ഞാന്‍ താലിബാന്റെ സപ്പോര്‍ട്ടര്‍ അല്ല; അവരുടെ നിലപാടുകളോട് യോജിപ്പുളള ആളല്ല;അങ്ങനെയാണെങ്കില്‍ ഞാന്‍ സിനിമയില്‍ വരില്ലല്ലോ; സിനിമയിലുളളവര്‍ക്ക് ഞാന്‍ സ്ത്രീ വിരുദ്ധനാണോ, തീവ്രവാദിയാണോ എന്നറിയാം; ഞാന്‍ ഏതോ തോറാ ബോറാ മലനിരകള്‍ക്കുളളില്‍ ഇരുന്നുകൊണ്ട് സ്‌ക്രിപ്റ്റ് എഴുതി വിടുന്നയാളല്ല; വാരിയംകുന്നന്‍ എന്റെ പ്രൊജക്റ്റ്, അതുപേക്ഷിച്ച് പോകില്ല’; റമീസ് പറയുന്നു

ഫിലിം ഡസ്ക്
Sunday, June 28, 2020

വാരിയംകുന്നന്‍ സിനിമയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് രംഗത്ത്. സിനിമയില്‍ നിന്ന് തന്നെ ആരും പിന്മാറ്റിയതല്ലെന്നും അങ്ങനെ ആര്‍ക്കും തന്നെ ഇതില്‍ നിന്ന് പിന്മാറ്റാന്‍ പറ്റില്ലെന്നും റമീസ് മുഹമ്മദ് പറയുന്നു.

ആരോപണം ഉന്നയിക്കുന്നവര്‍ വാരിയംകുന്നന്‍ എന്ന സിനിമയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അതില്‍ ഞാന്‍ ഇരയാക്കപ്പെടുകയായിരുന്നു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് ഇതിലേക്ക് തിരിച്ചുകയറണം. കാരണം ഇത് എന്റെ പ്രൊജക്റ്റാണ്. ഞാനുണ്ടാക്കിയ പ്രൊജക്റ്റാണ്. എന്റെ കുഞ്ഞാണ്.

അതിനെ അങ്ങനെ ഒരു ദിവസം ഉപേക്ഷിച്ച് ഞാന്‍ എങ്ങോട്ടും പോകില്ല. സിനിമയിലുളളവര്‍ക്ക് ഞാന്‍ സ്ത്രീ വിരുദ്ധനാണോ, തീവ്രവാദിയാണോ എന്നറിയാം. ഞാന്‍ ഏതോ തോറാ ബോറാ മലനിരകള്‍ക്കുളളില്‍ ഇരുന്നുകൊണ്ട് സ്‌ക്രിപ്റ്റ് എഴുതി വിടുന്നയാളല്ല. കുറെക്കാലമായി ഇവിടയൊക്കെ ഉളളയാളാണെന്നും റമീസ് പറയുന്നു.

ഞാന്‍ താലിബാന്റെ സപ്പോര്‍ട്ടര്‍ അല്ല. അവരുടെ നിലപാടുകളോട് യോജിപ്പുളള ആളല്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ സിനിമയില്‍ വരില്ലല്ലോ. സിനിമയെയും സംഗീതത്തെയും ഒരുപാട് ഇഷ്ടപ്പെടുന്ന, ധാരാളം സിനിമകള്‍ കാണുന്നയാളാണ് ഞാന്‍. അതില്‍ നിന്ന് വ്യക്തമാണ് ഞാന്‍ ഒരു താലിബാന്‍ സപ്പോര്‍ട്ടറല്ലാ എന്ന്. ഞാനൊരു മുസ്ലിം വിശ്വാസിയാണ്. എന്റെ ഇഷ്ടപ്പെട്ട വിഷയം ഇസ്ലാമിക് ഹിസ്റ്ററിയാണ്. അതില്‍ നല്ലയാളുകളെക്കുറിച്ചും മോശമാളുകളെക്കുറിച്ചും പഠിക്കുന്നുണ്ട്. ഒരിക്കലും ഞാന്‍ താലിബാനെ പിന്തുണക്കുന്നയാളല്ല.

താന്‍ സ്ത്രീവിരുദ്ധനാണെന്നുളള ആരോപണങ്ങളോട് റമീസിന്റെ മറുപടി ഒരംശം പോലും മെയില്‍ ഷോവനിസം ചര്യയിലോ ജീവിതത്തിലോ ഉണ്ടാകരുതെന്ന് ശഠിക്കുന്നയാളാണ് താനെന്നായിരുന്നു. ഈ സമൂഹം പാട്രിയാര്‍ക്കലാണെന്നും അത് ഇല്ലാതാകണമെന്നും ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്റെ ജീവിതത്തിലും വൈഫിനോടുമൊക്കെ അത് പുലര്‍ത്തുന്നുമുണ്ട്.

ഒരിക്കലും ഞാനെന്റെ ജീവിതത്തില്‍ ഭാര്യ എന്ന് വാക്ക് ഉപയോഗിക്കാറില്ല. ഭാര്യ എന്നാല്‍ ഭരിക്കപ്പെടുന്നവള്‍ എന്നും ഭര്‍ത്താവ് എന്നാല്‍ ഭരിക്കുന്നവന്‍ എന്നും കേട്ടിട്ടുണ്ട്. അത്രപോലും സൂക്ഷ്മത പുലര്‍ത്തുന്ന ആളാണ് താനെന്നും റമീസ് വ്യക്തമാക്കുന്നു. സ്ത്രീവിരുദ്ധ പറഞ്ഞ പഴയ പോസ്റ്റ് വലിയ തെറ്റാണെന്നും അതിന് ഇപ്പോഴും മാപ്പ് പറയുന്നുവെന്നും റമീസ് ആവര്‍ത്തിക്കുന്നു.

×