സ്വര്‍ണക്കടത്ത് കേസ്; പിണറായി വിജയന്‍ ജയിലില്‍ പോകുന്ന ആദ്യ മുഖ്യമന്ത്രിയാകും: പി.കെ. കൃഷ്ണദാസ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, October 29, 2020

കോഴിക്കോട്: സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലേക്കു പോകുന്ന ആദ്യ മുഖ്യമന്ത്രിയാകും പിണറായി വിജയനെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയും ദേശദ്രോഹ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലും ഓഫീസിലും വെച്ചാണെന്ന മൊഴികള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്തെല്ലാം അഴിമതി നടന്നിട്ടുണ്ട്.

അന്നെല്ലാം ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ അതു നടക്കില്ല. പിണറായി വിജയനെ നിയമത്തിന് മുന്നില്‍ ഹാജരാക്കും.

മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കേന്ദ്രഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ പോകുന്നതും കോടതി ആ അപേക്ഷ തള്ളുന്നതുമെല്ലാം കേരളത്തിന് നാണക്കേടാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

×