പ്രവാസി പ്രക്ഷോഭം: വെൽഫെയർ പാർട്ടി നോർക്ക ഓഫീസ് മാർച്ച്

ജോസ് ചാലക്കൽ
Monday, June 29, 2020

പാലക്കാട്: കൊറോണ ഭീതിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളോട് വഞ്ചന കാണിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നിലപാടുകളെ തുറന്നെതിർത്ത് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ‘പ്രവാസികളെ കൊലക്ക് കൊടുക്കരുത്,നമ്മൾ തന്നെയാണ് അവർ’ പ്രക്ഷോഭ കാലത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റി നോർക്ക ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ ഗേറ്റിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ല ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് ദുരന്ത കാലത്ത് തികഞ്ഞ നീതികേടാണ് ഭരണകൂടങ്ങൾ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യാത്ര ചെലവ്,ക്വാറൻ്റീൻ സൗകര്യങ്ങളും ചെലവും, കോവിഡ് ടെസ്റ്റും നെഗറ്റീവ് സർട്ടിഫിക്കറ്റും തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രവാസി വിരുദ്ധമായ നടപടികളാണ് ഉണ്ടാവുന്നത്. പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഏറെ വൈകിയാണ് കേന്ദ്ര സർക്കാർ തുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ല വൈസ് പ്രസിഡൻ്റ് പി.ലുഖ്മാൻ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻ്റ് ബാബു തരൂർ, വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല വൈസ് പ്രസിഡൻറ് ആസിയ റസാഖ്, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻറ് റഷാദ് പുതുനഗരം എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് മാസ്റ്റർ സ്വാഗതവും എ.അഫ്സൽ നന്ദിയും പറഞ്ഞു.

×