നടൻ പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, October 27, 2020

കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഫലം നെ​ഗറ്റീവായതെന്ന് പൃഥ്വിരാജ് കുറിച്ചു. ഒരാഴ്ച കൂടി ഐസൊലേഷനിൽ തുടരുമെന്നും പൃഥ്വി അറിയിച്ചു. രോഗബാധിതനായ സമയത്ത് തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവർക്കും താരം നന്ദി പറയുകയും ചെയ്തു.

ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയിൽ ആയിരുന്നു പൃഥ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ് നടത്തുകയായിരുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

താനുമായി പ്രൈമറി, സെക്കൻഡറി കോൺടാക്റ്റ് ഉള്ളവർ നിർദ്ദേശാനുസരണം ഐസൊലേഷനിൽ പോകുകയോ ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന സുരാജ് വെഞ്ഞാറമൂട് അന്ന് തന്നെ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. ഷൂട്ടിങിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിലാണുള്ളത്.

×