ജോസ് കെ മാണിക്കും മുമ്പെ പിജെ ജോസഫ് 2 തവണ ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ജോസഫ് ഇടതുനേതാക്കളെ കണ്ടത് പാലാ ഉപതെര‍ഞ്ഞെടുപ്പിനു മുമ്പും കഴിഞ്ഞ മെയ് 12-നും ! ഒടുവില്‍ ജോസഫിനെ സ്നേഹിച്ചുനിര്‍ത്തി ജോസിന് ഇലവിരിച്ചു !  

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, October 17, 2020

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് – എം ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലെത്തും മുമ്പ് രണ്ട് തവണ ജോസഫ് വിഭാഗം ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്.

പാലാ ഉപതെരഞ്ഞെടുപ്പിനു മുമ്പും  കഴിഞ്ഞ മെയ് മാസത്തിലുമാണ് പിജെ ജോസഫ് ഇടതുമുന്നണി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.

ഒരു തവണ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടായിരുന്നു ചര്‍ച്ച. രണ്ട് ചര്‍ച്ചകളിലും യുഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ മടങ്ങിയെത്താം എന്ന് ജോസഫ് ഇടതു നേതാക്കളെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് പ്രമുഖ പത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ജോസഫ് ലേഖനം പ്രസിദ്ധീകരിച്ചത്.

മെയ് 12-ന് മുഖ്യമന്ത്രിയെ കണ്ടശേഷം പുറത്തിറങ്ങിയപ്പോഴും ജോസഫ് സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.

പാലായിലെ ‘അദൃശ്യ കരങ്ങള്‍’ !

പാലാ ഉപതെരഞ്ഞെടുപ്പിനുമുമ്പ് ഇടതു മുന്നണിയുമായി ജോസഫ് നടത്തിയ ആശയവിനിമയത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തിന്‍റെ ചിഹ്നം നിഷേധിക്കുന്ന നിലപാട് സംസ്ഥാന ഇലക്ഷന്‍ ഓഫീസര്‍ സ്വീകരിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് ഉന്നയിച്ച പരസ്യ വിമര്‍ശനങ്ങളും ഇടതുമുന്നണിക്ക് സഹായകരമായി മാറിയിരുന്നു. ചിഹ്നം നിഷേധിച്ചതിലും മറ്റും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ജോസഫുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും ജോസഫ് വഴങ്ങിയിരുന്നില്ല.

പാളിപ്പോയ കണക്കുകൂട്ടലുകള്‍ !

ഇടതുമുന്നണിയും ജോസഫ് മുന്നണിയിലേയ്ക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതോടെ ജോസ് കെ മാണിയെ പുറത്താക്കിയില്ലെങ്കില്‍ താന്‍ മുന്നണി മാറുമെന്ന ഭീഷണി യുഡിഎഫ് നേതാക്കളെ മെരുക്കാന്‍ ജോസഫ് ഫലപ്രദമായി ഉപയോഗിച്ചു.

ജോസഫ് ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയ വിവരം കോണ്‍ഗ്രസ് നേതൃത്വത്തിനും അറിവുണ്ടായിരുന്നു.

ജോസഫിന് വഴങ്ങിയില്ലെങ്കില്‍ ജോസഫ് മുന്നണി വിടുമെന്നും  എന്നാല്‍ ജോസ് കെ മാണിക്കെതിരെ നടപടി സ്വീകരിച്ചാലും ജോസ് മുന്നണിക്ക് പുറത്തുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം ധരിച്ചു.

ഈ ധൈര്യത്തിലായിരുന്നു ജോസ് കെ മാണിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ജോസിനൊപ്പമുള്ള എംഎല്‍എമാര്‍ യുഡിഎഫിനൊപ്പം വരുമെന്നും നേതാക്കള്‍ ധരിച്ചു.

ജോസഫിനെ സ്നേഹിച്ചുനിര്‍ത്തി ജോസിന് ഇലവിരിച്ചു ! 

അതിനിടെ സിപിഎം നേതൃത്വവും കേരളാ കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പിളര്‍പ്പില്‍ പ്രവര്‍ത്തക പിന്തുണ ജോസ് കെ മാണിക്കാണെന്ന് മനസിലായതോടെ ജോസഫിനെ അധികം പ്രോത്സാഹിപ്പിക്കാതെ എന്നാല്‍ പിണക്കാതെ കാത്തിരിക്കാനായിരുന്നു സിപിഎം തീരുമാനം.

ഇതിനിടെ ജോസഫ് മുന്നണിയിലേയ്ക്ക് മടങ്ങിവരുന്നതിനെ സിപിഎം സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തു.

ഈ സംഭവവികാസങ്ങള്‍ക്കിടയിലാണ് ജോസ് പക്ഷത്തെ യുഡിഎഫ് പുറത്താക്കുന്നതും യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുന്നതും.

ഇതോടെയാണ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടാന്‍ സിപിഎം നീക്കങ്ങള്‍ ആരംഭിച്ചത്. അത് വിജയം കാണുകയും ചെയ്തു.

മറ്റ് പല കാര്യങ്ങളിലും  വിമര്‍ശിക്കുമ്പോഴും ജോസ് കെ മാണിയുടെ ഇടതു പ്രവേശനത്തെ പരിഹസിക്കാന്‍ ജോസഫ് ഇതുവരെ തയ്യാറാകാത്തത് ഇക്കാര്യങ്ങള്‍ പലര്‍ക്കും അറിയാം എന്നതിനാലാണ്. മാത്രമല്ല, 19 വര്‍ഷക്കാലം ജോസഫും ഇടതുമുന്നണിയുടെ ഭാഗമായിരുന്നു.

 

×