പി ആര്‍ കോലാഹലങ്ങള്‍ വിപരീത ഫലമുണ്ടാക്കി; കോവിഡ് 19 നിയന്ത്രണാധീധം, ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കുന്നു; സര്‍ക്കാര്‍ നടത്തുന്നത് ജനവഞ്ചനയെന്ന് രമേശ് ചെന്നിത്തല.

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 18, 2020

തിരുവനന്തപുരം: കോവിഡ് 19 ടെസ്റ്റുകള്‍ നടത്താതെ രോഗ വ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആയിരത്തി ഇരുന്നൂറിലധികം പേരാണ് കോവിഡ് ബാധിതരായി കേരളത്തില്‍ ഇതുവരെ മരിച്ചത്. ഒരു ലക്ഷത്തോളം പേര്‍ ഇതുവരെ ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയില്‍ കേരളം ഒന്നാമതായി കഴിഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങള്‍ ലഭിക്കുന്നുമില്ല. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തില്‍ കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ്. കൃത്യമായും സമയബന്ധിതമായും കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലെ അപര്യാപ്തത ഇവിടെ വ്യക്തമാണ്. ആവശ്യമായ ചികിത്സ നല്‍കുന്നതിനും ക്ലിനിക്കല്‍ ഇടപെടലുകള്‍ നടത്തുന്നതിനും സമയം ലഭിക്കാതെ പോകുന്നു എന്നതാണ് രോഗികളെ മരണത്തിലേക്ക് തള്ളി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ചത് മൂലമുള്ള ആത്മഹത്യ, കോവിഡ് ബാധിതരുടെ അപകട മരണങ്ങള്‍ ഇവയെല്ലാം ഒഴിവാക്കിയാലും കൃത്യമായ കോവിഡ് മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലെ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാവുകയാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ നടത്തിയ സീറോ സാമ്പിള്‍ സര്‍വേ പഠനമനുസരിച്ച് മെയ് മാസം അവസാനത്തില്‍ കേരളത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കെങ്കിലും കോവിഡ് 19 ബാധിച്ച് സുഖപ്പെട്ടു പോയിട്ടുണ്ടാവാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 14 ജില്ലകളില്‍ നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇത്തരമൊരു ഫലം വന്നിട്ടും ഈ റിപ്പോര്‍ട്ട് പുറത്ത് വിടാനോ കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ പിആര്‍ കോലാഹലങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കിയ വ്യാജ സുരക്ഷിതത്വ ബോധമാണ് പിന്നീട് വലിയ വിപത്തിലേക്ക് നയിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

×