കരച്ചിൽ (കവിത)

സത്യം ഡെസ്ക്
Saturday, September 12, 2020

അഷ്‌റഫ് കാളത്തോട്

പുളകങ്ങൾ തീർക്കാൻ കഴിയാതെ
സ്നേഹവസന്തം കൊഴിഞ്ഞു
ഗ്രീഷ്മ ഗൗരവം കൊണ്ട്
ഇരുമ്പിന്റെ ശക്തി നേടി
വൈരങ്ങളുടെ അധിനിവേശ ഭൂമികയായി
കെട്ടു പോയ വിചാരങ്ങൾ വിഹരിക്കുന്ന
പൈശാചിക ചില്ലകൾ തഴച്ചു വളർന്നു
വന്യ പ്രദേശമായി മാറിയ മനസ്സ്!
മണ്ണിലെ ജന്മാവശിഷ്ടങ്ങൾക്കു വേണ്ടിയാണ്
ഈ രഥയോട്ടങ്ങളെല്ലാം
ഇല്ലിക്കാടുകൾക്ക് മീതെ
കുതിരകൾ വിയർപ്പുതുടച്ച്
ദീർഘശ്വാസം വിടുമ്പോൾ
ഒഴുക്ക് നിലച്ച വെയിൽ മുറ്റം
ഇരുട്ട് തിന്നു തീർത്തിരുന്നു!
ഇടത്തെ മുല വിട്ടു വലത്തെ മുലയും ആസ്വദിച്ചു
അവസാനത്തെ ഹിതവും തീർന്നു
ക്ഷീണം രാത്രിയുടെ മടിയിലേക്ക്
നീക്കിവെച്ച് ഇല്ലാതാകുന്നതിലൂടെ
ഉണ്ടാകുന്ന നൈമിഷിക സമാധാനം!
സൂര്യനെ പ്രണയിക്കുന്ന പൂക്കളുടെ
കാഴ്ച ഇല്ലാതാക്കി ചന്ദ്രൻ പ്രതികാരം ചെയ്യുമ്പോൾ
മായ്ച്ചവരകളിൽ തിരകൾ വീണ്ടും വീണ്ടും മർദ്ദിക്കുന്നു
കരയുടെ ഹൃദയമിടിപ്പ് ഏറ്റെടുത്ത് ആർത്തിരമ്പുന്ന ആകാശ
മഴയുടെ ചിറകിലൊളിച്ചു വെളിച്ചവും കരയുന്നു..!

×