പുതുശ്ശേരി ആദ്യം സമീപിച്ചത് കോണ്‍ഗ്രസിനെ ? പത്തനംതിട്ട ഡിസിസി എതിര്‍ത്തപ്പോള്‍ ജോസഫിലേയ്ക്ക് പൊയ്ക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍. തിരുവല്ലയില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ് ഉന്നതനെ വെട്ടാന്‍ ജോസഫിനെക്കൊണ്ട് വാശിപിടിപ്പിച്ച് തിരുവല്ല ജോസഫിന് വിട്ടുകൊടുത്ത് പുതുശ്ശേരിയെ സ്ഥാനാര്‍ത്ഥിയാക്കാമെന്നതും കോണ്‍ഗ്രസ് തന്ത്രം ! പുതുശ്ശേരിയുടെ അഞ്ചാമത്തെ കൂടുമാറ്റമെങ്കിലും ഫലം കാണുമോ ?

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, September 24, 2020

കോട്ടയം: കേരളാ കോണ്‍ഗ്രസുകളിലെ പിളര്‍പ്പും ലയനങ്ങളും അതിനിടയിലുള്ള ചെറു വിസ്ഫോടനങ്ങളുമൊക്കെ കേരള രാഷ്ട്രീയത്തിന് പരിചിതമാണ്. അത്തരം അനുഭവങ്ങള്‍ക്കിടയിലുള്ള ഒരു തനിയാവര്‍ത്തനമാണ് ജോസഫ് എം പുതുശ്ശേരിയുടെ ഇന്നത്തെ പാര്‍ട്ടി മാറ്റവും. കേരളാ കോണ്‍ഗ്രസില്‍ പുതുശ്ശേരിയുടെ ചെറുതും വലുതുമായ അഞ്ചാമത്തെ കൂടുമാറ്റമാണ് ഇന്ന് നടന്നിരിക്കുന്നത്.

ജോസഫ് ഗ്രൂപ്പില്‍നിന്ന് ആര്‍ ബാലകൃഷ്ണപിള്ള പിളര്‍ന്നപ്പോള്‍ പിള്ളയ്ക്കൊപ്പം നിന്നതാണ് പുതുശ്ശേരിയുടെ രാഷ്ട്രീയ വഴിത്തിരിവ്. കല്ലൂപ്പാറയില്‍നിന്നും ആദ്യമായി എംഎല്‍എ ആയത് പിള്ള ഗ്രൂപ്പിന്‍റെ നോമിനിയായിട്ടാണ്. അന്ന് കൂടെനിന്ന നേതാവിനെ ചതിച്ച് പുതുശ്ശേരി കല്ലൂപ്പാറ വാങ്ങിയതിന്‍റെ ചരിത്രം ഇന്നും കേരളാ കോണ്‍ഗ്രസുകാര്‍ക്ക് ചര്‍ച്ചാ വിഷയമാണ്.

ആദ്യം സമീപിച്ചത് കോണ്‍ഗ്രസിനെ !

കെഎം മാണിയുടെ മരണശേഷം ജോസ് കെ മാണിയ്ക്കൊപ്പം ഉറച്ചു നിന്നെങ്കിലും പുതുശ്ശേരിയെ ഒരു സമയത്തും ജോസ് കെ മാണി വിശ്വസത്തിലെടുത്തിരുന്നില്ലെന്നതാണ് അദ്ദേഹത്തിന്‍റെ നിലപാട് മാറ്റത്തിന് അടിസ്ഥാന കാരണം. തരംകിട്ടുമ്പോള്‍ കാലുവാരുന്നവരെയും വാരാന്‍ കാത്തിരിക്കുന്നവരെയും ഒപ്പം വേണ്ടെന്നതാണ് ജോസ് കെ മാണിയുടെ പ്രഖ്യാപിത നിലപാട്.

സീറ്റും ഭാരവാഹിത്വവും ഓഫര്‍ ചെയ്ത് ഒരു നേതാവിനെയും ഒപ്പം നിര്‍ത്താനും കൂടെ കൂട്ടാനും തയ്യാറല്ലെന്ന് ജോസ് കെ മാണി നേതാക്കളോട് നേരത്തേ പറഞ്ഞിട്ടുമുണ്ട്. പുതുശ്ശേരിയുടെ പ്രശ്നം ജോസ് കെ മാണി ഇടതുപക്ഷത്തേയ്ക്കു പോകുമ്പോള്‍ നഷ്ടപ്പെടുന്ന തിരുവല്ല സീറ്റാണ്. എല്ലാ സീറ്റുകളും ഇടതുപക്ഷം പിടിച്ച പത്തനംതിട്ടയില്‍ ജോസ് കെ മാണിക്ക് സീറ്റ് ലഭിക്കാനിടയില്ല.

അങ്ങനെവന്നാല്‍ സ്വന്തം ജില്ലയില്‍ പുതുശ്ശേരിക്ക് സീറ്റില്ല. ഇത് മനസിലാക്കിയാണ് പുതുശ്ശേരി കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നേതാക്കളെ സമീപിച്ചത്. പക്ഷേ പുതുശ്ശേരിയെ അറിയുന്നതിനാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി പ്രമേയം പാസാക്കി.

തിരുവല്ലയില്‍ പിജെ കുര്യനെ വെട്ടാന്‍ പുതുശ്ശേരി !

ഇതിനിടയിലാണ് കോണ്‍ഗ്രസില്‍ മറ്റൊരു രാഷ്ട്രീയം കൊഴുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ മത്സരിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് പ്രൊഫ. പിജെ കുര്യന്‍. രാജ്യസഭാ ഉപാധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന അദ്ദേഹത്തിന്‍റെ ലക്ഷ്യം മന്ത്രിസ്ഥാനമല്ല, ഹൈക്കമാന്‍റ് സഹായത്തോടെ മുഖ്യമന്ത്രി പദവിയാണ്. ആ ‘ദുരാഗ്രഹം’ എ, ഐ ഗ്രൂപ്പുകള്‍ക്ക് നന്നായറിയാം.

അതിനാല്‍ തിരുവല്ലയില്‍ കുര്യനെ വെട്ടണമെങ്കില്‍ ആ സീറ്റ് പിജെ ജോസഫിനെക്കൊണ്ട് ചോദിപ്പിച്ച് അത് ജോസഫിനു വിട്ടുകൊടുപ്പിക്കണം. അവിടെ രണ്ടു തവണ തോറ്റ വിക്ടര്‍ ടി തോമസിനുവേണ്ടി ജോസഫിന് ആ സീറ്റ് വിട്ടുകൊടുക്കാനാകില്ല.

പകരം മുന്‍ എംഎല്‍എ ആയ ജോസഫ് പുതുശ്ശേരിക്കു വേണ്ടിയാണെങ്കില്‍ ആ കാരണം പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം ജോസഫിന് സീറ്റ് വിട്ടുകൊടുക്കും. ഈ തന്ത്രത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് പുതുശ്ശേരി ജോസഫ് ഗ്രൂപ്പിലെത്തുന്നത്.

പുതുശ്ശേരി ഒപ്പം നില്‍ക്കില്ലെന്ന് നേരത്തേ അറിയാമായിരുന്നതിനാല്‍ ജോസ് കെ മാണിക്ക് അതൊരു ‘ഞെട്ടുന്ന’ വാര്‍ത്തയായില്ല. അതേസമയം പിജെ കുര്യനെ പുതുശ്ശേരിയുടെ നീക്കം വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുമുണ്ട്. അതിന്‍റെ അലയടികള്‍ പത്തനംതിട്ടയില്‍നിന്നുയരുകയും ചെയ്യും.

ജോസഫ് പുതുശ്ശേരിയോട് ഒറ്റ കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നാണ് പാര്‍ട്ടിയിലെ സംസാരം. വരുമ്പോള്‍ ഒരു ഓട്ടോറിക്ഷയില്‍ രണ്ടുപേരെയെങ്കിലും ഒപ്പം കൂട്ടി വരണമെന്ന്. പുതുശ്ശേരിക്കൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഒരു പടതന്നെ ജോസഫിനൊപ്പം ചേരുമെന്ന് അദ്ദേഹത്തിന് സ്വാധീനമുള്ള ഒരു പത്രം എഴുതിയിട്ടുണ്ട്. അതെണ്ണാനായി കാത്തിരിക്കുന്നത് ജോസഫ് ഗ്രൂപ്പുകാരല്ല, പിജെ കുര്യനും പത്തനംതിട്ടയിലെ കോണ്‍ഗ്രസുകാരുമാണ്.

×