ജോസ്‌മോനെ ഇടതുമുന്നണിയില്‍ എടുക്കുന്ന പാക്കേജില്‍ ആ നോട്ടെണ്ണുന്ന യന്ത്രവും ഉണ്ടോയെന്ന് ഇനിയും വ്യക്തമല്ല !! – ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പ്രസ് സെക്രട്ടറി പിറ്റി ചാക്കോയുടെ പ്രതികരണം

സത്യം ഡെസ്ക്
Friday, October 16, 2020

മാണിസാറിന്‍റെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടോ? ബാറുടമകളുടെ യോഗത്തില്‍ ഉണ്ടായ ഒരു പരാമര്‍ശമാണ് ഈ പ്രചാരണത്തിന് അടിസ്ഥാനം.

ആ യോഗത്തിലെ ചര്‍ച്ചയുടെ നാലര മണിക്കൂര്‍ നീളമുള്ള ഓഡിയോ ചോര്‍ത്തപ്പെട്ടു. ബാറുടമകളുടെ യോഗമായതിനാല്‍ പറയുന്നതൊന്നും വ്യക്തമല്ല. നോട്ട് യന്ത്രത്തെക്കുറിച്ചുള്ളത് ഒരു പാസിംഗ് പരാമര്‍ശമാണ്. അതും ഉറപ്പില്ലാത്ത പരാമര്‍ശം. അത് ഇപ്രകാരമാണ്.

‘പോക്കാ.. കൊണ്ടുപോയി മെഷീനില്‍ കേറ്റിയിരുന്നെങ്കില്‍.. എണ്ണിയിരുന്നെങ്കില്‍… മെഷീന്‍ വാങ്ങിച്ചു വച്ചിട്ടുണ്ടെന്നു പറയുന്നു അവിടെ…’

യാതൊരു ഉറപ്പുമില്ലാത്ത ഈ പാസിംഗ് പരാമര്‍ശമാണ് പാര്‍ട്ടിയും അതിന്റെ പത്രവും ചാനലും എടുത്തിട്ട് അലക്കിയത്. മറ്റു മീഡിയയും അതേറ്റു പിടിച്ചു.

മാണി സാറിനെതിരേയുള്ള എല്ലാ വീഡിയോയും ഇപ്പോള്‍ പാര്‍ട്ടിയുടെ ചാനലില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പഴയ പത്രം കിട്ടിയാല്‍ അതു കത്തിക്കുകയും ചെയ്യും!

ജോസ്‌മോനെ ഇടതുമുന്നണിയില്‍ എടുക്കുന്ന പാക്കേജില്‍ ആ നോട്ടെണ്ണുന്ന യന്ത്രവും ഉണ്ടോയെന്ന് ഇനിയും വ്യക്തമല്ല!!

×