ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണങ്ങള്‍ക്കിടയില്‍ ഒരു നിശബ്ദ പ്രതികരണം അരങ്ങേറി; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു അത്; തന്നെയും തന്റെ കുടുംബത്തെയും വലിച്ചുകീറിയ സിപിഎമ്മിന് അതിലും വലിയ നാണയത്തില്‍ മറുപടി പറയാമായിരുന്നു; പക്ഷേ, ഉമ്മന്‍ ചാണ്ടി അതു ചെയ്തില്ല: കെപിസിസി പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറയുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും ബെംഗളൂരുവിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായത് സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും സൃഷ്ടിച്ച രാഷ്ട്രീയ ആഘാതം ചെറുതല്ല.

ശിവശങ്കറിന്റെ അറസ്റ്റിനെക്കാള്‍ എന്തുകൊണ്ടും ഒരുപടി മുകളിലാണ് ബിനീഷിന്റെ അറസ്റ്റിന്റെ രാഷ്ട്രീയ പ്രത്യാഘാതമെന്ന് പറയുകയാണ് കെപിസിസി പ്രസ് സെക്രട്ടറി പി.ടി. ചാക്കോ. തന്നെയും തന്റെ കുടുംബത്തെയും വലിച്ചുകീറിയ സിപിഎമ്മിനെ വലിച്ചുകീറാന്‍ വലിയ അവസരം ഉമ്മന്‍ചാണ്ടിക്ക് കിട്ടിയിട്ടും അദ്ദേഹം അത് ചെയ്യാത്തതിന്റെ കാരണവും ചാക്കോ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണങ്ങള്‍ക്കിടയില്‍ ഒരു നിശബ്ദ പ്രതികരണം അരങ്ങേറി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു അത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ അറസ്റ്റിനേക്കാള്‍ എന്തുകൊണ്ടും ഒരു പടി മുകളിലാണ് ബിനിഷ് കോടിയേരിയുടെ അറസ്റ്റിന്റെ പ്രത്യാഘാതം.

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്നതു കൂടാതെ കേസ് മയക്കുമരുന്നാണ്. ഏറ്റവും വലിയ സാമൂഹിക വിപത്ത്. എത്രയോ ജീവിതങ്ങള്‍ മയക്കുമരുന്നില്‍ എരിഞ്ഞടങ്ങി. സിപിഎമ്മിനെ വലിച്ചുകീറാന്‍ ഇതില്‍പ്പരം ഒരവസരമില്ല.
തന്നെയും തന്റെ കുടുംബത്തെയും വലിച്ചുകീറിയ സിപിഎമ്മിന് അതിലും വലിയ നാണയത്തില്‍ മറുപടി പറയാമായിരുന്നു.

പക്ഷേ, ഉമ്മന്‍ ചാണ്ടി അതു ചെയ്തില്ല. താനൊരു ഈശ്വരവിശ്വാസിയാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് വെറതെയല്ല.

×