഇവിടെ യുഡിഎഫും എല്‍ഡിഎഫും വീറോടെ ഏറ്റുമുട്ടും. ഒപ്പം നിന്നുപൊരുതാന്‍ ബിജെപിയുമുണ്ടാകും.

പക്ഷേ തെരഞ്ഞെടുപ്പിനുമുമ്പെ ഇവിടെ ചര്‍ച്ചചെയ്യപ്പെടുക സ്ഥാനാര്‍ഥികളാണ്. അതില്‍ ഒരു സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനൗപചാരികമായിട്ടാണെങ്കില്‍പോലും ഉറപ്പു പറയാം, ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുക ജോസ് കെ മാണിയായിരിക്കും.

എല്‍ഡിഎഫില്‍ പാലാ എന്‍സിപിയുടെ സിറ്റിംങ്ങ് സീറ്റാണ്. പക്ഷേ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജോസ് കെ മാണിക്കിത് ഹൃദയവികാരമാണ്. അതിനാല്‍ ജോസിന്‍റെ ഹൃദയ വികാരത്തെ വ്രണപ്പെടുത്തി സീറ്റു വിഭജനം ഉണ്ടാകാനിടയില്ല. അങ്ങനെയെങ്കില്‍ പാലാ ജോസ് കെ മാണിക്ക് ഉറപ്പിക്കാം.

യുഡിഎഫില്‍ ഏത് പാര്‍ട്ടിക്കാണ് സീറ്റെന്നതാണ് ആദ്യം ഉറപ്പിക്കേണ്ടത്. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ഒരേപോലെ സീറ്റിനായി രംഗത്തുണ്ട്.

ജോസഫ് ഗ്രൂപ്പിനാണ് സീറ്റെങ്കില്‍ ഇവിടെ കെഎം മാണിയുടെ രണ്ടാമത്തെ മകള്‍ സാലി, അല്ലെങ്കില്‍ സാലിയുടെ ഭര്‍ത്താവ് എംപി ജോസഫ്, മുന്‍ എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ സിറിയക് തോമസ്, സജി മഞ്ഞക്കടമ്പന്‍ എന്നിവരാണ് പരിഗണനയില്‍.

കെഎം മാണിയുടെ കുടുംബത്തില്‍നിന്നുതന്നെ ജോസ് കെ മാണിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫിനും താല്‍പര്യമുണ്ട്.

ഇതിനായി യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാവ് കഴിഞ്ഞ ദിവസം കെഎം മാണിസാറിന്‍റെ 3 പെണ്‍മക്കളെ ഫോണില്‍ വിളിച്ച് മത്സരിക്കണമെന്ന് അഭ്യര്‍ത്ഥന നടത്തിയിരുന്നു.

എന്നാല്‍ ഇവര്‍ ഈ ആവശ്യം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. പക്ഷേ രണ്ടാമത്തെ മകള്‍ സാലിയും ഭര്‍ത്താവ് എംപി ജോസഫും സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതേസമയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ഇവിടെ ജോസഫ് വാഴയ്ക്കനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് നിഷ്പ്രയാസം പാലാ പിടിച്ചെടുക്കാം എന്ന് വസ്തുതകള്‍ നിരത്തി അവകാശവാദം ഉന്നയിച്ചത് വാഴയ്ക്കനാണ്. അതിനാല്‍ നാട്ടുകാരനായ മുതിര്‍ന്ന നേതാവായ വാഴയ്ക്കനിലൂടെ പാലാ തിരിച്ചുപിടിക്കാനാകും  കോണ്‍ഗ്രസിന്‍റെ ശ്രമം.

നാട്ടുകാരന്‍ തന്നെയായ ഡിസിസി മുന്‍ പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനിയാണ് സജീവ പരിഗണനയിലുള്ള മറ്റൊരു പ്രമുഖന്‍. കല്ലാനി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രിയങ്കരനുമാണ്. പക്ഷേ കല്ലാനിയ്ക്ക് പാലായേക്കാള്‍ താല്‍പര്യം പൂഞ്ഞാറോ ഏറ്റുമാനൂരോ ആണ്.

ഇതൊക്കെയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് സിറ്റിംങ്ങ് എംഎല്‍എ മാണി സി കാപ്പനാണ്.

ഇടതു മുന്നണി പാലാ സീറ്റ് നിഷേധിച്ചാല്‍ കാപ്പന്‍ കൂറുമാറി യുഡിഎഫിലെത്തി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത ഏറെയാണ്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അബദ്ധത്തിലാണെങ്കിലും മുന്നണിയില്‍ നടന്ന ആ രഹസ്യ കൂടിക്കാഴ്ച പരസ്യമാക്കിയിരുന്നു.

അതോടെ അബദ്ധം മനസിലാക്കിയ കാപ്പന്‍ ഒരടി മുന്നോട്ടു വച്ചെങ്കില്‍ രണ്ടടി പിന്നോട്ടു വച്ചിട്ടുണ്ട്. അതേസമയം എന്‍സിപിയുടെ സിറ്റിംങ്ങ് സീറ്റായ കുട്ടനാട്ടില്‍ കാപ്പന്‍ മത്സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്ന വിലയിരുത്തലുണ്ട്.

പക്ഷേ അവിടെ തോമസ് ചാണ്ടിയുടെ സഹോദരന്‍ ഇപ്പോഴേ കളത്തിലുണ്ട്. അതു പരിഹരിച്ചാല്‍ കാപ്പന് കുട്ടനാട്ടില്‍ ജനവിധി തേടാം.

എന്തായാലും നിലവിലെ സാഹചര്യത്തില്‍ പാലായില്‍ ഒരു സ്ഥാനാര്‍ഥി ജോസ് കെ മാണിയാണെന്നുറപ്പിക്കാം. എതിര്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടിയും തീരുമാനിക്കാനിരിക്കുകയാണ്. അതാണിനി അറിയേണ്ടത്. എന്തായാലും പാലായില്‍ ചര്‍ച്ച കൊഴുക്കുകയാണ്.

 

×