ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ഇ-ഗോപാല ആപ്പ്; കന്നുകാലി കര്‍ഷകരുടെ വികസനത്തിനായി പ്രത്യേക പദ്ധതികള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 12, 2020

ഡൽഹി: ഇടനിലക്കാരെ ഒഴിവാക്കി മികച്ച ഗുണനിലവാരമുള്ള കന്നുകാലികളെ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാന്‍ കർഷകരെ സഹായിക്കുന്ന ഇ-ഗോപാല ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും ലക്ഷ്യം വച്ചു കൊണ്ട് പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല്‍ ആപ്പ് തുടങ്ങിയ പദ്ധതികൾ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്.

ഇതിന് പുറമെ മത്സ്യോല്‍പാദനം, ക്ഷീരമേഖല, മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, പഠനം എന്നിവയ്ക്കായുള്ള ബീഹാറിലെ പദ്ധതികളും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം ചെയ്തിരുന്നു.

കൊറോണയെത്തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരികെ പോയ പലരും ഇപ്പോള്‍ മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേന്ദ്ര-ബീഹാര്‍ ഗവണ്‍മെന്റുകളുടെ വിവിധ പദ്ധതികളില്‍ നിന്ന് ഇവര്‍ക്ക് സഹായം ലഭ്യമാകുന്നതായും വ്യക്തമാക്കി.

പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, പുതിയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ക്ഷീരവ്യവസായം അഭിവൃദ്ധിപ്പെടുത്താന്‍ ഗവണ്‍മെന്റ് നിരന്തര ശ്രമങ്ങള്‍ നടത്തി വരുന്നതായി അദ്ദേഹം വ്യക്തമാക്കി.

×