ആടിനെ പട്ടിയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സി.പി.എം സെക്രട്ടേറിയേറ്റിനോട് സഹതാപം: രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, September 15, 2020

തിരുവനന്തപുരം: ആടിനെ പട്ടിയാക്കി ദുര്‍വ്യാഖ്യാനിച്ചെങ്കിലും  രക്ഷപ്പെടാനുള്ള  സി.പി.എമ്മിന്റെ ശ്രമത്തിന്റെ ഭാഗം മാത്രമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പത്രസമ്മേളനത്തില്‍ താന്‍ പറയാത്തതു പറഞ്ഞെന്ന് ആരോപിച്ചാണ് പ്രചാരണം. മന്ത്രി കെ.ടി ജലീല്‍ നയതന്ത്ര ചാനല്‍ വഴി കൊണ്ടു വന്ന പാഴ്‌സലില്‍ എന്താണെന്ന കാര്യത്തിലാണല്ലോ സംശയം.

അത് സ്വര്‍ണ്ണമാണോ, കറന്‍സിയാണോ എന്നൊന്നും വ്യക്തമല്ലല്ലോ എന്നാണ് താന്‍ പറഞ്ഞത്. അത് ദുരൂഹമാണ് എന്നും താന്‍ പറഞ്ഞു. അതിനെ വളച്ചൊടിച്ച് ഇപ്പോഴത്തെ നാണക്കേടില്‍ നിന്ന് രക്ഷപ്പടാനുള്ള ദുര്‍ബലമായ പരിശ്രമം നടത്തുന്ന സി.പി.എമ്മിനോട് സഹതപിക്കാനേ കഴിയൂ.

ഒരു കാലത്തുമില്ലാത്ത വിധം സി.പി.എമ്മും ഇടതു സര്‍ക്കാരും ജീര്‍ണ്ണതയിലാണ്ടു കിടക്കുകയാണ്. ഇത്തരം പൊട്ടുവിദ്യകള്‍ കൊണ്ടൊന്നും അതില്‍ നിന്ന് കരകയറാനാവില്ല.

ഭരണഘടനയും രാജ്യത്തെ ചട്ടങ്ങളും, പ്രോട്ടോക്കോളും ലംഘിച്ച മന്ത്രി ജലീല്‍ രാജി വയ്ക്കുക തന്നെ വേണം. അതിനായി യു.ഡി.എഫിന്റെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

×