ഒരു നവംബർ പിറവി

Monday, November 2, 2020

(കവിത)

ജാസ്മിൻ സമീർ ഷാർജ


നവം നവമായ് ഒരു
നവംബർ ഒന്നു കൂടി
നവലോകം തേടി കുതിക്കുന്ന
നവീനമായ ഒരു കേരളം
നിറഭിന്നദേശങ്ങൾ മൂന്ന്
നനുത്ത മൂന്നിതളുകൾ
നറുഭാഷച്ചരടിൽ
നിര ചേർന്നു പൂത്ത
നലമെഴും മലയാളനാട്…..

നോവും വേവും
ചേർന്നൊന്ന്
കാവും കായലും കടലും
ചേർന്നൊന്ന്
ദൈവത്തിനെല്ലാമേകി, ദൈവത്തെത്തന്നെ
സ്വന്തമാക്കിയ ദൈവത്തിൻ്റെ
സ്വന്തം നാട്
കാറും കോളും പ്രളയവും പിരിക്കാത്തൊന്ന്
കാലം കണ്ണും കരളും കാതും കൊടുത്ത് കാക്കുന്നൊന്ന്
ഇതെൻ്റെ കേരളം പ്രിയഭൂമിമലയാളം…….

താഴ്ത്തരുതിതിൻ വിജിഗീഷുഭാവം
ആഴ്ത്തരുത്
വർഗ്ഗീയവിഷക്കടലിൽ
പൂഴ്ത്തരുത് ദൈവമുഖം
പിശാചിൻ പുക ചീറ്റും
രാഷ്ട്രീയവിഷത്തേറ്റയിൽ
ആഞ്ഞുപിടിച്ചീ യാനത്തെ
ലക്ഷ്യ സ്ഥാനത്തേക്കു
നയിക്കണം നമ്മൾ

പുലരണമീ നാടെന്നും
ദൈവത്തിൻ പ്രിയനാടായ്
ലോകദീപമായ്…..

×