ഒരു ഗദ്ഗദം ഒരു കൂപ്പുകൈ (കവിത)

Tuesday, September 15, 2020

അഷ്‌റഫ് കാളത്തോട്‌

വിഴുപ്പാണെന്നു തോന്നിയത്
വായന മരിക്കുന്നു എന്ന ആപ്തവാക്യം
തുടങ്ങിയേടത്തു നിന്നാണ്
കമ്പ്യൂട്ടർ വിപ്ലവം ആരംഭിച്ചത് മുതലാണെന്നും
ഗൂഗ്ൾ മലയാളം തുടങ്ങിയത് മുതലാണെന്നും
സോഷ്യൽ മീഡിയ വ്യാപകമായത് മുതലാണെന്നും
ഒക്കെ സംസാരമുണ്ട്, എന്തായാലും പുസ്തകം
കാഴ്ച്ച സാധാനമായിമാറി..

ഒരു നല്ല ചങ്ങാതിയായിരുന്ന അതിനെ
ഇപ്പോൾ കാണുന്നത് തന്നെ വെറുപ്പാണ്
കാശ് മുടക്കി വാങ്ങിയതല്ലേ അതുകൊണ്ട്
മുടക്കിയത് മുതലാക്കാതെ എങ്ങനെ ഒഴിവാക്കും
എന്നും കരുതാതെയല്ല..

വേശ്യയെ പോലും വെറുതെവിടാത്ത കാലത്ത്
അവളുടെ ദേഹത്തിൻ്റെ കുണ്ടും കുഴികളുമെല്ലാം
കൃത്യമായി അളന്നു മുറിച്ചു ഉപയോഗിക്കുന്ന ഒരാൾക്ക്
എങ്ങനെ ഇത്രയും കാശ് മുടക്കി
വെറുതെ ചില്ലുകൂട്ടിൽ അടച്ചു വെക്കാനാകും?

മരങ്ങൾ അപ്രത്യക്ഷമാകുന്ന കാലത്ത്
ചിത ഒരുക്കാനെങ്കിലും അത്
ഉപകരിക്കുമല്ലോ എന്ന ആശ്വാസത്തിൽ
മരണത്തിന്റെ കൂട്ടാളികളാകാൻ പോകുന്ന
പുസ്തകങ്ങളെ നോക്കി
പ്രസാധകരുടെ ദുഃഖങ്ങളെ നോക്കി
എഴുത്തുകാരുടെ ദയനീയതയെ നോക്കി
മരിക്കുന്ന വായനക്കാരുടെ
പ്രതിനിധിയായ ഞാൻ തീപ്പെട്ടുപോകുന്നതിനുമുന്പ്
കരിനിറം പൂണ്ടൊരു ചിത്രമെടുക്കുന്നതിനുമുമ്പ്
നിലാവ് വീണ പുഞ്ചക്കുളത്തിൽ
ഇറങ്ങി കൈക്കുടന്നയിൽ ഒരു തുടം വെള്ളമെടുത്തു
ശവദാഹം തീർക്കുന്നതിനുമുമ്പ്
ഇലകളുടെ കണ്ണുകളിലേക്ക്
ഒരു തുപ്പുവെച്ചു കൊടുക്കുന്നതിനുമുമ്പ്
പൂവുകൾ വിരിയുന്നതിൻ മുമ്പ്
ചന്ദ്രന്‍റെ വെട്ടം കാലിൽ പതിയുന്നതിനു മുൻപ്
കാലംതെറ്റിപ്പൂത്ത കൊന്നപൂ കണികാണുന്നതിനുമുമ്പ്
ഹൈമവതപുലരിപൂത്ത ഗന്ധം
മൂക്കിൽ കുത്തിക്കേറുന്നതിനുമുമ്പ്
ഒരു ഗദ്ഗദം
ഒരു കൂപ്പുകൈ

×