Advertisment

ലോകത്തിന്‍റെ വെളിച്ചമാണ് വായന, വിശക്കുന്ന മനുഷ്യാ നീ പുസ്തകം കൈയിലെടുക്കൂ ഒരായുധമാണ് നിനക്കത്.

author-image
admin
Updated On
New Update

ലോകത്തിൻ്റെ വെളിച്ചമാണ് വായന" എന്നു പറഞ്ഞത്, നാല്പത് കോടി ജനങ്ങളെ സ്വാതന്ത്ര്യത്തിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയാണ്. വേദഗ്രന്ഥമായ "ഖുർആൻ" ൻ്റെ അർത്ഥം തന്നെ വായന എന്നത്രെ!

Advertisment

publive-image

വായനയെ പൊതുവിൽനമുക്ക് രണ്ടായി തരം തിരിക്കാം. വിനോദോപാധിയായ വായനയും ഗഹനമായ വായനയും. രണ്ടാമത്തേത് നമുക്ക് ഉൾക്കാഴ്ച നൽകുന്നതും അറിവിൻ്റെ അനന്തവിഹായസ്സിലേക്ക് ചിറകില്ലാതെ പറന്നുയരാൻ നമ്മെ പ്രേരിപ്പിക്കുന്നതുമാണ്.

നമ്മിലെ കൂപമണ്ഡൂകത്തെ പുറത്ത് കൊണ്ടുവന്ന് അതിവിശാലമായ ഈ ലോകത്തെ നമുക്കുമുന്നിൽ അനാവരണം ചെയ്യാനും കാണുന്നതല്ല കാഴ്ചകൾ എന്ന് നമ്മെ തെര്യപ്പെടുത്താനും കെൽപ്പുള്ളതു കൂടിയാണ്.

നമ്മിലെ പരാധീനതകളെ ഇല്ലാതാക്കി നമ്മിലുറങ്ങുന്ന ഊർജ്ജ പ്രവാഹിനിയായ മനസിനെ, ഭാവനയുടെ വിപുലമായ സ്വപ്നസ്ഥലികളിലൂടെ അനന്തഭ്രമണത്തിന് പരിപക്വമാക്കുന്ന സ്രോതസ്സുമാണ് വായന. അതിനാലാണ് പ്രശസ്ത ജെർമൻ സാഹിത്യകാരൻ ബെർതോൾഡ് ബ്രെത് പറഞ്ഞത്,

" വിശക്കുന്ന മനുഷ്യാ നീ പുസ്തകം കൈയിലെടുക്കൂ ഒരായുധമാണ് നിനക്കത് "എന്ന്. തന്നെ വരിഞ്ഞുമുറുക്കുന്ന ചുറ്റുപാടുകളോട് യുദ്ധം ചെയ്യാൻ, അറിവിൻ്റെ പടവാളേന്താനുള്ള ആഹ്വാനമായിരുന്നു അത്.  അത് തന്നെയാണ് ഗഹനമായ വായനയുടെ പ്രസക്തിയും.

''ചുരുണ"കളിൽ നിന്ന് തുടങ്ങി പല സങ്കേതങ്ങളിലൂടെ സ്ക്രീൻ റീഡിങ്ങിലെത്തി നില്ക്കുന്നു ഇന്നു നാം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീ നാരായണ ഗുരു സൂക്തം പോലെ, ഉപാധിയേതായാലും വായന വളർന്നാൽ മതിയെന്നതാവട്ടെ നമ്മുടെ ആപ്തവാക്യം.

ബൃഹദ് ഗ്രന്ഥങ്ങളായാലും ചെറുപുസ്തകങ്ങളായാലും മനസിരുത്തി വായിക്കണം.നാലു തലമുറയുടെ കഥ നാല്പതു പുറങ്ങളിലൊതുക്കിയ, കോവിലൻ്റെ "തോറ്റങ്ങൾ" വായിച്ചാലുണ്ടാവുന്ന അനുഭൂതിയുമുൾക്കാഴ്ചയും ചിലപ്പോൾ നാനൂറു് താളുകളുള്ള ഒരു ഗ്രന്ഥപാരായണത്തിലൂടെ നമുക്ക് ലഭ്യമായില്ലെന്നും വന്നേക്കാം.

വായന വരണാത്മകം കൂടിയാവണമെന്നു പറയുന്നത് അതുകൊണ്ടാണ്. വായനയിൽ പദാനുപദ പാരായണത്തിന് പുറകേ പോകേണ്ട കാര്യമില്ലെന്നാണെൻ്റെ പക്ഷം. പക്ഷെ വരികൾ വായിക്കുന്നതിനൊപ്പം വരികൾക്കിടയിലെ വായന നഷ്ടപ്പെടരുതെന്നു മാത്രം. എല്ലാ ശാഖകളിലുമുള്ള സാഹിത്യ, ശാസ്ത്ര, ആത്മീയാജ്ഞേയ ഗ്രന്ഥങ്ങൾ വായിക്കുവാനുംഅതിലൂടെ നമ്മുടെ വീക്ഷണം വിപുലപ്പെടുത്തുവാനും നമുക്കാവണം.

വിജ്ഞാനലബ്ധിക്കായുള്ള മാദ്ധ്യമങ്ങളുടെ കുറവും ലഭ്യതയില്ലായ്മയും മൂലം പുസ്തക വായനയുടെ പൂക്കാലം ആവോളം ആസ്വദിച്ചവരാണ് എൻ്റെ തലമുറയിൽ പ്പെട്ടവർ.ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കാനും നമ്മുടെ പരിമിതികളെയും തന്മൂലമുടലെടുക്കുന്ന മുൻവിധികളെയും തിരുത്തി മുന്നേറുവാനും സങ്കുചിതത്വത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് നമ്മെ മോചിപ്പിക്കുവാനും അപരൻ്റെ വിഷമാവസ്ഥയിൽ ഭാവാത്മകമായി താദാത്മ്യം പ്രാപിക്കാൻ നമുക്കുൾ പ്രേരണയാവുന്നതുമെല്ലാം വായനയുടെ ഗുണങ്ങളാണ്.

മറവിരോഗത്തെ ഇല്ലായ്മ ചെയ്യുവാനും മാനസികപ്രക്ഷുബ്ധതയകറ്റാനും വായനക്കു കഴിയുമെന്ന് ഗവേഷക മതം. വായിച്ചു തുടങ്ങുന്ന പുതു തലമുറ, കുറിപ്പുകളുണ്ടാക്കിയുള്ള വായനക്ക് ശ്രമിക്കണം. ഭാവിയിൽ നല്ല വായനക്കാരാവാൻ മാത്രമല്ല, നല്ല എഴുത്തുകാരാവാനും ഇതു നിങ്ങളെ സഹായിച്ചേക്കാം.

മഹാമാരിയുടെ പത്മവ്യൂഹത്തിലുഴലുകയാണ് മനുഷ്യകുലമൊന്നാകെയെങ്കിലും ഈ കാലം വായനക്ക് പ്രോത്സാഹനമേകി എന്ന സത്യം വിസ്മരിക്കാവതല്ല.ജീവസ്സന്ധാരണത്തിനായി അവിശ്രമം നെട്ടോട്ടമോടിയിരുന്ന സാധാരണക്കാർ പോലും വാതിലടച്ച് വീട്ടിലൊതുങ്ങേണ്ടി വന്നപ്പോൾ ഇവരിൽ നല്ലൊരു ശതമാനമാൾക്കാർ വായനയുടെ ലോകത്തെത്തിപ്പെട്ടു എന്നത് ആഹ്ലാദകരമാണ്.എന്നിരുന്നാലും മേൽ പ്രസ്താവിച്ച രീതിയിൽ വായന നമ്മെ മാറ്റുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുവാൻ നാം തയ്യാറാവണം.

നമ്മുടെ പരിതസ്ഥിതികളോട് പ്രതികരിക്കുവാനും വീഴ്ചകളിൽ പ്രതിവിധി കണ്ടെത്തുവാനും നമുക്കു കഴിയുന്നുണ്ടോ?

ഒരു നൂറ്റാണ്ടുകാലം കൊണ്ട് നാം നേടിയ ആരോഗ്യ വിദ്യാഭ്യാസ-സാമൂഹിക പുരോഗതികളെല്ലാം നിഷ്ഫലമാക്കിക്കൊണ്ട് രോഗാതുരതയുടെ തലസ്ഥാനമായി നാം മാറുമ്പോഴും, ദക്ഷിണേന്ത്യയുടെ തന്നെ ജല കുംഭമായ പശ്ചിമഘട്ടം പടിപടിയായി അക്രമിക്കപ്പെട്ടപ്പോഴുമെല്ലാം നമ്മുടെ പ്രതികരണ ശേഷി ശോഷിച്ചതെന്തുകൊണ്ടാണ്?

വിഭവചൂഷണം ഭീഷണമാം വിധം തുടരുകയും നിലനില്പുതന്നെ അപകടപ്പെടുകയും ചെയ്തിട്ടും നമ്മുടെ സ്വതസിദ്ധമായ നിശ്ചേതനത്വത്തിനും നിസ്സംഗതക്കു മൊന്നും ഒരു മാറ്റവും വന്നുകാണുന്നില്ലെന്നു മാത്രമല്ല, അതിരപ്പള്ളി ജലവൈദ്യുത പദ്ധതി പോലുള്ളവ ദശാബ്ദങ്ങളുടെ സുഷുപ്താവസ്ഥക്ക് ശേഷവും ചർച്ചയാവുകയും ചെയ്യുന്നു. അതിവർഷത്തിനും മേഘവിസ്ഫോടനത്തിനും മേലേ അശനിപാത ശൃംഖല വേണ്ടി വരുമോ നമ്മുടെ പ്രജ്ഞയെ ഉണർത്താൻ?

കുന്നുകളുടെ പേരിൽ പ്രസിദ്ധമായിരുന്ന എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയെ വെള്ളക്കെട്ടിൽ മുക്കിയ "വികസന" പരിപ്രേക്ഷ്യമാണ് നമുക്കുള്ളത്.' 'കുന്നോളൊക്കെ ലോറീ കേറിപ്പോയി മക്കളേ"  എന്ന് ഹതാശരായി ആത്മഗതം ചെയ്യുകയാണവിടത്തുകാർ. നഗരവൽക്കരണവും മാലിന്യ സംസ്കരണവും ഊർജ്ജസംരക്ഷണവും പരിസ്ഥിതി പരിപാലനവും പുനരധിവാസവുമെല്ലാം അതീവ ഗൗരവതരമായി മാറുമ്പോഴും പഴുതടച്ചുള്ള ആസൂത്രണത്തിൻ്റെ അഭാവം അടിസ്ഥാന പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുന്നുണ്ടെന്ന് നാമെന്തിന് പറയാതിരിക്കണം? മണ്ണും മനുഷ്യാദ്ധ്വാനവും വിൽപ്പന ച്ചരക്കാക്കുന്നതിൻ്റെ ഫലം തകർച്ച തന്നെയാണ് എന്ന പരമാർത്ഥം നാമെന്തിന് പതുക്കെ പറയണം?

44 നദികൾ ഉള്ള നമ്മുടെ നാട്ടിൽ ഒരേ സമയം വെള്ളപ്പൊക്കവും ശുദ്ധജല ക്ഷാമവും നേരിടുന്ന ജനതയായി നാം മാറുന്നതെന്തുകൊണ്ട്?വിഭവാമിതചൂഷണം മൂലം വാസയോഗ്യമായ ഇടങ്ങൾ കുറയുന്ന അതീവ ഗുരുതരമായ അവസ്ഥാവിശേഷവും നാം നേരിടുന്നു.കൂടിയ തോതിലുള്ള സാമ്പത്തികാ സമത്വം സാമൂഹികാന്തരീക്ഷവും കലുഷിതമാക്കും വിധം സ്ഥൂലീ കരിക്കപ്പെടുന്നു. എവിടെ വെച്ചാണ് നമുക്ക് വികസനത്തിൻ്റെ "കേരള മോഡൽ" കൈമോശം വന്നത്?അഞ്ഞൂറിലധികം ജീവനും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടവും വരുത്തിവെച്ച രണ്ടു് പ്രളയത്തുടർച്ചകൾക്ക് ശേഷവും തോണി തിരുനക്കരെ തന്നെ എന്നു വരുന്നത് കഷ്ടാൽ കഷ്ടതരമാണ്. പ്രത്യക്ഷ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയതല്ലാതെ, പ്രതിരോധ,പുനരിധിവാസ കാര്യങ്ങളിൽ അധികൃതർ സാരാനാഥിലെ പ്രതിമകളെപ്പോലും നാണിപ്പിക്കുകയാണെന്നതാണ് യാഥാർത്ഥ്യം.

മുമ്പേ ദുർബ്ബല ഇപ്പോൾ ഗർഭിണിയും എന്ന നിലയിലേക്ക് കൊറോണ വൈറസിൻ്റെ പ്രാഭവം നമ്മെ മാറ്റിയിരിക്കുന്നു. പ്രാരംഭത്തിൽ പുലർത്തിയ ജാഗ്രതയും കരുതലും കൈവിട്ട നാം സാമൂഹ്യ വ്യാപനമെന്ന വെടിപ്പുരക്കു മേലെയാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

രോഗാണു സംക്രമണം ഏതെല്ലാം നിലക്ക് ലോകത്തെ മാറ്റി മറിക്കുമെന്ന് പറയാനാവില്ല എങ്കിലും ഒരു കാര്യം വീണ്ടും പറയട്ടെ! "മനുഷ്യൻ്റെ ആവശ്യങ്ങൾക്കള്ളതെല്ലാം പൃഥ്വിയിലുണ്ട്, അവൻ്റെ അത്യാർത്ഥിക്കുള്ള തൊട്ടില്ല താനും" എന്ന ഗാന്ധിയൻ വീക്ഷണത്തിനു് പ്രസക്തിയേറുകയാണിന്ന്.

പ്രകൃതി ചൂഷണത്തിൻ്റെയും വിപണനത്തിൻ്റെതുമടക്കം ഭരണപരവും നിയാമകവുമായ സകലകാര്യങ്ങളിലും ഗാന്ധിയൻ സരണി പിൻപറ്റുക മാത്രമേ കോവിഡാനന്തര കാലഘട്ടത്തിൽ, കൂടുതൽ അപകടകരമായ സാമ്പത്തികവും സാമൂഹ്യവുമായ ദുരവസ്ഥയിലേക്ക് കൂപ്പുകുത്താതിരിക്കാനും മെച്ചപ്പെട്ട പുരോഗതി കൈവരിക്കാനും കരണീയമായുള്ളൂ എന്ന വിദഗ്ദാഭിപ്രായം ഭരണ കർത്താക്കൾ മുഖവിലക്കെടുത്തേതീരൂ!

എന്തുകൊണ്ട് ജൂൺ 19ാം തിയതി തന്നെ വായനാദിനം ആചരിക്കുന്നു എന്ന ചോദ്യത്തിന്, മലയാളിയെ വായനയുടെ വിസ്മയലോകത്തേക്ക് ആനയിച്ച ഗ്രന്ഥാലയമഹർഷിയുടെ - അഥവാ പി.എൻ.പണിക്കരുടെ സ്മൃതി ദിനമാണന്ന് എന്നതാണുത്തരം.1909 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലെ നീലംപേരൂരിൽ ജനിച്ച് എട്ടര പതിറ്റാണ്ടു നീണ്ട പരിവ്റാജകതുല്യമായ കർമ്മകാണ്ഡത്തിനൊടുവിൽ 1995 ജൂൺ 19ാം തിയതി അമരത്വം വരിച്ച പി.എൻ.പണിക്കർ. പൊതുവിദ്യാഭ്യാസ രംഗത്തും സാങ്കേതികരംഗത്തും കേരളം വിജയ വൈഖരി മുഴക്കി മുന്നേറുമ്പോൾ അതോടൊപ്പം ഖ്യാതി വർദ്ധിക്കുന്ന നാമം. സ്വാതന്ത്ര്യത്തിനും രണ്ട് ദശാബ്ദം മുമ്പേ തൻ്റെ ജന്മസ്ഥലത്തെ ഭഗവതിക്ഷേത്രാൽത്തറയിൽ സായന്തനങ്ങൾ ചെലവിട്ടിരുന്ന യുവാക്കൾ അടക്കമുള്ളവരെ സംഘടിപ്പിച്ചായിരുന്നു ബൃഹത്തായ ഒരു പ്രസ്ഥാനത്തിൻ്റെ ആദ്യചുവടുവെപ്പ്.

പത്രപാരായണത്തിൽ തുടങ്ങിയ ഈ കൂട്ടായ്മയാണ് ഒരു വായനശാല എന്ന ആശയം കരുപ്പിടിപ്പിക്കുന്നതും ( പണിക്കരുടെ ഭാഷയിൽ - ഗ്രാമീണ സർവ്വകലാശാല - ) സാർത്ഥകമാക്കുന്നതും. ദേശീയ പ്രസ്ഥാന പ്രവർത്തനങ്ങളും മഹാത്മാഗാന്ധിയുടെ കേരള സന്ദർശനവുമെല്ലാം കൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ആവേശം മുറ്റി നിന്നിരുന്ന സാഹചര്യത്തിലായിരുന്നു പണിക്കരുടെ നേതൃത്വത്തിൽ ഇത്തരമൊരു സദുദ്യമത്തിന് മുതിരുന്നത് എന്നത് സ്മരണീയമാണ്.

സ്വാതന്ത്ര്യ സമര രംഗത്തെന്ന പോലെ ഗാന്ധിയൻ ആദർശം ജനങ്ങൾക്ക് അനുഭവ വേദ്യമാക്കുന്നതിൽ നിതാന്ത ശ്രദ്ധ പുലർത്തിയിരുന്ന മഹാമനീഷികളുമായുള്ള ഉറ്റ സൗഹാർദ്ദവും, പ്രവർത്തനങ്ങളിലെ ആത്മാർത്ഥതയും പിടിവാശിയും മൂലം താൻ ഇടപഴകുന്ന സമൂഹത്തിൻ്റെയെല്ലാം മുക്തകണ്ഠ പ്രശംസയും പിന്തുണയുമെല്ലാം ആർജ്ജിക്കാനായ അദ്ദേഹം, വടക്കൻ പറവൂർ മുതൽ കന്യാകുമാരിവരെ പരസ്പര ബന്ധമില്ലാതെ കിടന്നിരുന്ന നാല്പത്തിയേഴോളം വായനശാലകളെ ഒരു ചരടിൽ കോർത്തെടുത്തതായിരുന്നു 1945ൽ റെജിസ്റ്റർ ചെയ്യപ്പെട്ട ഗ്രന്ഥശാലാ സംഘം.

ഐതിഹ്യങ്ങളിൽ നാം കേട്ടതിൽ നിന്നെല്ലാം ഭിന്നമായി, തലയും കാലുമില്ലാതെ കേരള സംസ്ഥാനം പിറവിയെടുക്കുമ്പോൾ, നാലായിരത്തിലധികം വായനശാലകളൂം ഒരു കോടിയിലേറെ പുസ്തകങ്ങളും ആയിരക്കണക്കായ യുവാക്കളുടെ കർമ്മശേഷിയുമുപയോഗപ്പെടുത്തി ഗ്രന്ഥശാലാ സംഘം വളർച്ചയുടെ ഒട്ടേറെ പടവുകൾ താണ്ടിയിരുന്നു.

സ്വാതന്ത്ര്യലബ്ധിയോടെ സംസ്ഥാനത്ത് ഉന്നത സാക്ഷരതാ നിലവാരം കൈവരിക്കുന്നതിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിലും ഗ്രന്ഥശാലാ സംഘം വഹിച്ച പങ്ക് നിസ്തുലമാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന, മഹാത്മജിയുടെ ആഹ്വാനം ശിരസാവഹിച്ച പണിക്കർ, സ്വയം സമൂഹ നന്മക്കായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരാണ് രാജ്യത്തിനാവശ്യമെന്നും അങ്ങനെയുള്ളവരെ വാർത്തെടുക്കുവാൻ വായനശാല പോലെ മറ്റൊരുപാധിയില്ലെന്നും തിരിച്ചറിവുള്ള യാളായിരുന്നു.

പല ഘട്ടങ്ങളിലായി നാല്പതിനായിരത്തിലേറെ സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിക്കുകയും അവരിലൂടെ, അജ്ഞതയുടെ ഘോരാന്ധകാരത്തിൽ ആണ്ടു കിടന്നിരുന്ന ഗ്രാമീണ ജനതയിലേക്ക് അറിവിൻ്റെ കൈത്തിരിനാളം പകർന്നു നൽകുകയും ചെയ്ത പണിക്കർ പക്ഷെ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളയാളായിരുന്നില്ല.

1960 കളുടെ മദ്ധ്യത്തിൽ പണിക്കരുടെ ദീർഘദർശിത്വം വിഭാവനം ചെയ്ത തായിരുന്നു സാക്ഷരതാ പ്രസ്ഥാനം. നിരക്ഷരരായ അടിസ്ഥാന വർഗ്ഗത്തിൻ്റെ ജീവിതം അറിവിൻ്റെ തങ്കരശ്മികളാൽ പ്രകാശമാനമാക്കിയ പ്രതീക്ഷാനിർഭരകർമ്മമായിരുന്നു അത്. നിരക്ഷരരും തദ്വാരാ പീഢിതരുമായിരുന്ന അടിസ്ഥാന വർഗ്ഗം മുതൽ അന്യഭാഷക്കാരായ ഉന്നതോദ്ധ്യഗസ്ഥർ വരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി എന്നത് പിൽക്കാല ചരിത്രം.

"വായിച്ചു വളരുക - ചിന്തിച്ചു വിവേകം നേടുക" എന്ന മന്ത്രവുമായി കാസർഗോഡ് നിന്നു തുടങ്ങി തിരുവനന്തപുരത്ത വസാനിച്ച സാംസ്കാരിക ജാഥയിൽകേരളത്തിൽ അന്നേവരെ ഉണ്ടായിട്ടില്ലാത്ത ജനപങ്കാളിത്തം സദൃശമായതുംഗ്രന്ഥശാലാ സംഘത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു.

ഉന്നതമായ സാംസ്കാരികാവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിലും സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വരേണ്യതയുടെ ദന്തഗോപുരങ്ങളിൽ നിന്ന് സാധാരണ ക്കാരനിലേക്ക് പറിച്ചുനടുന്നതിലും സർവ്വോപരി സംഘടനയെ ജനകീയമാകുന്നതിലും വലിയ പങ്കുവഹിക്കാനായെന്നാലും ഒരു രാഷ്ട്രീയ കക്ഷി യോടു് സംഘം ഭാരവാഹികളിൽ ചിലർക്കുണ്ടായ അമിതാശ്രിതത്വംമൂലമുണ്ടായ കുത്സിതപ്രവർത്തനങ്ങൾ ഫലിക്കുകയും കൂടുതൽ വൈകാതെ, 1945 മുതൽ താൻ നേതൃത്വം നൽകിയ സംഘടനയിൽ നിന്ന് പണിക്കർക്ക് പുറത്തു പോകേണ്ടി വരികയും ചെയ്തു. 1977 ൽ ഗ്രന്ഥശാലാ സംഘം ഗവണ്മെൻ്റ് ഏറ്റെടുത്തു.

ലക്ഷ്യപൂർത്തിക്കു മുമ്പേ തനിക്ക് വിട പറയേണ്ടി വന്ന ഗ്രന്ഥശാലാ സംഘത്തിന് പകരം സംഘടനയുണ്ടാക്കുകയല്ല പണിക്കർ ചെയ്തത്. സാക്ഷരതാ പ്രവർത്തനം കൂടുതൽ ജനകീയമാക്കാനുതകും വിധം കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിക്ക് രൂപം നൽകുകയാണുണ്ടായത്.

ജീവിതത്തിൻ്റെ നാനാതുറകളിലുള്ള പ്രഗത്ഭമതികൾ പണിക്കരുമായി കൈകോർത്തു.

കേരളീയ സമൂഹത്തിൽ പ്രത്യക്ഷ മാറ്റത്തിന് വഴിയൊരുക്കിയ മഹാരഥനൊപ്പം സമൂഹമൊട്ടാകെ നിലയുറപ്പിക്കുക സ്വാഭാവികമാണല്ലോ! രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ കീഴിൽ പൗരബോധമുള്ള ജനത ഉയിർ കൊള്ളുന്നില്ലെന്നു സന്ദേഹമുള്ള ആ സമൂഹ പരിഷ്കർത്താക്കൾ, "വ്യക്തിക്കു വേണ്ടി സമൂഹം - സമൂഹത്തിനായി വ്യക്തി" എന്ന സഹകരണ പ്രസ്ഥാനത്തിൻ്റെ അന്തസ്സത്ത ഉൾക്കൊണ്ടു പ്രവർത്തിക്കാനും ജീവിതത്തിൻ്റെ സകല മേഖലകളിൽ നിന്നും അസമത്വം ഇല്ലായ്മ ചെയ്യാനുമുള്ള വെമ്പലോടുകൂടിയാണ് പുതിയ പ്രസ്ഥാനത്തിന് ബീജാവാപം നൽകിയത്.

പൊന്നിന്മേൽ പൊൻകാരമെന്ന പോലെ, പ്രവൃത്ത്യോന്മുഖ സാക്ഷരതയുടെ പ്രണേതാക്കളായ കാൻഫെഡിനെത്തന്നെ എസ്‌.ആർ.സി.യുടെ ചുമതല കേന്ദ്ര ഗവണ്മെൻ്റ് വൈകാതെ ഏല്പിക്കുകയും ചെയ്തു.

78ൽ കാസർകോഡ് നിന്നു തുടങ്ങി കന്യാകുമാരിയിലവസാനിച്ച, മുദ്രാവാക്യം മുഴക്കാതെയും സമരാഹ്വാനങ്ങളില്ലാതെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നതിനു പകരം അർഹരായ സാംസ്കാരിക വ്യക്തിത്വങ്ങളെ അവരുടെ അടുത്ത് ചെന്ന് ആദരിക്കുന്ന നവീനമായ പ്രവർത്തനങ്ങളിലൂടെയും പണിക്കരും കാൻഫെഡും ജനകീയതയുടെ പുതുപ്പിറവി ആഘോഷിച്ചു. (പണിക്കരുടെ മകനും പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. എൻ.ബാലഗോപാലിൻ്റെ നേതൃത്വത്തിലാണ് ഭാരതത്തിലെ സെൻട്രൽ ലൈബ്രറി ഡിജിറ്റലൈസേഷൻ സാക്ഷാത്കരിച്ചത് എന്ന കാര്യം സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കട്ടെ! )

ജന വിദ്യാകേന്ദ്രങ്ങൾ, അക്ഷര സംഘങ്ങൾ, വനിതാവേദി, ജനകീയ നീതി പ്രസ്ഥാനം തുടങ്ങി ഒരു ഡസനോളം ഉപസമിതികളോടുകൂടി കുറേയേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും ഭാരതദർശനമാലയടക്കം നാനൂറോളം പുസ്തകങ്ങൾ പുറത്തിറക്കാനും ചുരുങ്ങിയ കാലം കൊണ്ട് സംഘടനക്കായി.1985 ൽ കണ്ണൂർ ജില്ലയിലെ ഏഴോം സമ്പൂർണ്ണ സാക്ഷരതാ ഗ്രാമമായും 89 ൽ നഗരമായി കോട്ടയവും ജില്ലയായി 90 ൽ എറണാകുളവും 91ൽ സംസ്ഥാനം തന്നെ ഭാരതത്തിലെ ആദ്യ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായും മാറിയത് സംഘടനയുടെ അർപ്പണബോധത്തിൻ്റെ ഉത്തമ നിദർശനമായി.

റാഗിങ്ങ് എന്നസാമൂഹ്യ ദ്രോഹത്തേയും, സകലമാന ലഹരിയേയും, വർജ്ജിക്കുക എന്ന ഗാന്ധിയൻ തത്വം അക്ഷരാർത്ഥത്തിൽ നടപ്പാക്കിയ വ്യക്തിയാണ് പി.എൻ.പണിക്കർ.

മലീമസമായ പാതയിലൂടെ ചുങ്കം കൊടുത്ത് സഞ്ചരിക്കുന്നയാൾ അസഹ്യമായ ദുർഗ്ഗന്ധം മൂലം ഓരത്ത് തുപ്പാൻ നിർബ്ബന്ധിതനായാൽ നിയമ ലംഘനമാവുന്ന ഈ കഠിന കാലത്ത്, പാതയിൽ തുപ്പരു തെന്നും, പാതയോരത്ത് മലമൂത്ര വിസർജ്ജനം ചെയ്യരുതെന്നും പുസ്തകങ്ങൾ കക്ഷത്തിൽ വയ്ക്കരുതെന്നും താളുകൾ തുപ്പൽ തൊട്ട് മറിക്കരുതെന്നും ദശാബ്ദങ്ങൾക്കു മുമ്പേ ഉദ്ഘോഷിച്ച ആ വലിയ മനസിനുടമയായ ചെറിയ മനുഷ്യനെ പ്രാർത്ഥനയോടെ നമുക്കു സ്മരിക്കാം.

സ്വയംഭൂവെന്നോ മനുഷ്യനിർമ്മിതമെന്നോ ഇനിയും വേർതിരിച്ചറിയാനായിട്ടില്ലാത്തതും ഭൂലോകമാകെ പതിനായിരക്കണക്കിനു് ജീവനു മപഹരിച്ച് കാണാമറയത്ത് നിന്ന് ഒളിയാക്രമണം നടത്തുന്ന രോഗാണുവിൽ പകച്ച്,ജീവൻ്റെയും മരണത്തിൻ്റെയും നൂൽപ്പാലത്തിൽ പരിശോധനാഫലംക്ഷയാത്മകമോ വൃ ദ്ധ്യാത്മകമോ എന്നു ജിജ്ഞാസയോടും വേപഥുവാർന്നും വിഹ്വലരായും നിലക്കുന്ന ഈ ദുരന്തവേളയിൽ, ഉന്നതമായ സഹജാവബോധത്തിലൂന്നിയ സഹവർത്തിത്വം നമുക്കു പകർന്നു നൽകിയ നവകേരളശിൽപികളിൽ പ്രമുഖനായ ആ കർമ്മസൂര്യൻ്റെ സുദീപ്തമായ ഓർമ്മകൾക്കു മുന്നിൽ നമുക്ക് ബാഷ്പാഞ്ജലികൾ അർപ്പിക്കാം.

*മഹാമാരിയുടെ കെടുതിയിൽ നിന്നു സമൂഹത്തെ രക്ഷിക്കുവാൻ, ''ഇനി ഞാൻ ഉണർന്നിരിക്കാം നീയുറങ്ങുക "എന്ന കവി വാക്യം അന്വർത്ഥമാക്കുംമട്ടിൽ രാപ്പകൽ ഭേദമന്യേ സേവനനിരതരായ, സമസ്ത മേഖലയിലേയും കർമ്മഭടർക്കായി ഈ വായനാദിനം നമുക്കു സമർപ്പിക്കാം*

Advertisment