ഇ-ലേണിങ്: കുവൈറ്റിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം അനുയോജ്യമല്ലെന്ന് അധികൃതര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, October 18, 2020

കുവൈറ്റ് സിറ്റി: ഇ-ലേണിങ് സംവിധാനത്തിന് നിലവിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം അനുയോജ്യമല്ലെന്ന് അധികൃതരുടെ വെളിപ്പെടുത്തല്‍. സാങ്കേതിക വിദ്യയെ വിദ്യാഭ്യാസത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയവും ബ്രിട്ടീഷ് കൗണ്‍സിലും തമ്മിലുള്ള കരാറിനെ സംബന്ധിച്ചും അധികൃതര്‍ വെളിപ്പെടുത്തി.

വിദേശ രാജ്യങ്ങളുമായി ബാഹ്യ ആശയവിനിമയ ശൃംഖലയുള്ള ഇലക്ട്രോണിക് വികസിത സ്‌കൂളുകളുടെ എണ്ണം 70 മുതല്‍ 80 വരെയാണെന്നും യുകെയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും അധികൃതര്‍ പറയുന്നു.

വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് താരതമ്യം ചെയ്താല്‍ കുവൈറ്റിലെ സ്വകാര്യ വിദേശ സ്‌കൂളുകളും പൊതുവിദ്യാഭ്യാസ സ്‌കൂളുകളും തമ്മിലുള്ള അന്തരം വലുതാണെന്നും ഇവര്‍ പറയുന്നു.

ഇ-ലേണിങിന് വേണ്ടി 2010ല്‍ വിദ്യാഭ്യാസ മന്ത്രാലയം 160 മില്യണ്‍ ദിനാര്‍ ചെലവാക്കിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഇ-ലേണിങ് ഫലപ്രദമായി നടപ്പാക്കാന്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കുന്നതിനായി അനുയോജ്യമായ സൗകര്യം ഒരുക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

×