പൊതുമേഖലയില്‍ സ്വദേശിവത്കരണത്തിന് കുവൈറ്റ്; മെഡിക്കല്‍ രംഗത്തെ ഇതില്‍ നിന്ന് ഒഴിവാക്കും; വിദേശകാര്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ നീക്കി സ്വദേശികളെ നിയമിക്കണമെന്ന് എംപി

New Update

publive-image

കുവൈറ്റ് സിറ്റി: ഡോക്ടര്‍മാര്‍, നഴ്‌സിംഗ് തുടങ്ങിയ മേഖലകള്‍ ഒഴികെയുള്ള മറ്റു മേഖലകളിലെ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും അതുവഴി രാജ്യത്തെ ജനസംഖ്യയിലുള്ള ആനുപാതം 2017ല്‍ നിശ്ചയിച്ചതുപോലെ എത്തിക്കാനും സിവില്‍ സര്‍വീസ് കമ്മീഷന് രണ്ട് വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍, ലീഗല്‍, എഡ്യൂക്കേഷണല്‍ തുടങ്ങിയ പൊതുമേഖലയിലെ പ്രവാസികളുടെ സേവനം രണ്ടു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനാണ് നീക്കം. വിവിധ മേഖലകളില്‍ ഇതിനായുള്ള പദ്ധതികള്‍ ഇതിനോടകം നടപ്പാക്കി കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ രംഗത്തെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എഡ്യൂക്കേഷന്‍ രംഗത്ത് 70 ശതമാനവും, നിയമമേഖലയില്‍ 83 ശതമാനവും, എഞ്ചിനീയറിംഗ് മേഖലയില്‍ 95 ശതമാനവും അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് 98 ശതമാനവും, സാമ്പത്തികമേഖലയിലെ ജോലികളില്‍ 96 ശതമാനവും ടെക്‌നോളജി രംഗത്ത് 97 ശതമാനവും മീഡിയ, പിആര്‍ മേഖലകളില്‍ 97 ശതമാനവും, സയന്‍സ് രംഗത്ത് 85 ശതമാനവും കാര്‍ഷികരംഗത്ത് 79 ശതമാനവും ലക്ഷ്യം കൈവരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.

അതേസമയം, വിവിധ രാജ്യങ്ങളിലെ കുവൈറ്റിന്റെ എംബസികളും കോണ്‍സുലേറ്റുകളും ഉള്‍പ്പെടെയുള്ള വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പൂര്‍ണമായി സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍ദ്ദേശം എംപി മുഹമ്മദ് ഹാദി അല്‍ ഹെവൈല സമര്‍പ്പിച്ചു.

മന്ത്രാലയത്തില്‍ നിരവധി പ്രവാസികളാണ് ജോലി ചെയ്യുന്നതെന്നും തൊഴിലിനായി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment